|    Apr 25 Wed, 2018 6:32 am
FLASH NEWS
Home   >  Editpage  >  Lead Article  >  

ഉഡായിപ്പോ, എന്നുവച്ചാലെന്താ?

Published : 30th April 2016 | Posted By: SMR

slug-vijuജനസമ്പര്‍ക്കത്തില്‍ ഡോക്ടറേറ്റുള്ള നമ്മുടെ മുഖ്യമന്ത്രിക്ക് ജനകീയ ഭാഷാപ്രയോഗങ്ങളില്‍ സാമാന്യം നല്ല പരിജ്ഞാനമുണ്ടാവേണ്ടതാണ്. ശ്രേഷ്ഠഭാഷാ തീവ്രവാദിയൊന്നുമല്ലാഞ്ഞിട്ടും പക്ഷേ, അദ്ദേഹത്തിന് കൊച്ചിക്കാരുടെ പ്രിയപ്പെട്ട വാക്ക് തീരെ പിടിയില്ലാപോലും- ഉഡായിപ്പ്. ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയത്തെ മൊത്തത്തില്‍ വിശേഷിപ്പിക്കാന്‍ ഇതിലും മറിച്ചൊരു പദമില്ലെന്ന് വിഎസ് കണ്ടെത്തിയപ്പോഴാണ് ജനസമ്പര്‍ക്കവിദഗ്ധന്‍ തന്റെ പരിജ്ഞാനക്കമ്മി വെളിപ്പെടുത്തിയത്. ചാണ്ടിയുടെ രാഷ്ട്രീയം ഉഡായിപ്പാണെന്ന് വിഎസ് പറഞ്ഞതില്‍ത്തന്നെയുണ്ട് വാക്കിന്റെ കര്‍മപരമായ പൊരുള്‍ എന്നതാണു ഫലിതം. ഇനി അതും പിടികിട്ടാത്തയാളാണ് മുഖ്യമന്ത്രിയെങ്കില്‍ പിന്നെ ഈശ്വരോ രക്ഷതു. എങ്കിലും മുഖ്യമന്ത്രിക്കു പൊരുള്‍ വ്യക്തമാവാന്‍ പറ്റിയ ഡിപിഇപി മുറകള്‍ നാട്ടിലെമ്പാടും തെളിഞ്ഞുകിടക്കുന്നുണ്ട്. വിശേഷിച്ചും തിരഞ്ഞെടുപ്പിന്റെ സവിശേഷ പശ്ചാത്തലത്തില്‍.
സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ തുടങ്ങുന്നു ഉഡായിപ്പിന്റെ ആവിഷ്‌കാര മഹാമഹം. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും ഇത്തവണ കോണ്‍ഗ്രസ് പട്ടികയില്‍ പ്രാമുഖ്യം നല്‍കുമെന്ന് തിരുവനന്തപുരത്ത് വന്ന് മുന്‍കൂര്‍ വിളംബരം ചെയ്തത് കേരളത്തിന്റെ യഥാര്‍ഥ ഹൈക്കമാന്‍ഡായ ആന്റണി. എന്നിട്ടോ? സ്ഥിരം കുറ്റികളൊക്കെ ഇരിപ്പിടം കാത്തു. ഡല്‍ഹിയില്‍ അട്ടിപ്പേറ്റുകിടന്ന ഷാനിമോള്‍ ഉസ്മാനും ബിന്ദുകൃഷ്ണയ്ക്കും പോലും സീറ്റൊത്തില്ല. ഒടുവില്‍ ഹൈക്കമാന്‍ഡ് നൂലില്‍ ഒറ്റപ്പാലത്തിറങ്ങി തൃപ്തിപ്പെടേണ്ടിവന്നു ഷാനിമോള്‍ക്ക്- ജയിക്കുമെന്ന് കോണ്‍ഗ്രസ്സുകാര്‍ തമാശയ്ക്കുപോലും പറയാത്ത മണ്ഡലത്തില്‍. ഏതാണ്ട് ഉറപ്പാക്കിവച്ചിരുന്ന അമ്പലപ്പുഴ മണ്ഡലം എ, ഐ ഗ്രൂപ്പുകള്‍ ഐക്യപ്പെട്ട് ഘടകകക്ഷിക്ക് തട്ടിക്കൊടുത്താണ് ഷാനിമോളെ വഴിയാധാരമാക്കിയതെന്നോര്‍ക്കണം. ഇതേ ഉഡായിപ്പിന്റെ പര്യായപദമാണ് കയ്പമംഗലത്ത് അരങ്ങേറിയത്. ആദര്‍ശ ഡീലര്‍ഷിപ്പിന്റെ കുത്തക കവരാനും അങ്ങനെ സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ ഒരുമുഴം നീട്ടി എറിയാനും സുധീരന്‍ സംഘം കളിച്ച കളിയാണല്ലോ ടി എന്‍ പ്രതാപന് ഏനക്കേടൊരുക്കിയത്. അപ്പോഴും കയ്പമംഗലത്തെ ലോക്കല്‍ യുവനേതാവിന് സീറ്റ് പോവുമെന്നു കരുതിയവര്‍ അടക്കം ഇളിഭ്യരായി. ചവറയ്ക്കു വടക്ക് കടുകുവറുക്കാന്‍പോലും ആളില്ലാത്ത ആര്‍എസ്പിക്ക് സീറ്റ് ദാനംചെയ്യുന്നു!
ഉഡായിപ്പിന്റെ മുടിയേറ്റാണ് ഡല്‍ഹിയില്‍ ഒരാഴ്ച കേരള ഗാന്ധികള്‍ അവതരിപ്പിച്ചത്. കളങ്കിതരായ ഖാദിരൂപങ്ങളെ വെട്ടാതെ താന്‍ വഴങ്ങുന്ന പ്രശ്‌നമില്ലെന്ന് കെപിസിസി മൂപ്പന്‍. എങ്കില്‍ താനും മല്‍സരിക്കുകയില്ലെന്ന് മുഖ്യന്റെ മറുഗോട്ട്. ഒടുവില്‍ കോംപ്രമൈസ് ഉഡായിപ്പ്- മുഖ്യന്റെ കൈയാളും മന്ത്രിസഭയില്‍ ഇല്ലാത്തയാളുമായ ബെന്നി ബഹനാനെ വെട്ടാം. ബാക്കി കളങ്കിതര്‍ക്ക് പച്ചക്കൊടി. ഇനിയാണ് ഉഡായിപ്പിന്മേല്‍ ഉഡായിപ്പ്. ടി പ്രഖ്യാപനം വരുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ബെന്നി ബഹനാന്റെ മുമ്പേര്‍വിളംബരം: താന്‍ മല്‍സരരംഗത്തുനിന്ന് സ്വയം പിന്മാറുന്നു. കാരണം, കെപിസിസി മൂപ്പന്റെ അനിഷ്ടം. കുഴപ്പങ്ങളുണ്ടാക്കാതിരിക്കാന്‍ അച്ചടക്കമുള്ള പാര്‍ട്ടിക്കാരന്‍ ചെയ്യേണ്ട ധര്‍മം ഇതാണത്രെ!
ഇത്ര ഉദാഹരണങ്ങള്‍കൊണ്ടും മുഖ്യന് പദാര്‍ഥം പിടികിട്ടുന്നില്ലെങ്കില്‍ ടിയാന്റെ പാര്‍ട്ടിമൂപ്പന്റെ തന്നെ ആദര്‍ശപൂരിതമായ ഉഡായിപ്പു പ്രകടനം കാണാം. സുധീരന്‍ ഒരു ചാനല്‍ ചര്‍ച്ചയില്‍ ഉവാച: ”അഴിമതിക്കേസുണ്ടായാലുടന്‍ മന്ത്രിമാര്‍ മാറിനില്‍ക്കേണ്ടതില്ല.” എങ്കില്‍പ്പിന്നെ ഡല്‍ഹിയിലെ പേശിപിടിത്തം എന്തിന്റെ പേരിലായിരുന്നു എന്ന ചോദ്യം വിഴുങ്ങിക്കൊണ്ട് അനന്തരകര്‍മത്തിലേക്കു നോക്കാം: കോന്നിയില്‍ അടൂര്‍ പ്രകാശിനു വേണ്ടി നേരിട്ട് വോട്ടിരന്നുകൊണ്ട് ഉഡായിപ്പിന് തലപ്പാവും കെട്ടി ആദര്‍ശധീരന്‍.
വെള്ളെഴുത്തിന്റെ അസ്‌ക്യതകൊണ്ട് തൊട്ടടുത്ത മാതൃകകള്‍ കണ്ണില്‍ പിടിക്കുന്നില്ലെങ്കില്‍ ലേശം ദൂരത്തേക്കാവാം നോട്ടം. അഴിമതിവിരുദ്ധ പോരാട്ടത്തില്‍ കീഴൂട്ട് ബാലന്‍ പിള്ളയെ വരെ അകമ്പടി ചേര്‍ത്താണു സഖാക്കള്‍ ഉഡായിപ്പിന് നാനാര്‍ഥം ചമയ്ക്കുന്നത്. തിരുസഭയുടെ സ്വന്തം സ്ഥാനാര്‍ഥികള്‍ അഞ്ച്. അതില്‍ നാലെണ്ണത്തിനെ ജനാധിപത്യ കേരളാ കോണ്‍ഗ്രസ് എന്ന ലേബലിലൊളിപ്പിക്കുന്നു. അഞ്ചാമത്തേതിന് ആറന്മുളയില്‍ സ്വന്തം അരിവാള്‍ ചുറ്റികയും പതിച്ചു. ദൈവം സഹായിച്ച് ഇതിനൊന്നും പ്രത്യയശാസ്ത്ര വ്യാഖ്യാനങ്ങള്‍ വിളമ്പിയിട്ടില്ല. എതിര്‍പ്പുമായി നിന്ന ലോക്കല്‍ സഖാക്കളെ ഭംഗിയായി വിരട്ടി നാവടപ്പിച്ചു. അക്കാര്യത്തില്‍ മാത്രം യാതൊരു ഉഡായിപ്പുമില്ല.
കക്ഷികള്‍ പ്രചാരണം തുടങ്ങിയതുതന്നെ ഒന്നാംകിട ഉഡായിപ്പോടെയാണ്- മദ്യനയം. ചാണ്ടി ചൊല്‍ക്കാഴ്ച തുടങ്ങി, സുധീരനും ചെന്നിത്തലയും ഏറ്റുചൊല്ലി. ഇടതുപക്ഷം വന്നാല്‍ ബാറുകാരുടെ കാര്യമെല്ലാം ശരിയാവും എന്ന മട്ടിലായിരുന്നു ഗാന്ധിയന്‍ വാണി. മദ്യനിരോധനം എന്ന ആഗോള ഉഡായിപ്പ് വച്ചുള്ള ഈ ഗീര്‍വാണക്കച്ചേരിക്ക് മാധ്യമങ്ങള്‍ ചിഞ്ചിലമടിച്ചു പ്രോല്‍സാഹിപ്പിക്കുകയും ചെയ്തു. ഒരുനിമിഷം… അല്ല, ഏത് ബാറാണ് ഇവിടെ വാസ്തവത്തില്‍ ഷട്ടറിട്ടതെന്ന ക്രൂരമായ ചോദ്യം വന്നത് ഒരൊറ്റ നാവില്‍നിന്ന്- കാനം രാജേന്ദ്രന്‍. എന്നാല്‍, തെല്ലും കേള്‍വിസുഖമില്ലാത്തതുകാരണം മാധ്യമങ്ങളടക്കം അതിനു കാതുകൊടുത്തില്ല. ഉഡായിപ്പുകാലേ വസ്തുതാന്വേഷണം സ്വാഹ.
സാക്ഷാല്‍ മാധ്യമങ്ങള്‍ വകയായിരുന്നു അടുത്ത ഇനം. ഉണ്ടിരിക്കുമ്പോള്‍ ഒരു കാല്‍ക്കുലേറ്റഡ് ഉള്‍വിളി. ചോദ്യരൂപേണ ഏമ്പക്കം പിണറായി വിജയനു നേരെ: ”വിഎസ് പാര്‍ട്ടിവിരുദ്ധനാവുന്നു എന്ന ആലപ്പുഴ പ്രമേയം നിലവില്‍ ജീവിച്ചിരിക്കുന്നുണ്ടോ?” വിജയന്‍ തല്‍ക്ഷണം കടുത്ത അച്ചടക്കമുള്ള സഖാവാകുന്നു. പാര്‍ട്ടി നേര് വെളിപ്പെടുത്തുന്നു: സംഗതി ജീവനോടെയുണ്ട്. ചരമമടയുന്ന പക്ഷം നാട്ടാരെ അറിയിക്കുന്ന പതിവാണു പാര്‍ട്ടിക്കുള്ളത്.
നേതാവ് കെണിയിലേക്ക് കാലുവച്ചതും ചോദ്യബാക്കി വരുകയായി: പാര്‍ട്ടിവിരുദ്ധനെ എങ്ങനെ സ്ഥാനാര്‍ഥിയാക്കും? സഖാവിനു മറുപടിക്കു ക്ഷാമമില്ല: വിഎസ് സ്വയം കയറി സ്ഥാനാര്‍ഥിയായതല്ല, പാര്‍ട്ടി നിശ്ചയിച്ചതാണ്.
വ്യക്തിക്കുമേല്‍ പ്രസ്ഥാനത്തിനുള്ള കടിഞ്ഞാണ്‍ പ്രകടിപ്പിക്കുകയാണ് താന്‍ ചെയ്തതെന്ന് വിജയന്‍ എഴുതിയിട്ടുണ്ടാവും. അതു ശരിയാണ്. എന്നാല്‍, പാര്‍ട്ടി ശരിയും വോട്ട് ശരിയും തമ്മില്‍ വൈരുധ്യം വരികില്‍ അതില്‍പ്പരമൊരു ഇലക്ഷന്‍കാല മണ്ടത്തരമില്ലെന്നത് ഒരു നാട്ടറിവാണ്; സൈദ്ധാന്തിക ധാരണയല്ല. ഈ വൈരുധ്യാത്മകതയില്‍ നേതാവിനെ ചാടിക്കുക വഴി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുക എന്ന ഉഡായിപ്പായിരുന്നു മാധ്യമങ്ങളുടേത്. ഫലം: പ്രകടനപത്രികയിലെ അജണ്ടകള്‍ സമര്‍ഥിച്ചും വികസിപ്പിച്ചും മാധ്യമദ്വാരാ മുന്നേറേണ്ട സന്ദര്‍ഭത്തില്‍ വിജയന്‍ മുഖംതിരിച്ചുനടക്കുന്നു. പത്രക്കാരെ നേരിടാന്‍ ഉഡായിപ്പില്‍ ചില്ലറ ശിക്ഷണം ചാണ്ടിയില്‍നിന്നു നേടിയാല്‍ ഉത്തമം.
ഈ തക്കത്തിനാണ് വിഎസ് ചരട് കൈക്കലാക്കുന്നത്. വാക്കുകള്‍ ഇലക്ഷന്‍ കാലത്ത് സൂക്ഷ്മതയോടെ വിന്യസിക്കണമെന്ന് വിജയനെ ഉപദേശിച്ചുകൊണ്ട് വിവേകമതിപ്പട്ടം കെട്ടിയ സഖാവിന് പക്ഷേ, നാഴികകള്‍ക്കകം ഉഡായിപ്പിന്റെ മാധ്യമഡോസ് ഏല്‍ക്കുന്നു. വിഎസിന് മുഖ്യമന്ത്രിയാവാന്‍ മോഹം എന്ന് പത്രവിളംബരം. സത്യത്തില്‍ ഇതും വിജയന്റെ കാര്യത്തിലെന്നപോലെ പത്രക്കാര്‍ വച്ച കെണിയുടെ ഫലമായിരുന്നു. വിഎസ് മുഖ്യനാവാന്‍ ധാരാളം പേര്‍ ആവശ്യപ്പെടുന്നുണ്ടല്ലോ എന്ന ഉപചോദ്യത്തിനുള്ള സ്വാഭാവിക പ്രതികരണം. ”അങ്ങനെ പലരും ആഗ്രഹിക്കുന്നുണ്ട്. തീരുമാനിക്കേണ്ടത് പാര്‍ട്ടിയും മുന്നണിയുമാണ്. എന്നില്‍നിന്ന് അങ്ങനെയൊരു ഉത്തരം പ്രതീക്ഷിക്കേണ്ട” എന്നായിരുന്നു യഥാര്‍ഥ മറുപടി. വിഎസിന് എതിരായ പ്രമേയം പിബി കമ്മീഷന്റെ പരിഗണനയിലാണ് എന്ന സാങ്കേതിക മറുപടി വിജയന്‍ നല്‍കിയിരുന്നെങ്കിലും ആത്യന്തിക ഫലത്തിന് മാറ്റമൊന്നുമുണ്ടാവില്ലായിരുന്നു. ഇവിടെ ”പാര്‍ട്ടി തീരുമാനിക്കും” എന്ന് വിഎസ് പറഞ്ഞിട്ടും ആത്യന്തിക ഫലത്തിന് വല്ല വ്യത്യസ്തതയുമുണ്ടായോ? ഇതാണ് ഉഡായിപ്പുകള്‍ക്കു മുമ്പില്‍ നേരിന്റെ പരിതാപകരമായ അവസ്ഥ.
പ്രചാരണം മൂര്‍ച്ഛിക്കുന്തോറും ഉഡായിപ്പിന്റെ രംഗമേളവും കൊഴുക്കുകയാണ്. അഴിമതിക്കെതിരായ പ്രചാരണത്തില്‍ വിഎസ് ഇറക്കിയ കേസുകണക്കില്‍ പിടിച്ചാണ് ചാണ്ടിപ്പടയുടെ പുതിയ ഭേരി. ചാണ്ടിക്കെതിരേ 31 കേസുണ്ടെന്ന് വിഎസും ഒന്നുപോലുമില്ലെന്നു ചാണ്ടിയും. നുണപ്രചാരണം നടത്തുന്നതിന് പ്രതിപക്ഷനേതാവിനെ കോടതികയറ്റുമെന്നാണ് മുഖ്യന്റെ വിരട്ട്. കൂടിപ്പോയാല്‍ ഒരു വക്കീല്‍നോട്ടീസയച്ച് നാട്ടാരുടെ കണ്ണില്‍ വോട്ടുകാല പൊടിയിടും എന്നതിനപ്പുറം ഒന്നുമുണ്ടാവില്ലെന്ന് എല്ലാവര്‍ക്കുമറിയാം. മുടിനാരിഴകീറി വ്യവഹാരത്തിനിറങ്ങുന്നപക്ഷം ചാണ്ടിയുടെ വണ്ടി റോങ് സൈഡിലാവുകയും ചെയ്യും. പാമൊലിന്‍ തൊട്ട് സോളാറും പാറ്റൂരും വരെ പ്രതിയാവാതെ കഷ്ടിച്ച് പരിരക്ഷിച്ചുനിര്‍ത്താന്‍ സ്വയം അനുഷ്ഠിച്ച അധികാര ദുര്‍വിനിയോഗം കോടതിമുറിയില്‍ അനാവരണം ചെയ്യപ്പെടും. ഓരോന്നിലും കേസെടുക്കാന്‍ കോടതി കല്‍പിച്ചെന്നുമിരിക്കും. അതാണ് ഉഡായിപ്പ്, ഉഡായിപ്പിന്റെ തലത്തിനപ്പുറം വസ്തുനിഷ്ഠ പരിശോധനയ്ക്കു വച്ചാലുള്ള ആപത്ത്. അതുകൊണ്ടാണ് കേസുകൊടുക്കൂ എന്ന് വിഎസ് കൂസലെന്യേ വെല്ലുവിളിക്കുന്നതും.
ഇത്രയുംകൊണ്ട് സംഗതി തിരിയുന്നില്ലെങ്കില്‍ ശബ്ദതാരാവലി നോക്കാം. മിരട്ട്, ഡാവ് എന്നിങ്ങനെ രണ്ടര്‍ഥങ്ങളാണ് ശ്രീകണ്‌ഠേശ്വരം നല്‍കുന്നത്. അപ്പോഴും ചാണ്ടി പറയാം മനസ്സിലായില്ലെന്ന്. അതാണ് ഉഡായിപ്പിന്റെ പതിവുശൈലി. ഉഡായിപ്പോ, എന്നുവച്ചാലെന്താ?

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss