|    Aug 19 Sat, 2017 5:19 am
FLASH NEWS

ഉടുമ്പിറങ്ങി മലയില്‍ സ്‌ഫോടകശേഖരം; പ്രദേശവാസികള്‍ ഭീതിയില്‍

Published : 17th July 2016 | Posted By: SMR

നാദാപുരം: ഖനനത്തിനെതിരേ മാവോവാദി ഭീഷണിയും യുവജന സംഘടനകളുമുള്‍പ്പെടെയുള്ളവരുടെ എതിര്‍പ്പും നിലനില്‍ക്കെ വാണിമേല്‍ ഗ്രാമപ്പഞ്ചായത്തിലെ ഉടുമ്പിറങ്ങി മലയില്‍ കഴിഞ്ഞദിവസം വന്‍ സ്‌ഫോടകവസ്തുശേഖരം കണ്ടെത്തിയത് മേഖലയില്‍ ആശങ്ക പരത്തുന്നു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വളയം പോലിസ് നടത്തിയ തിരച്ചിലിലാണ് ഉടമ്പിറങ്ങി ക്വാറിക്ക് മുകളില്‍ ഫോറസ്റ്റിനോടു ചേര്‍ന്ന തോടിന്റെ കരയില്‍ നിന്ന് 168 ഇലക്ട്രിക് ജലാറ്റിന്‍ സ്റ്റിക്കുകള്‍, ജലാറ്റിന്‍ സ്റ്റിക്കില്‍ ഉപയോഗിക്കുന്ന പേസ്റ്റുകള്‍, ഡിറ്റനേറ്ററുകള്‍ എന്നിവ ഹാര്‍ഡ്‌ബോര്‍ഡ് പെട്ടിയിലാക്കി പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഖനനത്തിന് മുക്കത്തെ സ്വകാര്യ കമ്പനിക്ക് ഹൈക്കോടതി അനുകൂലമായി വിധി പുറപ്പെടുവിച്ചിരുന്നു. ഹൈക്കോടതി വിധിയെ മറികടന്ന് എതിര്‍സത്യവാങ്മൂലം നല്‍കില്ലെന്ന് വാണിമേല്‍ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്തത് മറ്റു രാഷ്ട്രീയപ്പാര്‍ട്ടികളുടേയും ബഹുജനങ്ങളുടേയും ശക്തമായ എതിര്‍പ്പിന് കാരണമായിരുന്നു.
ഖനനാനുമതി നല്‍കരുതെന്ന സര്‍വകക്ഷിയോഗ തീരുമാനം പഞ്ചായത്ത് ഭരണസമിതിയെ പ്രധാനകക്ഷിയായ ലീഗ് അംഗങ്ങള്‍ അട്ടിമറിച്ചത് വന്‍വിവാദമായിരുന്നു. കഴിഞ്ഞ മാസം മാവോവാദി സാന്നിധ്യം കണ്ടെത്തിയ വിലങ്ങാട് മലയില്‍ തണ്ടര്‍ബോള്‍ട്ട് പരിശോധന നടത്തിയിരുന്നു. വിലങ്ങാട് കുറ്റല്ലൂര്‍ ആദിവാസി കോളനിയിലാണ് മൂന്നംഗ മാവോവാദി സംഘം എത്തിയത്. കോളനിയിലെത്തിയ മാവോവാദികള്‍ ഉടുമ്പിറങ്ങിമലയിലെ ഖനനത്തിനെതിരെ ശക്തമായി പ്രതികരിക്കണമെന്നാവശ്യപ്പെട്ട് വീടുകള്‍ കയറിയിറങ്ങി ലഘുലേഖകള്‍ വിതരണം ചെയ്തിരുന്നു. രണ്ടുവര്‍ഷം മുമ്പ് മാവോവാദി നേതാവ് രൂേപഷും സംഘവും വിലങ്ങാട് വനാതിര്‍ത്തിയില്‍ എത്തിയിരുന്നു. പ്രകൃതിയെ നശിപ്പിച്ച് ഖനനവുമായി മുന്നോട്ട് പോയാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന സന്ദേശം ഉള്‍ക്കൊള്ളുന്ന ലഘുലേഖകളും വിതരണം ചെയ്തിരുന്നു. ജയിലില്‍ കഴിയുന്ന രൂപേഷിനെ അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം വിലങ്ങാട് മലയില്‍ കൊണ്ടുവന്നിരുന്നു.പട്ടികജാതി-വര്‍ഗ ക്ഷേമകാര്യമന്ത്രി നാദാപുരത്തെത്തിയപ്പോള്‍ വിലങ്ങാട് കോളനിയിലെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും ഉടുമ്പിറങ്ങി മലയിലെ ഖനന നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ നിവേദനം നല്‍കിയിരുന്നു.
നിവേദനം കൈപ്പറ്റിയ മന്ത്രി ഖനനാനുമതി നല്‍കണമെന്ന ഹൈക്കോടതി വിധി പരിശോധിച്ച് തുടര്‍നടപടികളെടുക്കുമെന്ന് ഉറപ്പു നല്‍കിയിരുന്നു. ഖനനാനുമതിയുമായി ബന്ധപ്പെട്ട് വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയില്ലെങ്കില്‍ പ്രാദേശിക പിന്തുണ നഷ്ടപ്പെടുമോയെന്ന ആശങ്കയും മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക