|    Nov 19 Mon, 2018 6:49 pm
FLASH NEWS

ഉടുമ്പന്‍ചോലയിലെ റേഷന്‍ വിതരണത്തില്‍ വ്യാപക ക്രമക്കേട്

Published : 29th September 2017 | Posted By: fsq

 

നെടുങ്കണ്ടം: ഉടുമ്പന്‍ചോല താലൂക്ക് സപ്ലൈ ഓഫിസിനു കീഴിലുള്ള റേഷന്‍ വിതരണത്തില്‍ വ്യാപക ക്രമക്കേടെന്ന് ആക്ഷേപം. വാതില്‍പ്പടി സംവിധാനം വിനയായെങ്കിലും ഉദ്യോഗസ്ഥരെ പേടിച്ചു പരാതിപ്പെടാനാവാത്ത സ്ഥിതിയിലാണു റേഷന്‍കട ഉടമകള്‍. ഓരോ റേഷന്‍ കടകള്‍ക്കും സാധനങ്ങള്‍ അനുവദിക്കുന്ന സപ്ലൈ ഓഫിസ് മുതല്‍ വിതരണക്കാരനും കഴിഞ്ഞ് സാദാ തൊഴിലാളികളില്‍ വരെ എത്തി നില്‍ക്കുന്ന അനധികൃത ഇടപെടലുകളുടെ തെളിവുകളാണ് പുറത്തുവരുന്നത്. ഓരോ റേഷന്‍ കടകള്‍ക്കും കാര്‍ഡിന്റെ യൂനിറ്റ് അനുസരിച്ച് ഡിപ്പോയിലേക്ക് ചാര്‍ട്ട് നല്‍കും. ഡിപ്പോയില്‍ നിന്നാണ് സാധനങ്ങള്‍ കടകളിലെത്തുക. ഡിപ്പോയും സപ്ലൈ ഓഫിസും തമ്മിലുള്ള ഒത്തുകളി മനസിലാവുന്നത് തൂക്കത്തിലുള്ള കുറവിനെക്കുറിച്ചു പഠിക്കുമ്പോഴാണെന്ന് റേഷന്‍ ഷോപ്പുടമകള്‍ പറയുന്നു. ഡിപ്പോയില്‍ നിന്ന് ചാക്കുകളിലാണ് റേഷന്‍ കടകളിലേക്ക് സാധനങ്ങള്‍ എത്തിക്കുന്നത്. ഒരു ചാക്കില്‍ 50 കിലോ എന്ന കണക്കില്‍ റേഷന്‍ ഷോപ്പുകള്‍ക്ക് ചാക്കില്‍ സാധനം എത്തിക്കും. ചാക്ക് പൊട്ടിച്ച് കാര്‍ഡ് ഉടമകള്‍ക്കു നല്‍കുമ്പോള്‍ ഓരോ ചാക്കിലും നാലുമുതല്‍ ഏഴുകിലോ വരെ കുറവുണ്ടാകും. ഇത്തരത്തില്‍ ഒരു റേഷന്‍ കടയ്ക്ക് 1000 കിലോ സാധനം എത്തിക്കുമ്പോള്‍ 950 കിലോയെങ്കിലും കിട്ടിയാല്‍ ഭാഗ്യം. ഇതിന്റെ തൂക്കമൊപ്പിക്കാന്‍ ഡിപ്പോയില്‍ നിന്ന് ചെയ്യുന്ന മറ്റൊരു പണി വാരിനിറച്ച ചാക്ക് കയറ്റിവിടുക എന്നതാണ്. ഡിപ്പോയില്‍ സാധനങ്ങള്‍ കയറ്റുകയും ഇറക്കുകയും ചെയ്യുമ്പോള്‍ നിലത്തുവീഴുന്ന സാധനങ്ങള്‍ വാരി ചാക്കിലാക്കി റേഷന്‍ കടകള്‍ക്ക് ഇറക്കും. ഇത് വേണമെങ്കില്‍ കാര്‍ഡ് ഉടമകള്‍ വാങ്ങിക്കൊണ്ടുപോയി കഴിച്ചോണം. ഇത് ഡിപ്പോയിലെ ജോലിക്കാര്‍ ചെയ്യുന്നത് ആര്‍ക്കുവേണ്ടിയാണെന്ന ചോദ്യത്തിന് ആര്‍ക്കും കൃത്യമായ മറുപടിയുമില്ല.  റേഷന്‍കട ഉടമകള്‍ക്ക് എത്തിക്കുന്ന ചാക്കുകളില്‍ തൂക്കം കുറവാണെന്ന പരാതി നേരത്തെ ഉണ്ടായപ്പോള്‍ പരിഹരിച്ചെന്നാണ് താലൂക്ക് സപ്ലൈ ഓഫിസര്‍ ഏലിയാമ്മയുടെ വിശദീകരണം. ഡിപ്പോയിലെ കണക്കുകള്‍ കൃത്യമാണ് എന്നതിനാല്‍ മറ്റ് കുഴപ്പങ്ങളൊന്നുമില്ല. അതേസമയം, കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കേണ്ട അര്‍ഹമായ തൂക്കത്തിലുള്ള സാധനങ്ങള്‍ ആരൊക്കെ എവിടേക്കാണ് മറിക്കുന്നത് എന്ന് കണ്ടുപിടിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്ത് എത്തിയിട്ടുണ്ട്. അരിയും പഞ്ചസാരയും അടക്കം ആയിരക്കണക്കിന് കിലോ സാധനങ്ങളാണ് അര്‍ഹതപ്പെട്ടവരുടെ കൈയിലെത്താതെ അപ്രത്യക്ഷമാവുന്നത്. അളവിലോ തൂക്കത്തിലോ കുറവ് സംഭവിച്ചാല്‍ രേഖാമൂലം റേഷന്‍ കട ഉടമകള്‍ പരാതി നല്‍കില്ല. അങ്ങിനെയുണ്ടായാല്‍ പരാതി നല്‍കിയ ആളുടെ ഷോപ്പില്‍ നിന്ന് ഉദ്യോഗസ്ഥര്‍ പിന്നെ ഇറങ്ങുകയുമില്ല. പരിശോധനയും നിര്‍ദേശങ്ങളുമൊക്കെയായി കൂടെക്കൂടും. കടയുടമയുടെ പരാതി പിന്‍വലിപ്പിച്ചേ അടങ്ങൂ. ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുമ്പോള്‍ 350 കാര്‍ഡുകള്‍ക്കു മുകളിലുള്ള റേഷന്‍കട ഉടമകള്‍ക്ക് 14000 രൂപ ശമ്പളം നല്‍കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍, ഇപ്പോഴും കമ്മീഷന്‍ മാത്രമാണ് റേഷന്‍ ഷോപ്പ് ഉടമകള്‍ക്കു ലഭിക്കുന്നത്. കംപ്യൂട്ടര്‍ ത്രാസ് റേഷന്‍ കടകളില്‍ അടിച്ചേല്‍പ്പിച്ചെങ്കിലും ഡിപ്പോകളില്‍ പെട്ടിത്രാസില്‍ തന്നെയാണ് ഇപ്പോഴും സാധനങ്ങള്‍ തൂക്കുന്നത്. അളവില്‍ കൃത്രിമം കാണിക്കാനാണെന്നു പറയുന്നു. പഞ്ചസാരയുടെ ഇന്‍ഡന്റ് എഴുതുന്നതിന് പത്തുവര്‍ഷം മുമ്പ് 20 രൂപ വച്ച് വാങ്ങിയിരുന്ന ഉദ്യോഗസ്ഥരാണ് പ്രമോഷനായി തലപ്പത്ത് എത്തിയിരിക്കുന്നതെന്നു പറയുമ്പോള്‍ തന്നെ അധികൃതരുടെ അഴിമതി ഊഹിച്ചാല്‍ മതിയെന്നാണ് ജനങ്ങളുടെ അഭിപ്രായം. ഇത് ഒരു താലൂക്ക് സപ്ലൈ ഓഫിസിന്റെ കാര്യം മാത്രമാണ്. ജില്ലയിലെ മറ്റ് താലൂക്ക് സപ്ലൈ ഓഫിസുകളുടെ അവസ്ഥ ഇതിലും മോശമാണ്. ഈ വിവരങ്ങള്‍ വരുംദിവസങ്ങളില്‍ തെളിവുകള്‍ അടക്കം പുറത്തുവരും. ക്വട്ടേഷന്‍ ക്ഷണിച്ച് വിതരണക്കാരെ ഏല്‍പ്പിക്കുന്നതിലും മറിമായങ്ങളാണു നടക്കുന്നത്. ഏറ്റവും മുകള്‍ തട്ടില്‍ നിന്നു തുടങ്ങുന്ന അഴിമതി സപ്ലൈ ഓഫിസും ഡിപ്പോ വിതരണവും കഴിഞ്ഞ് റേഷന്‍ കടകളില്‍ എത്തുമ്പോള്‍ ഉപഭോക്താക്കള്‍ക്കു കിട്ടുന്ന സഹായം വളരെ കുറച്ചുമാത്രമാണ്. ഒരാഴ്ചയ്ക്കുള്ളില്‍ ഒക്ടോബറിലെ റേഷന്‍ സാധനങ്ങളുടെ വിതരണം ആരംഭിക്കുമെന്നും പരാതികളുണ്ടെങ്കില്‍ പരിഹരിക്കുമെന്നുമാണ് അധികൃതരുടെ വിശദീകരണം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss