|    Mar 22 Thu, 2018 11:49 am

ഉടുമ്പന്നൂര്‍ അമയപ്രയില്‍ യുവാവിന്റെ കൊലപാതകം മുന്‍വൈരാഗ്യം മൂലം പ്രതി ആസൂത്രണം ചെയ്തതെന്ന്

Published : 13th August 2017 | Posted By: fsq

 

തൊടുപുഴ: ഉടുമ്പന്നൂരിലെ അമയപ്രയില്‍ യുവാവിനെ വീടിനകത്ത് കുത്തേറ്റ്മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വ്യക്തമായ ആസൂത്രണമെന്ന് പോലിസിനു സൂചന. മുന്‍ വൈരാഗ്യത്തിന്റെ അടിസ്ഥാനത്തില്‍ കരുതിക്കൂട്ടി കൊല ചെയ്യുകയായിരുന്നെന്ന നിഗമനത്തിലാണ് പോലിസ്. യാതൊരു തെളിവും അവശേഷിപ്പിക്കാതെയാണ് കൊലയാളി കൃത്യം നിര്‍വഹിച്ചിരിക്കുന്നത്. തൊടുപുഴയ്ക്കു സമീപം ഉടുമ്പന്നൂര്‍ അമയപ്ര വള്ളിയാടിയില്‍ വാടകയ്ക്ക് താമസിച്ചുവന്ന തുരുത്തേല്‍ വിഷ്ണു (25)വിനെയാണ് കഴിഞ്ഞ ദിവസം ദുരൂഹസാചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പോലിസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ നെഞ്ചിന് താഴെ ഏറ്റിട്ടുള്ള ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് സ്ഥിരീകരണം. എന്നാല്‍ വിഷ്ണുവിനെ കുത്താനുപയോഗിച്ച ആയുധം കണ്ടെത്താനകാത്തതിനാല്‍ അന്വേഷണം വഴിമുട്ടിയിരിക്കുകയാണ്. വ്യാഴാഴ്ച്ച രാത്രിയിലാണ് കൊലപാതകം നടന്നിരിക്കുന്നതെന്ന നിഗമനത്തില്‍ തന്നെയാണ് പോലിസ് എത്തിയിരിക്കുന്നത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് അയച്ചുവെങ്കിലും ഇതിന്റെ റിപ്പോര്‍ട്ട് തിങ്കളാഴ്ചയോടെ ലഭ്യമാകൂ. സുഹൃത്തുക്കളോടൊപ്പം വീട്ടിലിരുന്ന്  മദ്യപിച്ചതായും ഈ സമയം സുഹൃത്തുക്കളുമായി ഏതെങ്കിലും തരത്തിലുള്ള വാക്ക്തര്‍ക്കം ഉണ്ടായതാകാം കൊലപാതകത്തില്‍ കലാശിച്ചതെന്ന സംശയവും പോലിസ് തള്ളിക്കളഞ്ഞിട്ടില്ല. എന്നാല്‍ ഇതിനെ സാധൂകരിക്കുന്ന തെളിവുകളൊന്നും അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ല. സ്ഥിരമായി വാതില്‍ അടക്കാതെ കിടന്നുറങ്ങുന്ന പ്രകൃതക്കാരനാണ് കൊല്ലപ്പെട്ട വിഷ്ണു. പല ദിവസങ്ങളിലും ഭാര്യ മീനുവും മക്കളായ നിഖിത, നിമിഷ, ജിഷ്ണു എന്നിവരും മീനുവിന്റെ വീട്ടിലാണ് രാത്രി ഉറങ്ങുന്നത്. ഈ സമയങ്ങളില്‍ സുഹൃത്തുക്കളുമൊത്ത് വീട്ടിലിരുന്ന് മദ്യപാനവും മറ്റും നടത്തുക പതിവായിരുന്നെന്ന് പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്. പതിവ് പോലെ മദ്യപിച്ച് ഉറക്കത്തിലായിരുന്ന വിഷ്ണുവിനെ കൊലയാളി മൂര്‍ച്ചയേറിയ കത്തിയുപയോഗിച്ച് കുത്തുകയായിരുന്നു. കട്ടിലില്‍ കിടന്ന വിഷ്ണുവിന്റെ നെഞ്ചിനേറ്റ കുത്ത് ശരീരം തുളച്ച് മറുപുറം കടന്ന് കട്ടിലിന്റെ പ്ലൈവുഡിനും ദ്വാരം വീണിരുന്നു. ഒരു പ്രാവശ്യം മാത്രമേ കുത്തിയിട്ടുള്ളൂവെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ കോട്ടയം മെഡിക്കല്‍ കോളേജിലെ പോലിസ് സര്‍ജന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് സൂചിപ്പിച്ചു. കുത്തിയശേഷം കത്തി വലിച്ചൂരിയാണ് കൊലയാളി സ്ഥലത്ത് നിന്നും കടന്നത്. വീട്ടിലെ മറ്റൊരു സ്ഥലത്തും സ്പര്‍ശിക്കാത്തതിനാ ല്‍ വിരലടയാള വിദഗ്ദര്‍ക്ക് യാതൊരു തെളിവും ശേഖരിക്കാനായിരുന്നില്ല. ഡോഗ് സ്‌ക്വാഡ് പരിശോധനക്കെത്തിയിരുന്നെങ്കിലും മഴ കാരണം നായക്ക് മണം പിടിക്കാന്‍ സാധിച്ചിരുന്നില്ല. സംഭവസ്ഥലത്ത് വിരലടയാള വിദഗ്ദരും പരിശോധന നടത്തിയെങ്കിലും ശാസ്ത്രീയമായ തെളിവുകള്‍ ലഭിച്ചതായി അന്വേഷണ സംഘം വെളിപ്പെടുത്തിയിട്ടില്ല. മുന്‍പ് നാട്ടിലുള്ള ചിലരുമായി പല സ്ഥലങ്ങളില്‍ വെച്ച് വാഗ്വാദത്തില്‍ ഏര്‍പ്പെട്ടിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലും അന്വേഷണം നടക്കുന്നുണ്ട്. ലഹരിസംഘവുമായി വിഷ്ണുവിന് ഉണ്ടായിരുന്ന ബന്ധവും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. എട്ട് മാസങ്ങള്‍ക്ക് മുമ്പ് വിഷ്ണുവിന്റെ ബൈക്ക് കോട്ടക്കവലയില്‍ വച്ച് ഒരു സംഘം കത്തിച്ചിരുന്നു. കൊലപാതകവും ഈ സംഭവവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്. കേസന്വേഷണ ചുമതലയുള്ള തൊടുപുഴ ഡിവൈഎസ്പി എന്‍ എന്‍ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ സമീപവാസികളെയും വിഷ്ണുവിന്റെ സുഹൃത്തുക്കളെയും വിശദമായി ചോദ്യം  ചെയ്തിരുന്നു. എന്നാല്‍ അന്വേഷണത്തെ സഹായിക്കുന്ന തരത്തിലുള്ള സൂചനകളൊന്നും  ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്.   ഇതോടെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ വിഷ്ണുവിന്റെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. അതേസമയം പൊലീസ് ആദ്യം കസ്റ്റഡിയിലെടുത്ത വിഷ്ണുവിന്റെ രണ്ട് സുഹൃത്തുക്കളെ വിട്ടയച്ചിട്ടില്ല. തെളിവുകള്‍ നശിപ്പിച്ചുള്ള ആസൂത്രിതമായ കൊലപാതകമാണ് നടന്നതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വിഷ്ണുവിന്റെ മൃതദേഹം ഇന്നലെ തൊടുപുഴ ശാന്തിതീരം പൊതുശ്മശാനത്തില്‍ സംസ്‌ക്കരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss