|    Jan 24 Tue, 2017 4:49 pm
FLASH NEWS

ഉടുംബിറങ്ങി മല ഖനനത്തിന് അനുമതി നല്‍കും

Published : 2nd July 2016 | Posted By: SMR

വാണിമേല്‍: വിലങ്ങാട് ഉടുംബിറങ്ങി മലയില്‍ കരിങ്കല്ല് ഖനനത്തിന് ഇന്നു ചേരുന്ന പഞ്ചായത്ത് ഭരണസമിതി അനുമതി നല്‍കും. ഹൈക്കോടതി ഉത്തരവിന്റെ പേരുപറഞ്ഞാണ് സര്‍വ്വകക്ഷി തീരുമാനത്തിന് വിരുദ്ധമായി അനുമതി നല്‍കുന്നത്. ഇതോടെ വിലങ്ങാട് മലയില്‍ വ്യാപകമായ തോതിലുള്ള ഖനനം ആരംഭിക്കും.
കഴിഞ്ഞ ഭരണസമിതിയുടെ അവസാന കാലത്ത് ഖനനത്തിനുള്ള ഡിആന്റ്ഒ ലൈസന്‍സ് നല്‍കിയിരുന്നു. പിന്നീട്, ജനവികാരത്തെ തുടര്‍ന്ന് ലൈസന്‍സ് പുതുക്കിയിരുന്നില്ല. അതേത്തുടര്‍ന്ന് ക്വാറിയുടമ ഹൈക്കോടതിയെ സമീപിച്ചു. പഞ്ചായത്ത് ഭരണസമിതി ഖനനത്തിന് അനുകൂലമായതിനാല്‍ ലൈസന്‍സ് പുതുക്കി നല്‍കാന്‍ കോടതി ഉത്തരവിട്ടു.
എന്നാല്‍, കഴിഞ്ഞ മാസം നടന്ന ബോര്‍ഡ് മീറ്റിംഗില്‍ വിഷയം ചര്‍ച്ചക്കു വന്നെങ്കിലും ലൈസന്‍സ് നല്‍കുന്നത് ക്രമസമാധാനം തകര്‍ക്കുമെന്ന പോലീസ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് വിഷയം മാറ്റി വെക്കുകയായിരുന്നു. ഖനനം അനുവദിക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം ചേര്‍ന്ന സര്‍വ്വകക്ഷിയോഗം തീരുമാനമെടുത്തിരുന്നു. ലൈസന്‍സ് നല്‍കാനുള്ള കോടതി ഉത്തരവിനെതിരായി അപ്പീല്‍ നല്‍കാന്‍ ഭരണസമിതിയോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, സര്‍വ്വകക്ഷി തീരുമാനം ഇന്ന് നടക്കുന്ന ഭരണസമിതി അജണ്ഡയില്‍ പോലും ഉള്‍പ്പെടുത്തിയിട്ടില്ല.
കോടതി ഉത്തരവ് നടപ്പിലാക്കിയില്ലെങ്കില്‍ പഞ്ചായത്തിനെതിരെ കോടതിയലക്ഷ്യത്തിന് നടപടികള്‍ ഉണ്ടാകും എന്ന് കാണിച്ച് ലൈസന്‍സ് നല്‍കാനാണ് നീക്കം.
അതേസമയം, സര്‍വ്വകക്ഷിയുടെ ആവശ്യം ഇന്ന് നടക്കുന്ന ബോര്‍ഡ് യോഗത്തില്‍ അവതരിപ്പിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രസിഡന്റ് ഒ സി ജയന്‍ പറഞ്ഞു. സര്‍വ്വകക്ഷിയോഗത്തില്‍ പഞ്ചായത്ത് ഭരിക്കുന്ന മുസ്‌ലീം ലീഗ് അംഗങ്ങള്‍ പങ്കെടുത്തിരുന്നില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 43 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക