|    Jan 23 Mon, 2017 10:06 am
FLASH NEWS

ഉടമ ഉപഭോക്താവാണെന്ന് സുപ്രിംകോടതി; സമയത്തിന് പൂര്‍ത്തിയായില്ലെങ്കില്‍ കെട്ടിട ഉടമയ്ക്ക് നഷ്ടപരിഹാരം നല്‍കണം

Published : 25th July 2016 | Posted By: SMR

ന്യൂഡല്‍ഹി: നിശ്ചിതദിവസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാമെന്ന വാഗ്ദാനം കരാറുകാരന്‍ പാലിച്ചില്ലെങ്കില്‍ കെട്ടിട ഉടമ നഷ്ടപരിഹാരത്തിന് അര്‍ഹനാണെന്ന് സുപ്രിംകോടതി. കരാറുകാരനുമായി ധാരണാപത്രത്തില്‍ ഒപ്പിടുന്ന കെട്ടിടനിര്‍മാതാവ് ഒരു ഉപഭോക്താവാണ്. നിശ്ചിത ദിവസത്തിനുള്ളില്‍ കരാറുകാരനു നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഉപഭോക്താവിന് ഉപഭോക്തൃ സംരക്ഷണനിയമപ്രകാരം നഷ്ടപരിഹാരം ആവശ്യപ്പെടാമെന്നും ജസ്റ്റിസുമാരായ ദീപക് മിശ്രയും എന്‍ വി രമണയും അടങ്ങുന്ന രണ്ടംഗ സുപ്രിംകോടതി ബെഞ്ച് വ്യക്തമാക്കി.
ഹൈദരാബാദ് സ്വദേശിയായ ബങ്ക ഡാനിയല്‍ ബാബു എന്ന കെട്ടിട ഉടമസ്ഥന്‍ സമര്‍പ്പിച്ച ഹരജിയിലാണു വിധി. 2004ല്‍ നിര്‍മാണ കമ്പനിയുമായി ഡാനിയല്‍ ബാബു കരാര്‍ ഒപ്പിട്ടു. ലിഫ്റ്റും വാഹനങ്ങള്‍ നിര്‍ത്തിയിടാനുള്ള സ്ഥലവും ഉള്‍പ്പെടുന്ന അഞ്ചുനില കെട്ടിടം നിര്‍മിക്കാനായിരുന്നു കരാര്‍. മുനിസിപ്പാലിറ്റി അധികൃതരുടെ അനുമതി കിട്ടിയതുമുതല്‍ 19 മാസത്തിനുള്ളില്‍ കെട്ടിടനിര്‍മാണം പൂര്‍ത്തിയാക്കാമെന്നായിരുന്നു വ്യവസ്ഥ. സമയത്തിനുള്ളില്‍ പണി പൂര്‍ത്തിയായില്ലെങ്കില്‍ ഓരോ അപ്പാര്‍ട്ടുമെന്റിനും 2000 രൂപ വീതം മാസാമാസം അടയ്ക്കണമെന്നും വ്യവസ്ഥയിലുണ്ടായിരുന്നു. എന്നാല്‍, മൂന്നുവര്‍ഷമായിട്ടും നിര്‍മാതാവിനു കെട്ടിടംപണി പൂര്‍ത്തിയാക്കാനായില്ല. മാത്രമല്ല, കരാറില്‍ പറഞ്ഞതുപ്രകാരമുള്ള നഷ്ടപരിഹാരത്തുക കരാറുകാരന്‍ നല്‍കിയതുമില്ല.
ഇതേത്തുടര്‍ന്ന് കെട്ടിട ഉടമസ്ഥന്‍ കരാറുകാരനെതിരേ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം ജില്ലാ കോടതിയെ സമീപിച്ചു. ജില്ലാ കോടതി ഹരജിക്കാരന്റെ ആവശ്യം പരിഗണിച്ചെങ്കിലും സംസ്ഥാന, ദേശീയ ഉപഭോക്തൃ സമിതികള്‍ കെട്ടിട ഉടമസ്ഥന്‍ ഉപഭോക്താവ് അല്ലെന്നും ഫഌറ്റുകള്‍ വില്‍പന നടത്തലാണ് അദ്ദേഹത്തിന്റെ ഉദ്ദേശ്യമെന്നും വ്യക്തമാക്കി തള്ളി. ഇതേത്തുടര്‍ന്നാണ് ഡാനിയല്‍ ബാബു സുപ്രിംകോടതിയെ സമീപിച്ചത്.
കേസില്‍ നഷ്ടപരിഹാരം എത്രയെന്നതടക്കമുള്ള തീരുമാനങ്ങള്‍ സംസ്ഥാന ഉപഭോക്തൃ കമ്മീഷനു തീരുമാനിക്കാമെന്ന് സുപ്രിംകോടതി പറഞ്ഞു. കരാറുകാരനുമായി കെട്ടിട ഉടമസ്ഥന്‍ കരാറൊപ്പിടുന്നതോടെ നിര്‍മാണവുമായി ബന്ധപ്പെട്ട കാര്യത്തില്‍ പിന്നീട് ഉടമസ്ഥനു യാതൊരു പങ്കുമില്ല. അതിനാല്‍ നിര്‍മാണം വൈകുന്നതുമൂലമുള്ള നഷ്ടങ്ങള്‍ സംഭവിച്ചതിന് ഉത്തരവാദി കരാറുകാരനാണെന്നും വ്യക്തമാക്കിയ സുപ്രിംകോടതി, കേസ് സംസ്ഥാന കമ്മീഷന്‍ വീണ്ടും പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 43 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക