|    Jan 18 Wed, 2017 3:12 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ഉച്ച വിശ്രമ നിയമം ലംഘിച്ച 60 സൈറ്റുകള്‍ അടപ്പിച്ചു

Published : 5th August 2016 | Posted By: SMR

ദോഹ: വേനലില്‍ ഉച്ച സമയത്ത് പുറത്ത് പണിയെടുപ്പിക്കരുതെന്ന നിയമം ലംഘിച്ച 60 വര്‍ക്ക് സൈറ്റുകള്‍ കഴിഞ്ഞ മാസം അധികൃതര്‍ താല്‍ക്കാലികമായി അടപ്പിച്ചു. ഭരണ വികസന-തൊഴില്‍-സാമൂഹിക ക്ഷേമ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കമ്പനികള്‍ നിയമം പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്താന്‍ എല്ലാ വര്‍ക്ക് സൈറ്റുകളിലും പരിശോധന ശക്തമാക്കിയതായി മന്ത്രാലയത്തിലെ ഇന്‍സ്‌പെക്ഷന്‍ ഡിപാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ മുഹമ്മദ് അല്‍മീര്‍ പറഞ്ഞു.
2007ലെ 16ാം നമ്പര്‍ നിമയപ്രകാരമാണ് ജോലി സ്ഥലത്ത് വേനല്‍ക്കാല ഉച്ചവിശ്രമം നിര്‍ബന്ധമാക്കിയത്. നിയമം ലംഘിക്കുന്ന സൈറ്റുകള്‍ ഒരു മാസം വരെ അടപ്പിക്കും. ഈ രീതിയില്‍ കഴിഞ്ഞ മാസം 60 സൈറ്റുകള്‍ അടപ്പിച്ചതായി അദ്ദേഹം വ്യക്തമാക്കി.
തൊഴിലാളികളെ കടുത്ത ചൂടില്‍ നിന്ന് സംരക്ഷിക്കുന്നതിന് വേണ്ടി വേനല്‍ കടുക്കുന്ന ജൂണ്‍ 15 മൂതല്‍ ആഗസ്ത് 31 വരെയുള്ള സമയമാണ് ഓരോ വര്‍ഷവും 11.30 മുതല്‍ 3 മണി വരെ വിശ്രമം അനുവദിക്കുന്നത്. രാവിലെ പരമാവധി അഞ്ച് മണിക്കൂറിലധികം പണിയെടുപ്പിക്കരുതെന്നും നിയമത്തില്‍ പറയുന്നു. കൊടും ചൂടിനെ തുടര്‍ന്ന് രാജ്യത്തിന്റെ പല ഭാഗത്തും സൂര്യാഘാതം റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.
ജോലിക്കാര്‍ക്ക് സൂര്യാഘാതമേല്‍ക്കുന്ന സംഭവത്തില്‍ കമ്പനികളായിരിക്കും ഉത്തരവാദികളെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ഈയിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ ഇതുമായി ബന്ധപ്പെട്ടെത്തുന്ന കേസുകള്‍ പരിശോധിച്ച് കമ്പനികളുടെ ഭാഗത്ത് നിന്ന് വീഴ്ച്ച വന്നിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കും.
50 വനിതകള്‍ ഉള്‍പ്പെടെ കൂടുതല്‍ ഇന്‍സ്‌പെക്ടര്‍മാരെ തൊഴില്‍ കേന്ദ്രങ്ങളില്‍ പരിശോധന നടത്താനായി നിയോഗിച്ചിട്ടുണ്ട്. പുതിയ പരിശോധകര്‍ ഉള്‍പ്പെടെ 380ഓളം  പേരാണ് ഇപ്പോള്‍ രംഗത്തുള്ളത്. പ്രാദേശിക, അന്താരാഷ്ട്ര വിദഗ്ധരുടെ പരിശീലനം ലഭിച്ചവരാണ് ഇന്‍സ്‌പെക്ടര്‍മാര്‍.
ഓരോ മാസവും 4,500 മുതല്‍ 5000 വരെ പരിശോധനകള്‍ മന്ത്രാലയം നടത്തുന്നുണ്ട്. വനിതകള്‍ ജോലി ചെയ്യുന്ന കേന്ദ്രങ്ങളിലാണ് വനിതാ ഉദ്യോഗസ്ഥരെ നിയമിക്കുന്നത്. വേനല്‍ക്കാല ജോലി സമയ നിയമം ലംഘിക്കുന്ന കമ്പനികളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ലൈസന്‍സ് റദ്ദാക്കുന്നതു മൂതല്‍ കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെത്തുന്നതുവരെയുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിക്കും.
ഉച്ച വിശ്രമ നിയമ ലംഘനത്തിന് പുറമേ കമ്പനികള്‍ ലൈസന്‍സില്ലാതെ ജോലി ചെയ്യിപ്പിക്കുന്നവരെ പിടികൂടുന്ന നടപടിയും പരിശോധനയില്‍ സ്വീകരിക്കുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 75 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക