|    Sep 20 Thu, 2018 12:18 pm
FLASH NEWS
Home   >  Editpage  >  Editorial  >  

ഉച്ചകോടി ആഗോള താപനം കുറയ്ക്കുമോ ?

Published : 3rd December 2015 | Posted By: SMR

ആഗോള താപനം സംബന്ധിച്ച പാരിസ് ഉച്ചകോടിയില്‍ 195 രാജ്യങ്ങളില്‍നിന്നുള്ള വിദഗ്ധന്‍മാര്‍ കൂടിയാലോചനകളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. 1992ല്‍ റിയോ ഡി ജനയ്‌റോയില്‍ യുഎന്‍ നേതൃത്വത്തില്‍ ചേര്‍ന്ന ആഗോള പരിസ്ഥിതി സമ്മേളനത്തിനുശേഷം പല ഉച്ചകോടികളും സമ്മേളനങ്ങളും നടന്നെങ്കിലും ആഗോള താപനം കുറയ്ക്കുന്ന കാര്യത്തില്‍ വലിയ പുരോഗതിയൊന്നുമുണ്ടായിട്ടില്ല. വ്യാവസായിക വികസനം വ്യാപകമായതോടെ ഭൂമിക്ക് ചൂടുപിടിക്കുന്നു എന്ന ആശയത്തിനു തന്നെ സ്വീകാര്യത ലഭിച്ചത് സമീപകാലത്താണ്. കാലാവസ്ഥയില്‍ പലയിടത്തും മാറ്റങ്ങളുണ്ടായതുമൂലം ഭരണാധികാരികള്‍ക്കു തന്നെ പ്രശ്‌നം കൈകാര്യം ചെയ്യേണ്ടിവന്നു. ഏറ്റവുമവസാനം 2013ല്‍ വാഴ്‌സയില്‍ ചേര്‍ന്ന ഉച്ചകോടി വിഷയം ഗൗരവത്തില്‍ ചര്‍ച്ച ചെയ്‌തെങ്കിലും ഒരു സമവായത്തിലെത്താതെ, വലിയ അര്‍ഥമൊന്നുമില്ലാത്ത പ്രസ്താവനകളില്‍ അവസാനിക്കുകയായിരുന്നു.
വലിയ സ്വകാര്യ വ്യവസായ-വാണിജ്യ സംരംഭങ്ങളുടെ പ്രതിനിധികള്‍ ന്യൂയോര്‍ക്കില്‍ ചേര്‍ന്ന് തങ്ങളുടെ ഉല്‍പന്നങ്ങള്‍ കാര്‍ബണ്‍ വാതകം പുറത്തുവിടുന്നത് കുറയ്ക്കാമെന്നേറ്റെങ്കിലും നന്നേ ചെറിയൊരു ശതമാനമാണ് വാഗ്ദാനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നടപടിയെടുത്തത്. അന്തരീക്ഷ മലിനീകരണവും കാലാവസ്ഥാ മാറ്റവും വലിയ വിപത്തായി മനുഷ്യരാശിയുടെ തലയ്ക്കു മുകളില്‍ തൂങ്ങിനില്‍ക്കുന്നു.
പ്രധാന കാരണം ലാഭേച്ഛയുടെ അടിസ്ഥാനത്തിലുള്ള വികസന മാതൃകകളാണെന്നു വിദഗ്ധന്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. നിയന്ത്രണമില്ലാതെ പ്രകൃതിവിഭവങ്ങള്‍ ചൂഷണം ചെയ്യുകയും മനുഷ്യന്റെ ആര്‍ത്തി അവഗണിക്കുകയുമാണു ചെയ്യുന്നത്. അമേരിക്കയെ അനുകരിച്ചുകൊണ്ടുള്ള വികസനമാണ് ഏവരുടെയും ലക്ഷ്യം. ഭൂമിയിലെ എല്ലാ മനുഷ്യരെയും അമേരിക്കന്‍ ഉപഭോഗനിലവാരത്തിലേക്കുയര്‍ത്താന്‍ ഭൂമിയെപ്പോലെ അഞ്ചു ഗോളങ്ങള്‍ വേണ്ടിവരുമെന്നാണു കണക്ക്.
ആഗോള താപനത്തിനു കാരണമാവുന്ന കാര്‍ബണ്‍ നിര്‍ഗമനത്തില്‍ അമേരിക്ക, ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങള്‍ മുന്‍നിരയിലാണ്. പൊതുവില്‍ ദരിദ്രമായ ഇന്ത്യയില്‍ ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വ്യാവസായിക വികസനത്തിനു മുന്‍ഗണന കൊടുത്തേ മതിയാവൂ എന്നതില്‍ സംശയമില്ല. സാമ്പത്തിക വളര്‍ച്ചയ്ക്ക് തടസ്സം നില്‍ക്കുന്ന അന്താരാഷ്ട്ര കരാറുകള്‍ ഇന്ത്യക്ക് സ്വീകാര്യമാവില്ല. ലോകശരാശരിയുടെ മൂന്നിലൊന്നാണ് ഇന്ത്യയുടെ ഊര്‍ജോപയോഗം. അത് വര്‍ധിക്കുമ്പോള്‍ മാത്രമേ ജനങ്ങളുടെ പ്രാഥമികാവശ്യങ്ങള്‍ വരെ നിറവേറ്റാന്‍ പറ്റൂ.
ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രതിനിധികള്‍ സമര്‍പ്പിക്കുന്ന നിര്‍ദേശങ്ങള്‍ പൊതുവില്‍ ആഗോള താപനം കുറയ്ക്കുന്ന നടപടികള്‍ പരിഗണിക്കുന്നുണ്ട്. എന്നാല്‍, കാര്‍ബണ്‍ നിര്‍ഗമനത്തിലും ഹരിതഗൃഹവാതകങ്ങള്‍ ഉല്‍പാദിപ്പിക്കുന്നതിലും മുമ്പില്‍ നില്‍ക്കുന്ന വികസിത-വ്യാവസായിക രാഷ്ട്രങ്ങള്‍ അവരുടെ ഉല്‍പാദനരീതികളിലും ഉപഭോഗരീതികളിലും കാര്യമായ മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറായാലേ ഉച്ചകോടികൊണ്ട് ഫലമുണ്ടാവൂ. മാത്രമല്ല, തീരുമാനങ്ങള്‍ നിയമപരമായി നടപ്പാക്കാനുള്ള വ്യവസ്ഥകളും അതില്‍നിന്ന് ഉയര്‍ന്നുവരണം. അല്ലെങ്കില്‍ ഭരണത്തലവന്‍മാരുടെ വാചാടോപത്തില്‍ കവിഞ്ഞൊന്നും സംഭവിക്കില്ല. മുന്‍ ഉച്ചകോടികള്‍ അതു തെളിയിച്ചതാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss