|    Oct 20 Sat, 2018 2:38 pm
FLASH NEWS
Home   >  Editpage  >  Middlepiece  >  

ഈ ഹൈടെക് യുഗത്തിന്റെയൊരു കാര്യം!

Published : 23rd August 2016 | Posted By: SMR

അജയമോഹന്‍

സോളാര്‍ വിവാദം കത്തിനില്‍ക്കുന്ന കാലത്ത് ആരോപണവിധേയനായ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നടന്ന കാര്യങ്ങള്‍ക്കു സിസിടിവി ദൃശ്യങ്ങള്‍ തുമ്പാകുമെന്നു കരുതിയവരെയെല്ലാം പ്ലിങ്ങാക്കിക്കൊണ്ടാണ് പ്രഖ്യാപനമുണ്ടായത്: സിസിടിവിയില്‍ റെക്കോഡിങ് ഇല്ല. അതായത് ജനത്തിനു വേണമെങ്കില്‍ പ്ലേ കണ്ടുകൊണ്ടിരിക്കാമെന്നു മാത്രം. കേരളത്തെ ഞെട്ടിച്ച എടിഎം കവര്‍ച്ചയുടെ കാര്യത്തില്‍ ഭാഗ്യത്തിന് അതുണ്ടായില്ല. സിസിടിവിക്ക് റെക്കോഡിങ് ഉണ്ടായിരുന്നു. പറഞ്ഞിട്ടെന്തു കാര്യം? കാശു മുഴുവന്‍ സായിപ്പ് കൊണ്ടുപോയി.
തട്ടിപ്പിനായി സ്ഥാപിച്ച ഉപകരണങ്ങള്‍ 40 ദിവസത്തോളം എടിഎമ്മിലെ എസിയില്‍ സുഖമായി പ്രവര്‍ത്തിച്ചുവത്രേ. 30 മണിക്കൂര്‍ കൂടുമ്പോള്‍ ഇതിലെ മെമ്മറി കാര്‍ഡും മാറ്റിയിരുന്നു. കള്ളന്‍മാര്‍ പല്ലു തേച്ചതും മുടി ചീകിയതും പൗഡറിട്ടതുമൊക്കെ ഈ കാമറകളിലുണ്ടോ എന്നാണ് പരിശോധിച്ചുവരുന്നത്. വെറുതെയല്ല, കാമറാ ദൃശ്യങ്ങള്‍ ആരും പരിശോധിക്കില്ലെന്ന ഉറപ്പുള്ളതിനാല്‍ ചില കമിതാക്കള്‍ പ്രണയചാപല്യങ്ങള്‍ നടത്താന്‍ പോലും എടിഎമ്മിലെ സുഖശീതളവും പ്രശാന്തസുന്ദരവുമായ അന്തരീക്ഷം ഉപയോഗിക്കാറുണ്ടത്രേ.
കാശു പോയവര്‍ക്കെല്ലാം ബാങ്ക് പണം തിരികെ നല്‍കുമായിരിക്കും. അതാണ് നാട്ടുനടപ്പ്. പക്ഷേ, അമ്മയ്ക്ക് മരുന്നു വാങ്ങാന്‍ പണത്തിനായി അര്‍ധരാത്രി എടിഎമ്മില്‍ കയറിയവരും ഹോട്ടലില്‍ ഭക്ഷണം കഴിച്ച ശേഷം കാര്‍ഡ് നല്‍കിയവരുമൊക്കെ എന്തു ചെയ്തിട്ടുണ്ടാകും?
സത്യത്തില്‍ ഈ എടിഎം എന്ന കണ്ടുപിടിത്തം കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ? പഴയ ജനറേഷനിലെ ആരോടെങ്കിലും തര്‍ക്കിച്ചുനോക്കൂ. വിജയിക്കാന്‍ പ്രയാസമാണ്.
വാദം ഇങ്ങനെ:
”എനി ടൈം മണി എന്നാണ് വാഗ്ദാനം. അതായത് അര്‍ധരാത്രി പോലും പണം കിട്ടും.”
”ശരിക്കും കിട്ടുമോ?”
”അങ്ങനെയൊക്കെ ചോദിച്ചാല്‍… കയറുന്ന എടിഎമ്മില്‍ കാശുണ്ടെങ്കില്‍ കിട്ടും.”
”എടിഎമ്മില്‍ കാശുണ്ടെങ്കില്‍ ഉറപ്പായും കിട്ടുമോ?”
”അത് പിന്നെ, കാശുണ്ടായിട്ടു കാര്യമില്ല. നമ്മള്‍ ചോദിക്കുന്ന കാശ് തരാന്‍ പാകത്തിലുള്ള നോട്ട് പെട്ടിയിലുണ്ടെങ്കില്‍ കിട്ടും.”
”അതായത്, പണം അക്കൗണ്ടിലുണ്ടായിട്ടു കാര്യമില്ല; മെഷീന് സൗകര്യമുണ്ടെങ്കില്‍ തരും.”
”വിശദീകരിക്കാമോ?”
”നിങ്ങളുടെ അക്കൗണ്ടില്‍ 499.90 പൈസ ഉണ്ടെന്നു കരുതട്ടെ. നിങ്ങള്‍ കയറുന്ന പെട്ടിയില്‍ 500 രൂപ മാത്രമേയുള്ളൂവെങ്കില്‍ കാശ് തരില്ല. മിനിമം നാലു നൂറു രൂപയെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ ഈ തുക കിട്ടുകയുള്ളൂ. അതാണ് ടെക്‌നോളജി.”
”നല്ല ടെക്‌നോളജി തന്നെ. അപ്പോ ഒരു സംശയം: നൂറു രൂപ ഇഷ്ടം പോലെ പെട്ടിയില്‍ ഉണ്ടെന്നു കരുതുക. നാലു നൂറിന്റെ നോട്ട് തരുമായിരിക്കും. ബാക്കി 99.50 പൈസയോ? അതു കിട്ടില്ലേ?”
”സോറി, എടിഎം വഴി അത് കിട്ടില്ല.”
”ഒരു അമ്പതു രൂപയെങ്കിലും തന്നുകൂടേ?”
”സീ മിസ്റ്റര്‍… അമ്പതു രൂപ കിട്ടുന്ന മെഷീനുകളുണ്ട്. എന്നാല്‍, നാട്ടിലെ ഭൂരിഭാഗം മെഷീനുകളിലും ഇത് നടപ്പില്ല. ഇനി വേറൊരു രഹസ്യം കൂടി. നൂറു രൂപ തീരെ ഇടാത്ത പെട്ടികളും ചില ബാങ്കുകാര്‍ നടത്തുന്നുണ്ട്. അവിടെ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കളി മാത്രമേ നടക്കൂ.”
”അല്ല, ഒരു ഐഡിയ പറയട്ടേ? ഈ നൂറിന്റെ നോട്ട് പെട്ടിയില്‍ കുറച്ചു റിസര്‍വായി ബാക്കിവച്ചാല്‍ അക്കൗണ്ടില്‍ പണം കുറവുള്ള പാവങ്ങള്‍ക്കും മാസാവസാനം കാശു തീര്‍ന്ന ശമ്പളക്കാര്‍ക്കും മാത്രമായി കൊടുക്കാവുന്നതല്ലേയുള്ളൂ? ഇതൊക്കെ സാങ്കേതികവിദ്യ കൊണ്ട് സാധിച്ചുകൂടേ?”
”ടെക്‌നോളജിയെക്കുറിച്ച് നിങ്ങള്‍ക്കൊരു ചുക്കുമറിയില്ല. സാങ്കേതികവിദ്യ സൗകര്യത്തിനു വേണ്ടിയുള്ളതാണ്. ആരുടെ സൗകര്യത്തിനെന്നു ചോദിക്കരുത്. തല്‍ക്കാലം ശാസ്ത്രം അത്രയ്ക്കങ്ങു പുരോഗമിച്ചിട്ടില്ല എന്നു മാത്രം കരുതുക. നിങ്ങള്‍ കയറിയ എടിഎമ്മില്‍ നൂറു രൂപ നോട്ടില്ലെങ്കില്‍ അടുത്ത മെഷീനില്‍ ഭാഗ്യം പരീക്ഷിക്കുക. കേരളത്തിലെ സാഹചര്യത്തില്‍ രണ്ടോ മൂന്നോ കിലോമീറ്റര്‍ ചുറ്റളവില്‍ മറ്റൊരു മെഷീന്‍ ഉണ്ടാകാനാണ് സാധ്യത. അത്യാവശ്യമാണെങ്കില്‍ ഒരമ്പതു രൂപ കൊടുത്ത് ഓട്ടോയില്‍ പോകാവുന്നതല്ലേയുള്ളൂ?”
”കൊള്ളാം! ആകെയുള്ളത് അഞ്ഞൂറു രൂപയില്‍ താഴെ. അതെടുക്കാന്‍ പിന്നെയും അമ്പതു രൂപ കൂടി. അവിടെ ചെല്ലുമ്പോള്‍ പെട്ടിയില്‍ പണമില്ലെങ്കില്‍ പിന്നെയും അന്വേഷിച്ച് കാശു ചെലവാക്കി പോകേണ്ടിവരില്ലേ?”
”മിസ്റ്റര്‍, നിങ്ങളുടെ പൈസ നിങ്ങള്‍ക്ക് വിലപ്പെട്ടതാകാം. എന്നാല്‍ ബാങ്കിന് അതു നിസ്സാരമാണ്. കോടികളാണ് അവര്‍ ദിവസവും കൈകാര്യം ചെയ്യുന്നത്. അവിടെ നിങ്ങള്‍ ചെറിയ തുകയ്ക്കു വേണ്ടി ചെല്ലുന്നതുതന്നെ ശല്യമാണ്. എടിഎമ്മുകള്‍ വന്നതോടെ പല ബാങ്കുകളും ജീവനക്കാരുടെ എണ്ണം കുറച്ചിട്ടുണ്ട്. കാശെടുക്കാന്‍ മാത്രമല്ല, നിക്ഷേപിക്കാനും ഇപ്പോള്‍ പെട്ടി വച്ചിട്ടുണ്ട്. അതായത്, പണമിടാന്‍ ബാങ്കില്‍ പോകുന്നതുപോലും ഉള്ള ജീവനക്കാര്‍ക്ക് ശല്യമാണ്.”
”അതു ശരി. എന്നിട്ടാണോ ബാങ്കുകള്‍ എടിഎം ഉപയോഗത്തിന് ഫീസ് ഈടാക്കുന്നത്? ആളുകള്‍ എടിഎം ഉപയോഗിച്ചാല്‍ പ്രയോജനം ബാങ്കുകള്‍ക്കു തന്നെയല്ലേ? എന്നിട്ട് ഇതിനും കാശു പിടുങ്ങുന്നു. അതു പോട്ടെ, എടിഎം കൗണ്ടറില്‍ കയറിയ സ്ത്രീയെ വെട്ടി പരിക്കേല്‍പിച്ച് കാശും കൊണ്ട് കടന്നുവെന്നു കേട്ടിരുന്നു. ആ കേസെന്തായി?”
”ഒന്നുമായിട്ടില്ല. എടിഎം സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്, അത്തരം സംഭവങ്ങള്‍ തടയാന്‍.”
”ഓ, അതു നമ്മള് കണ്ടു… അടിപൊളി… ബാ പോകാം.”

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss