|    Dec 12 Wed, 2018 7:26 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഈ വര്‍ഷം 14,219 കോടിയുടെ അടിസ്ഥാന സൗകര്യ വികസനം

Published : 11th August 2016 | Posted By: SMR

തിരുവനന്തപുരം: ഈവര്‍ഷം റോഡുകളും മേല്‍പ്പാലങ്ങളും അണ്ടര്‍ പാസുകളുമുള്‍പ്പെടെ ആകെ 14,219 കോടി രൂപയുടെ അടിസ്ഥാന വികസന സൗകര്യങ്ങള്‍ നടപ്പാക്കുമെന്നു പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. കെഎസ്ടിപിക്ക് കീഴില്‍ 2,304 കോടി ചെലവില്‍ 11 റോഡുകള്‍ പുനര്‍നിര്‍മാണം നടത്തുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ശബരിമല വികസനത്തോടനുബന്ധിച്ച് 99 കോടി ചെലവില്‍ 25 റോഡുകള്‍ പുനര്‍നിര്‍മിക്കും. ശബരിമലയ്ക്കു സമീപമുള്ള മൂന്നു മണ്ഡലങ്ങള്‍ ബന്ധിപ്പിക്കുന്ന റോഡിന്റെ നിര്‍മാണത്തിന് റബറും പ്ലാസ്റ്റിക്കും കയറും ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. ഒരു നിയമസഭാ മണ്ഡലത്തില്‍ ശരാശരി രണ്ടുമുതല്‍ മൂന്നു കോടി രൂപ ചെലവിടുന്ന തരത്തില്‍ രാഷ്ട്രീയ പരിഗണനകളില്ലാതെ തുല്യനീതിയിലാണു വകുപ്പ് പണം ചെലവിടുന്നത്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പൊതുമരാമത്ത് വകുപ്പില്‍ മാത്രം 39 വിജിലന്‍സ് കേസുകള്‍ ഫയല്‍ ചെയ്തു. എല്ലാ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫിസുകളിലും സോണല്‍ ഓഫിസുകളിലും പരാതി സെല്ലുകള്‍ സ്ഥാപിക്കും. വകുപ്പില്‍ സോഷ്യല്‍ ഓഡിറ്റിങും നടപ്പാക്കും. റോഡുകള്‍ക്ക് ആദ്യമായി മെയിന്റനന്‍സ് പോളിസി നടപ്പാക്കും.
വികസിത രാജ്യങ്ങളിലുള്ളതുപോലെ മൂന്നുവര്‍ഷത്തെ ലയബിലിറ്റി കോണ്‍ട്രാക്റ്റിനോടൊപ്പം നാലുവര്‍ഷം മെയിന്റനന്‍സ് കോണ്‍ട്രാക്റ്റും നടപ്പാക്കും. മറ്റു നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി റോഡുകള്‍ കുത്തിപ്പൊളിക്കുന്ന സ—മ്പ്രദായം നിര്‍ത്തലാക്കും. 7,500 കിമീ റോഡില്‍ കേബിള്‍ ഇടുന്നതിനുള്ള റിലയന്‍സിന്റെ അപേക്ഷ നിരസിച്ചെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ തെറ്റായ സമീപനം ഇക്കാര്യത്തില്‍ തുടരില്ല.
75 ദിവസത്തിനുള്ളില്‍ ഒരു റോഡ് തന്നെ നാലുതവണ പുനര്‍നിര്‍മാണം നടത്തേണ്ടിവന്നു. റോഡുകളോട് ചേര്‍ന്നുള്ള നിയമവിരുദ്ധ വസ്തുക്കള്‍ എല്ലാം നീക്കംചെയ്യണമെന്ന് കര്‍ശനമായ ഉത്തരവ് കൊടുത്തിട്ടുണ്ട്. 100 ശതമാനം അഴിമതി വാഴുന്ന വകുപ്പില്‍ അഴിമതി പൂര്‍ണമായും നിര്‍ത്തലാക്കുമെന്നും മന്ത്രി പറഞ്ഞു. നവലോകത്തില്‍ പുതിയ കാഴ്ചപ്പാട് എന്ന വിഷയത്തില്‍ വകുപ്പിലെ എന്‍ജിനീയര്‍മാരെ പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിച്ച സെമിനാര്‍ ജില്ലാതലത്തിലും സോണല്‍ തലത്തിലും വ്യാപിപ്പിക്കും. ഹരിപ്പാടുള്ള പുതിയ മെഡിക്കല്‍ കോളജിന്റെ മറവില്‍ സാമ്പത്തികലാഭം മാത്രമാണു ലക്ഷ്യമിട്ടതെങ്കിലും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരേ സാമ്പത്തിക ആരോപണമുന്നയിക്കാന്‍ താനില്ലെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ക്ഷേമ  പെന്‍ഷനുകള്‍ കുടിശ്ശിക 3000 കോടി;
ഒക്ടോബറില്‍ വീട്ടിലെത്തിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ക്ഷേമപെന്‍ഷനുകളുടെ കുടിശ്ശിക വിതരണം ചെയ്യുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സപ്തംബര്‍ വരെയുള്ള കുടിശ്ശിക 2,400 കോടി രൂപയാണ്. ഒക്ടോബറില്‍ ഇത് 3,000 കോടിയിലെത്തും. സഹകരണബാങ്കുകളുടെ സഹായത്തോടെ പെന്‍ഷന്‍ തുക വീട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. സഹകരണവകുപ്പ് ഇതിനായുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചുവരികയാണ്. സഹകരണബാങ്കിലെ ബില്ല് കലക്ഷന്‍ ഏജന്റുമാര്‍ മുഖേനയായിരിക്കും പെന്‍ഷന്‍തുക വീട്ടിലെത്തിക്കുക. കേരളത്തിലെ എല്ലാ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും സംസ്ഥാനസര്‍ക്കാര്‍ സൗജന്യമായി യൂനിഫോം വിതരണം ചെയ്യും. കൈത്തറി വസ്ത്രങ്ങള്‍ ഉപയോഗിച്ചായിരിക്കും യൂനിഫോം.  ഹാന്‍ഡക്‌സ്, ഹാന്‍ഡ്‌വീവ് എന്നീ സ്ഥാപനങ്ങളിലൂടെ കൈത്തറി മേഖലയുടെ സംരക്ഷണവും പുനരുദ്ധാരണവുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
മദര്‍തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ ആര്‍ച്ച് ബിഷപ്പിന്റെ അഭ്യര്‍ഥനപ്രകാരം സംസ്ഥാനസര്‍ക്കാര്‍ പ്രതിനിധിസംഘത്തെ അയക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. സപ്തംബര്‍ നാലിനു വത്തിക്കാനിലാണു ചടങ്ങ്. ഇതിന്റെ പശ്ചാത്തലത്തില്‍ ധനമന്ത്രി തോമസ് ഐസക്കും മന്ത്രി മാത്യു ടി തോമസും ചടങ്ങില്‍ പങ്കെടുക്കും. ദുബൈ വിമാനത്താവളത്തില്‍ ലാന്‍ഡിങിനിടെ എമിറേറ്റ്‌സ് വിമാനം അഗ്നിക്കിരയായ സംഭവത്തില്‍ ജീവന്‍രക്ഷാപ്രവര്‍ത്തനം നടത്തിയ ഉദ്യോഗസ്ഥരെയും യുഎഇ സര്‍ക്കാരിനെയും മന്ത്രിസഭ അനുമോദിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss