|    Nov 13 Tue, 2018 8:32 pm
FLASH NEWS

ഈ വര്‍ഷം മുതല്‍ കര്‍ഷക ഗ്രാമസഭകള്‍ നടത്തും: മന്ത്രി വി എസ് സുനില്‍കുമാര്‍

Published : 23rd June 2018 | Posted By: kasim kzm

നിലമ്പൂര്‍: ഈ വര്‍ഷം മുതല്‍ എല്ലാ വാര്‍ഡുകളിലും കര്‍ഷക  ഗ്രാമസഭകള്‍ നടത്തുമെന്നു കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍. കര്‍ഷക ആനുകൂല്യങ്ങളും പദ്ധതികളും കര്‍ഷകരെയും ജനപ്രതിനിധികളെയും അറിയിക്കാനാണിത്. കാര്‍ഷിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ജനകീയവും സുതാര്യമാവുമാവണം. സഭയില്‍ വാര്‍ഡിലെ കര്‍ഷക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും പ്രാദേശിക കര്‍ഷക പദ്ധതികളുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും പരാതികളും സര്‍ക്കാറിനെ അറിയിക്കാനും സംവിധാനമുണ്ടാവും.
ഇതനുസരിച്ചാണ് അടുത്ത വാര്‍ഷിക പദ്ധതി തയ്യാറാക്കുകയെന്നും മന്ത്രി പറഞ്ഞു. കാര്‍ഷിക വികസന, കര്‍ഷക ക്ഷേമ വകുപ്പ് ആത്മയുടെ ആഭിമുഖ്യത്തില്‍ പിഎംകെഎസ്‌വൈ ജില്ലാ കാര്‍ഷിക മേള നിലമ്പൂര്‍ വീട്ടിക്കുത്ത് ഗവ.എല്‍പി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കൂടുതല്‍ ആനുകൂല്യവും സംരക്ഷണവും ഉറപ്പു വരുത്തുന്നതിനായി കര്‍ഷകര്‍ ഇന്‍ഷൂറന്‍സ് സേവനം ഉറപ്പു വരുത്തണം. 26 വിളകള്‍ക്ക് ഇന്‍ഷൂറന്‍സ് സൗകര്യം ലഭ്യമാണ്. വിളനാശത്തില്‍ മാത്രമല്ല, വന്യമൃഗ അക്രമത്തിനിരയായാലും ഇന്‍ഷൂറന്‍സ് ലഭ്യമാവും. കര്‍ഷക യന്ത്രങ്ങള്‍ക്ക് സബ്‌സിഡിയോടെ സ്വന്തമാക്കാന്‍ അവസരമുണ്ട്. ഇത് ഉപയോഗപ്പെടുത്തണം.
എല്ലാ ബ്ലോക്കുകളിലും അഗ്രോ സര്‍വീസ് സെന്ററുകള്‍ സ്ഥാപിക്കും. ഈ വര്‍ഷം തിരഞ്ഞെടുത്ത 100 പഞ്ചായത്തുകളില്‍ കാര്‍ഷിക കര്‍മസേനകള്‍ രൂപീകരിക്കും. ഓരോ സേനയ്ക്കും 10 ലക്ഷം വീതം അനുവദിക്കും. അടുത്ത വര്‍ഷം ഇതു എല്ലാ പഞ്ചായത്തിലും വ്യാപിപ്പിക്കും. ഇക്കോ ഷോപ്പുകളും ഗ്രാമ ചന്തകളും വ്യാപിപ്പിക്കും. കാര്‍ഷിക ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുണ്ടാക്കാന്‍ കഴിയുന്ന വ്യാപാര, വ്യവസായ ശൃംഖലകള്‍ ശക്തിപ്പെടുത്താനുളള നടപടി സ്വീകരിച്ചുവരികയാണ്. തിരുവാതിര ഞാറ്റുവേലയോടനുബന്ധിച്ച് ജൂലൈ 5ന് മുമ്പ് കൃഷി ഭവനുകളുടെ ആഭിമുഖ്യത്തില്‍ എല്ലാ പഞ്ചായത്തകളിലും തിരുവാതിര ഞാറ്റുവേല നടത്തും. അടുത്തവര്‍ഷം നേന്ത്രക്കായ കയറ്റുമതിയില്‍ ചാലിയാര്‍, വാഴയൂര്‍ പഞ്ചായത്തുകളെയും ഉള്‍പ്പെടുത്തും. ഇതിനാവശ്യമായ പരിശീലനവും സാങ്കേതിക സൗകര്യങ്ങളും ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. പ്ലാവ് നട്ടാണു മന്ത്രി മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. നിലമ്പൂര്‍ നഗരസഭയുടെ ഒരു വീട്ടില്‍ ഒരു തെങ്ങ് പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. പി കെ ബഷീര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ കെ സുഗതന്‍, നിലമ്പൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ പി ടി ഉസ്മാന്‍, ആലീസ് അമ്പാട്ട്, രാധാമണി, ഇ എ സുകു, നഗരസഭ സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ മുംതാസ് ബാബു, കൗണ്‍സിലര്‍ ചാലില്‍ ഉണ്ണികൃഷ്ണന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ എ ജമീല, ആത്മ പ്രോജക്ട് ഡയറക്ടര്‍ റജി എ വര്‍ഗ്ഗീസ്, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ബെന്നി സെബാസ്റ്റ്യന്‍, സംഘടനാ പ്രതിനിധികളായ ജോര്‍ജ്ജ് തോമസ്, ഇസ്മായില്‍ എരഞ്ഞിക്കല്‍, ബിനോയ് പാട്ടത്തില്‍, വീട്ടിക്കുത്ത് ജിഎല്‍പി സ്‌കൂള്‍ എസ്എംസി ചെയര്‍മാന്‍ വി വാസുദേവന്‍ എന്നിവര്‍ സംസാരിച്ചു. മേള നാളെ സമാപിക്കും. വിവിധ വിഷയങ്ങളില്‍ കാര്‍ഷിക സെമിനാറും കാര്‍ഷിക അനുബന്ധോപാധികളുടെയും നൂതന കാര്‍ഷിക യന്ത്രങ്ങളുടേയും പ്രദര്‍ശനവും വില്‍പ്പനയും മേളയില്‍ നടക്കും.
സര്‍ക്കാര്‍ കൃഷി ഫാമുകള്‍ക്കൊപ്പം, സര്‍ക്കാര്‍ സബ്‌സിഡി ലഭ്യമായ സ്വകാര്യ എജന്‍സികളും മേളയില്‍ പങ്കെടുക്കുന്നുണ്ട്. മൃഗ സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വളര്‍ത്തു മൃഗങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയുമുണ്ട്. ഇന്ന് രാവിലെ 10ന് മണ്ണ്, ആരോഗ്യ പരിപാലന സെമിനാര്‍ നടക്കും.
നാളെ രാവിലെ 10ന് മൃഗ സംരക്ഷണ സെമിനാറും ഇന്‍വെസ്‌റ്റേഴ്‌സ് മീറ്റും നടക്കും. വൈകീട്ട് നാലിന് സമാപന സമ്മേളനം എം ഐ ഷാനവാസ് എംപി. ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എപി ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss