|    Dec 12 Wed, 2018 5:35 pm
FLASH NEWS

ഈ മസ്ജിദില്‍ ഇതരമതസ്ഥര്‍ അന്യരല്ല

Published : 29th May 2018 | Posted By: kasim kzm

ബിജു  വളയന്നൂര്‍
കുറ്റിയാടി: ജുമാ മസ്ജിദില്‍ കഴിഞ്ഞ ദിവസം നടന്ന പ്രാര്‍ഥനയ്ക്ക് ശേഷം രംഗീഷ് കടവത്തിന്റെ പ്രഭാഷണമാണ് വിശ്വാസികള്‍ ശ്രവിച്ചത്. പ്രത്യേക സാഹചര്യങ്ങളില്‍ നല്ല കാര്യങ്ങള്‍ പഠിപ്പിക്കാന്‍ ഇതരമതസ്ഥര്‍ക്കും പള്ളികള്‍ ഉപയോഗിക്കാന്‍ കഴിയുമെന്ന മഹദ്‌സന്ദേശമാണ് കുറ്റിയാടി ജുമാ മസ്ജിദ് നല്‍കിയിരിക്കുന്നത്. ബേപ്പൂര്‍ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ മൃതദേഹം ഖബറടക്കാനെത്തിയ വിശ്വാസികളുടെ കൂടെ വിഖ്യാത സാഹിത്യകാരന്‍ വി കെ എന്നും ഉണ്ടായിരുന്നു.
പള്ളിയ്ക്ക് വെളിയില്‍ നിന്ന വി കെ എന്നിനെ ബേപ്പൂര്‍ ഖാസി സ്‌നേഹാദരപൂര്‍വ്വം അകത്തേക്ക് ആനയിച്ചതിന്റെ ഓര്‍മ്മകള്‍ വി കെ എന്‍ എന്ന വടക്കേകൂട്ടാല നാരായണന്‍ കുട്ടി നായര്‍ ഹൃദയസ്പൃക്കായി അവതരിപ്പിച്ചിരുന്നു. വി കെ എന്‍ അനുഭവ സാക്ഷ്യത്തെ അയവിറക്കുന്നതു കൂടിയാണ് ഇന്നലെ കുറ്റിയാടി ജുമാ മസ്ജിദില്‍  കണ്ടത്. ഏറെ സ്‌നേഹവായ്‌പോടെയാണ് രംഗീഷിനെയും വിശ്വാസികള്‍ പള്ളിക്കകത്തേക്ക് വരവേറ്റത്.
സാമൂഹ്യമാധ്യമങ്ങളില്‍ സത്യസന്ധമല്ലാത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ സാമൂഹ്യ ദ്രോഹപ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും ഹര്‍ത്താലിന്റെയും നിപാ വൈറസിന്റെയും പേരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കള്ളവാര്‍ത്തകള്‍ നല്‍കിയതിന്റെ ദുരന്തങ്ങള്‍ രാജ്യവും സമൂഹവും ഒന്നിച്ചാണ് അനുഭവിക്കേണ്ടി വരികയെന്നും സൈബര്‍ സെല്ലില്‍ ഉദ്യോഗസ്ഥനായ രംഗീഷ് പറഞ്ഞു.
ലോകത്തിലെ ഏറ്റവും ശക്തമായ സൈബര്‍ നിയമങ്ങളുള്ള നമ്മുടെ രാജ്യത്തെ പൗരന്‍മാര്‍ ഉത്തരവാദിത്വമില്ലാതെ നവ മാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൈബര്‍ ലോകം അറിയേണ്ടതും തടയേണ്ടതും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss