|    May 24 Thu, 2018 3:47 pm
FLASH NEWS
Home   >  Editpage  >  Article  >  

ഈ പോരാട്ടം നീതിനിഷേധത്തിനെതിരേ

Published : 14th November 2016 | Posted By: G.A.G

avakasangal-nishedhangal

അംബിക
”ഈ സമരം ഞങ്ങള്‍ക്ക് ജീവന്‍ നിലനിര്‍ത്താനുള്ള പോരാട്ടമാണ്, മരിക്കാതിരിക്കാനും. പുന്നപ്ര-വയലാര്‍ സമരത്തിന്റെ 70ാം വാര്‍ഷികമാണിത്. കേരളത്തിലെ തൊഴിലാളി സമരങ്ങളുടെ ഈറ്റില്ലമായ ആലപ്പുഴയുടെ മണ്ണില്‍ ന്യായമായ ഈ സമരവും വിജയിക്കുമെന്ന് ഉറപ്പുണ്ട്” എന്നാണ് ആലപ്പുഴ മെഡിക്കല്‍ കോളജിലെ ശുചീകരണ തൊഴിലാളി സമരത്തിനു നേതൃത്വം കൊടുക്കുന്ന എന്‍ടിയുഐ നേതാവ് കൃഷ്ണമ്മാള്‍ പറഞ്ഞത്. തൊഴിലവകാശ സംരക്ഷണത്തിനായി നിരവധി നിയമങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലെ ശുചീകരണ തൊഴിലാളികളായ സ്ത്രീകള്‍ക്ക് ഇതിന്റെയൊന്നും സുരക്ഷ നാളിതുവരെ ലഭ്യമായിട്ടില്ല.
18 വര്‍ഷമായി തുടര്‍ച്ചയായി ശുചീകരണജോലി ചെയ്തുവന്ന ഇവരെ 2016 ജൂലൈ 16നു കാരണംകാണിക്കല്‍ നോട്ടീസ് പോലും നല്‍കാതെ പിരിച്ചുവിടുകയായിരുന്നു. 260 ക്ലീനിങ് തൊഴിലാളികളില്‍ 30 പേരെയാണ് ആദ്യ നടപടിയെന്ന നിലയില്‍ പിരിച്ചുവിട്ടിരിക്കുന്നത്. ഇതിനെതിരേയുള്ള സമരം 125 ദിവസം ഇന്നേക്കു പിന്നിട്ടിരിക്കുന്നു. ഈ തൊഴിലാളികളില്‍ ഭൂരിഭാഗവും കുടുംബശ്രീ മിഷനില്‍ നിന്നു കരാര്‍ അടിസ്ഥാനത്തില്‍ ജോലിക്കെടുത്തവരാണ് എന്നതാണ് ഇവര്‍ക്ക് വിനയാവുന്നത്.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി പുതിയ തൊഴിലാളികളെ നിയമിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവരെ പിരിച്ചുവിടുന്നത് എന്നാണ് അധികൃതരുടെ ന്യായം. എന്നാല്‍, ഈ മെഡിക്കല്‍ കോളജ് നിലവില്‍ വന്ന അന്നു മുതല്‍ സ്വന്തം വീട്ടില്‍ നിന്നു ചൂലും തുണിയും കൊണ്ടുവന്ന് ശുചീകരണജോലി ചെയ്തുവന്നവരാണ് ഇവര്‍. പലരും തങ്ങള്‍ക്കുള്ള മൂന്നും നാലും സെന്റ് സ്ഥലവും പുരയിടവും ഈ സ്ഥാപനത്തിനായി ഒഴിഞ്ഞുകൊടുത്തവരുമാണ്. മാത്രമല്ല, നീണ്ട കാലത്തെ തൊഴില്‍ പരിചയത്തിലൂടെ നഴ്‌സിങ് അസിസ്റ്റന്റിന്റെ ജോലി വരെ ചെയ്യുന്നവരാണ് ഇവരില്‍ പലരും.
18 വര്‍ഷം ജോലി ചെയ്‌തെങ്കിലും ഇപ്പോഴും യാതൊരു തൊഴില്‍സുരക്ഷിതത്വമില്ലാതെ താല്‍ക്കാലിക തൊഴിലാളികളായി തുടരേണ്ടിവരുന്നവരാണ് ഇവര്‍. ഇഎസ്‌ഐ, പിഎഫ്, പ്രസവാനുകൂല്യം തുടങ്ങി യാതൊരുവിധ ആനുകൂല്യങ്ങളും ഇവര്‍ക്കില്ല.
ഒരു കാരണവുമില്ലാതെയാണ് ഇവരെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടിരിക്കുന്നത്. ആശുപത്രി സൂപ്രണ്ട്, തൊഴില്‍മന്ത്രി, ആരോഗ്യമന്ത്രി, സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി, ജില്ലാ കലക്ടര്‍, ലേബര്‍ ഓഫിസര്‍ എന്നിവര്‍ക്ക് ഇവര്‍ നിവേദനം നല്‍കിയിരുന്നു. മെഡിക്കല്‍ കോളജ് കാംപസില്‍ ഇവര്‍ സത്യഗ്രഹ സമരം നടത്തിയിരുന്നു. ജില്ലാ കലക്ടറുടെയും ലേബര്‍ ഓഫിസറുടെയും സാന്നിധ്യത്തില്‍ ഇവരുടെ യൂനിയന്‍ കേരള സ്റ്റേറ്റ് ക്ലീനിങ് ഡെസ്റ്റിനേഷന്‍ വര്‍ക്കേഴ്‌സ് യൂനിയന്റെ (എന്‍ടിയുഐ) ആഭിമുഖ്യത്തില്‍ ചര്‍ച്ച നടക്കുകയും തൊഴിലാളികളെ തിരിച്ചെടുക്കാന്‍ തീരുമാനമാവുകയും ചെയ്തു.
എന്നാല്‍, അധികൃതര്‍ ഒത്തുതീര്‍പ്പുവ്യവസ്ഥകള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് പ്രതിഷേധം ആശുപത്രി സൂപ്രണ്ട് ഓഫിസിനു മുന്നില്‍ രാപകല്‍ സമരമായി മാറുകയായിരുന്നു. ആശുപത്രിയിലെ ഭൂരിപക്ഷം വരുന്ന കരാര്‍ തൊഴിലാളികളും സമരത്തിനു പിന്തുണയുമായെത്തി. അധികൃതരുടെ അവഗണനയെത്തുടര്‍ന്ന് കഴിഞ്ഞ ആഗസ്ത് 31നു ദേശീയപാത ഉപരോധം നടത്തി. അറസ്റ്റ് ചെയ്തുനീക്കിയ ഈ സ്ത്രീതൊഴിലാളികളില്‍ 68 പേരെ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലടച്ചു. ഒമ്പതു ദിവസമാണ് ഈ തൊഴിലാളി സ്ത്രീകള്‍ ജയിലില്‍ കിടന്നത്. മാത്രമല്ല, ജയിലില്‍ ഇവര്‍ ഏഴു ദിവസം നിരാഹാരസമരവും നടത്തി.
കേരളത്തിലെ മാധ്യമങ്ങള്‍ക്കോ (ഒന്നോ രണ്ടോ മാധ്യമങ്ങള്‍ ഒഴികെ) അധികാരിവര്‍ഗത്തിനോ ഈ സ്ത്രീതൊഴിലാളികളുടെ ത്യാഗോജ്വല സമരം ഒരു വിഷയമേ ആയില്ലെന്നത് ദുഃഖകരമാണ്. ഇടതു സര്‍ക്കാരിന്റെ നൂറാം ദിനത്തിലാണ് 68ഓളം വരുന്ന ഈ സ്ത്രീതൊഴിലാളികളെ ജയിലിലടച്ചത് എന്നതും ശ്രദ്ധേയമാണ്.
തിരുവോണനാളില്‍ ഇവര്‍ ‘മണ്ണുസദ്യ’ ഉണ്ടാണ് വിശപ്പടക്കിയത്. കഴിഞ്ഞ ദിവസം ജില്ലയിലുടനീളം വാഹനപ്രചാരണ ജാഥയും ഈ സ്ത്രീകള്‍ നടത്തിയിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളജിലെത്തിയ ആരോഗ്യമന്ത്രിക്ക് നിവേദനം കൊടുക്കാന്‍ ശ്രമിച്ച ഈ തൊഴിലാളികളെയും അവരുടെ യൂനിയന്‍ നേതാക്കളെയും ചിലര്‍ തടഞ്ഞുവച്ചത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയുണ്ടായി.
ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഈ സ്ത്രീതൊഴിലാളികളുടെ സമരം ഇനിയും നീണ്ടുപോവുന്നത് ഇടതുപക്ഷ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിന് മാനക്കേടാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss