|    Dec 14 Fri, 2018 4:41 pm
FLASH NEWS
Home   >  Editpage  >  Editorial  >  

ഈ പൈങ്കിളി മതില്‍ പൊളിഞ്ഞുപോകും

Published : 8th December 2018 | Posted By: kasim kzm

ലോകം കാണുന്ന ഏറ്റവും വലിയ നവോത്ഥാന പ്രതിരോധമായിരിക്കും പുതുവല്‍സരദിനത്തില്‍ കേരളത്തില്‍ ഉയരാന്‍ പോകുന്ന വനിതാ മതില്‍ എന്നാണ് ഇടതുമുന്നണി സര്‍ക്കാരിന്റെ അവകാശവാദം. നവോത്ഥാന പാരമ്പര്യമുള്ള സാമൂഹിക സംഘടനകളെ വിളിച്ചുകൂട്ടി അതില്‍ നിന്നൊരു സംഘാടക സമിതിയുണ്ടാക്കി പിണറായി വിജയന്‍ സൃഷ്ടിക്കാന്‍ പോകുന്ന ഈ മതില്‍ ആധുനിക കേരളത്തിന്റെ ചരിത്രത്തില്‍ വഴിത്തിരിവാകുമെന്ന കാര്യത്തില്‍ മുന്നണി നേതാക്കള്‍ക്ക് യാതൊരു സംശയവുമില്ല.
അങ്ങനെയൊക്കെ ആലോചിക്കുമ്പോള്‍ വനിതാ മതില്‍ ഗിന്നസ്ബുക്കില്‍ സ്ഥാനം പിടിക്കും. അറബ് വസന്തം സാധ്യമാക്കിയ ആള്‍ക്കൂട്ടപ്പെരുമ പോലെയോ വാള്‍സ്ട്രീറ്റ് ഒക്യുപൈ ചെയ്തു സൃഷ്ടിച്ചെടുത്ത ആശയപ്പൊലിമയെ പോലെയോ ഒക്കെയുള്ള ചിലതെല്ലാം ചരിത്രത്തില്‍ ഈ മതില്‍ അവശേഷിപ്പിക്കുമെന്നാണ് മുന്നണിയുടെ കണക്കുകൂട്ടല്‍. അതിന്റെ ആവേശത്തിലും കാല്‍പനിക വിഭ്രമത്തിലുമാണ് ഇടതുപക്ഷക്കാര്‍; വിശേഷിച്ചും സിപിഎം.
1987ല്‍ സ്വാതന്ത്ര്യപ്പുലരിദിനത്തില്‍ ഡിവൈഎഫ്‌ഐക്കാര്‍ കേരളത്തിലൊരു മനുഷ്യച്ചങ്ങല തീര്‍ത്തിരുന്നു. അതൊരു ഐതിഹാസിക അനുഭവമായിരുന്നു. അന്നത്തെ യുവാക്കളാണ് ഇന്നു മുന്നണി നേതൃത്വത്തിലുള്ള പലരും. എന്നാല്‍, യുവാക്കള്‍ക്ക് സ്വാഭാവികമായി ഉണ്ടാവുന്ന കാല്‍പനിക വിഭ്രാന്തികള്‍ക്കും സ്വപ്‌നാനുഭൂതികള്‍ക്കും അപ്പുറത്താണ് ഇന്നു കേരളത്തിന്റെ അവസ്ഥ എന്നവര്‍ തിരിച്ചറിഞ്ഞുവോ ആവോ! സംസ്ഥാനത്തെ തകിടംമറിച്ചുകളഞ്ഞ ഒരു പ്രളയത്തിനു ശേഷമാണ് നാം നില്‍ക്കുന്നത്. കേരളത്തെ പുനര്‍നിര്‍മിക്കുകയെന്നത് ഭാരിച്ച ചുമതലയാണ്. സംസ്ഥാനം ആ ചുമതല തലയിലേറ്റിനില്‍ക്കുമ്പോഴാണ് ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രിംകോടതി വിധി വരുന്നത്. കേരളത്തില്‍ കാലുറപ്പിക്കാന്‍ ഇതുതന്നെ അവസരമെന്നു കരുതി ഹിന്ദുത്വ രാഷ്ട്രീയം കരുക്കള്‍ നീക്കി. ഈ ശ്രമത്തോട് ഇടതു മുന്നണി പ്രതികരിച്ച രീതി ഹിന്ദുത്വശക്തികള്‍ക്ക് അനുകൂലമായാണ് ഭവിച്ചത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയുടെ അന്തംകുന്തമില്ലാത്ത സമീപനം കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയും ചെയ്തു.
വനിതാ മതില്‍ എന്നൊക്കെ പറയാന്‍ കൊള്ളാം. ആരാണതിന്റെ സംഘാടകര്‍? അരക്കഴഞ്ച് വിശ്വാസ്യത പോലുമില്ലാത്ത വെള്ളാപ്പള്ളി നടേശനാണ് സംഘാടക സമിതി അധ്യക്ഷന്‍. ശബരിമലയില്‍ വനിതകളെ തടയാന്‍ ശ്രമിച്ച സുഗതനെപ്പോലെയുള്ള ഹിന്ദു പാര്‍ലമെന്റംഗങ്ങളാണ് ഒപ്പമുള്ളത്. ഈ നവോത്ഥാനധാരയില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് എവിടെയാണു സ്ഥാനം? ഇപ്പോള്‍ പൊയ്കയില്‍ അപ്പച്ചനെപ്പറ്റിയും വക്കം മൗലവിയെപ്പറ്റിയുമൊക്കെ പറയുന്നുണ്ടെങ്കിലും ഹിന്ദുസംഘടനകളെ വിളിച്ചുകൂട്ടി ആസൂത്രണം ചെയ്ത പരിപാടിയാണിത്. കേരളീയ നവോത്ഥാനത്തിന്റെ തുടക്കം മനുഷ്യസമത്വത്തില്‍ നിന്നാണ്. അതിനു തുടക്കമിട്ടത് ക്രിസ്തീയ-മുസ്‌ലിം ദര്‍ശനങ്ങളാണ്. അതു മറന്നുകൊണ്ടുള്ള ഏത് നവോത്ഥാന സ്മൃതിയും അര്‍ഥശൂന്യമാണ്. നിര്‍ഭാഗ്യവശാല്‍, ഇടതുമുന്നണി സര്‍ക്കാര്‍ ഒട്ടും ഗൃഹപാഠം ചെയ്യാതെ നടത്തുന്ന പരിപാടിയാണ് വനിതാ മതില്‍. ഈ പൈങ്കിളി മതില്‍ അതിവേഗം പൊളിഞ്ഞുപോകും; അതു നാണക്കേടായി അവശേഷിക്കുകയും ചെയ്യും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss