|    Apr 21 Sat, 2018 9:55 am
FLASH NEWS
Home   >  Editpage  >  Lead Article  >  

ഈ പാര്‍ലമെന്റ് കൊണ്ട് എന്തു ഗുണം?

Published : 9th January 2017 | Posted By: fsq

കലീം

ആയാറാം, ഗയാറാം എന്നീ പ്രയോഗങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയ സംജ്ഞാവലിക്ക് സംഭാവന നല്‍കിയ ഹരിയാന ഈയിടെ നിയമനിര്‍മാണ ചരിത്രത്തില്‍ റെേക്കാര്‍ഡിട്ട കാര്യം മാധ്യമങ്ങള്‍ വേണ്ടത്ര ഗൗരവത്തോടെ റിപോര്‍ട്ട് ചെയ്യുകയുണ്ടായില്ല. 14 ബില്ലുകള്‍ വെറും ഒന്നര മണിക്കൂര്‍ കൊണ്ടാണ് ഹരിയാന നിയമസഭ പാസാക്കിയത്. മനോഹര്‍ ലാല്‍ ഖട്ടര്‍ എന്ന മുന്‍ ആര്‍എസ്എസ് പ്രചാരകിന്റെ ഭരണകക്ഷി എംഎല്‍എമാര്‍ ബില്ലുകളൊക്കെ കൈയടിച്ചു പാസാക്കി. അവ ചര്‍ച്ച ചെയ്യാനൊന്നും നിയമസഭാ സാമാജികര്‍ക്ക് സമയമുണ്ടായിരുന്നില്ല. ഇതു ഹരിയാനയുടെ മാത്രം പ്രശ്‌നമല്ല. രാജ്യത്തെ എല്ലാ നിയമനിര്‍മാണ സഭകളിലേയും പ്രതിനിധികള്‍ക്ക് നിയമനിര്‍മാണമൊഴിച്ചുള്ള കാര്യങ്ങളിലാണ് കൂടുതല്‍ ശ്രദ്ധ. ടിവി ചാനലുകള്‍ വന്നതോടെ എപ്പോഴും ജനങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കുക എന്നതു മാത്രമാണ് പല നേതാക്കളുടെയും പ്രധാന പരിഗണന. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇന്ത്യന്‍ ജനാധിപത്യം ഒരു കാര്‍ണിവല്‍ ഘോഷമായി തകരുകയാണെന്ന ഉല്‍ക്കണ്ഠയ്ക്കാണ് ശക്തി കൂടുന്നത്. അത്തരം സാഹചര്യങ്ങളില്‍ ചെപ്പടിവിദ്യകള്‍ കാണിക്കുന്നവര്‍ക്ക് അധികാരത്തിലേറുക എളുപ്പമാവും. വസ്ത്രധാരണവും പ്രസംഗവും സാമൂഹിക മാധ്യമങ്ങളില്‍ കാശു കൊടുത്തുണ്ടാക്കുന്ന അമിത സാന്നിധ്യവും  കാശു കൊടുത്തു സംഘടിപ്പിക്കുന്ന പ്രചാരവേലയുമാവും അപ്പോള്‍ മിടുക്കിന്റെയും കാര്യപ്രാപ്തിയുടെയും ലക്ഷണങ്ങള്‍. നിലവിലെ വ്യവസ്ഥയ്‌ക്കെതിരേയുള്ള രോഷം കൂടുതല്‍ ജനവിരുദ്ധമായ വ്യവസ്ഥയോടുള്ള ഇഷ്ടമായി മാറിയെന്നുവരും. സമീപകാലത്ത് യൂറോപ്പിലും അമേരിക്കയിലും തീവ്രവലതുപക്ഷ എസ്റ്റാബ്ലിഷ്‌മെന്റാണ് പരിഷ്‌കര്‍ത്താക്കളുടെ വേഷമിട്ട് ജനപിന്തുണ നേടിയത്. ഏതാണ്ട് 790 അംഗങ്ങളുള്ള പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം വലിയ പരാജയമായിരുന്നു. നവംബര്‍ 8ന്റെ സാമ്പത്തിക മേഖലയിലുണ്ടായ മിന്നലാക്രമണത്തിനു ശേഷം ജനങ്ങള്‍ സ്വന്തം കാശ് തിരിച്ചുകിട്ടുന്നതിനു വേണ്ടി വരിനില്‍ക്കുമ്പോള്‍ ഭരണപക്ഷവും പ്രതിപക്ഷങ്ങളും പാവക്കൂത്തു കളിക്കുകയായിരുന്നു. ഇന്ത്യയിലെ 130 കോടി ജനങ്ങളില്‍ ഭൂരിപക്ഷവും കറന്‍സി റദ്ദാക്കിയതിനെക്കുറിച്ചു മാത്രം സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ നിയമനിര്‍മാണത്തിനായി ഡല്‍ഹിയിലേക്കു വിമാനം കയറിയവര്‍ ആ വിഷയം ഗൗരവത്തില്‍ ചര്‍ച്ച ചെയ്യുകയുണ്ടായില്ല. കാമറയ്ക്കു മുമ്പിലെ കളിയിലായിരുന്നു അവര്‍. സാധാരണഗതിയില്‍ ഏതു ജനപ്രതിനിധിസഭയിലും നിയമവിധേയമാണോ എന്നു സംശയമുള്ള ഒരു എക്‌സിക്യൂട്ടീവ് നടപടി അടിസ്ഥാനമാക്കി അവിശ്വാസപ്രമേയമെങ്കിലും അവതരിപ്പിക്കുന്ന പ്രതിപക്ഷമുണ്ടാവും. പ്രധാനമന്ത്രി ഒളിച്ചുകളി നടത്തുന്നതിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ കക്ഷികള്‍ നോട്ടുകള്‍ അസാധുവാക്കിയതു പ്രശ്‌നമാക്കിയില്ലെന്നു പറയാന്‍ പറ്റില്ല. പക്ഷേ, ഗൗരവമുള്ള ചര്‍ച്ചകള്‍ ഒന്നും നടന്നില്ല. പാര്‍ലമെന്റ് ചട്ടങ്ങളില്‍ ഏതു ഖണ്ഡികയുടെ അടിസ്ഥാനത്തിലാവണം ചര്‍ച്ച എന്നതായിരുന്നു പ്രധാന തര്‍ക്കം. 56ാം ചട്ടമാവണം ചര്‍ച്ചയുടെ അടിസ്ഥാനം എന്നു കോണ്‍ഗ്രസ് ശഠിച്ചപ്പോള്‍, അതു വേണ്ട, 193ാം ചട്ടം മതി എന്ന നിര്‍ബന്ധമായിരുന്നു ഭരണകക്ഷിക്ക്. ചെറിയ വിഷയങ്ങള്‍ ചെറുതോതില്‍ ചര്‍ച്ച ചെയ്യാന്‍ അനുവദിക്കുന്നതാണ് 193ാം ചട്ടം. ശീതകാല സമ്മേളനത്തിന്റെ ഏഴാം ദിവസമാണ് മോദി പാര്‍ലമെന്റില്‍ എത്തിയത്. ദിനംപ്രതി 18 കോടി ചെലവഴിച്ചാണ് പാര്‍ലമെന്റ് സമ്മേളനം നടത്തുന്നത്. എന്നാല്‍, പാര്‍ലമെന്റ് അംഗങ്ങള്‍ പരസ്പരം കലഹിച്ചു നടുത്തളത്തില്‍ ഇറങ്ങുകയും ആംഗ്യങ്ങള്‍ കാട്ടുകയും ചെയ്തതല്ലാതെ മറ്റൊന്നും നടന്നില്ല. അപ്രധാനമായ രണ്ടു ബില്ലുകളാണ് ലോക്‌സഭ പാസാക്കിയത്. അതുതന്നെ എംപിമാര്‍ ശ്രദ്ധിച്ചിരിക്കാനുള്ള സാധ്യത നന്നേ കുറവാണ്. 15 വര്‍ഷത്തിനുള്ളില്‍ നടന്ന ഏറ്റവും പ്രയോജനരഹിത സമ്മേളനം എന്നാണ് ഈയിടെ അവസാനിച്ച ശീതകാല സമ്മേളനത്തെക്കുറിച്ചുണ്ടായ വിലയിരുത്തല്‍. ലോക്‌സഭാംഗങ്ങള്‍ ഏതാണ്ട് 92 മണിക്കൂറും രാജ്യസഭാംഗങ്ങള്‍ 86 മണിക്കൂറും വെറുതെ കളയുകയായിരുന്നു. യുപിഎ ഭരിച്ചിരുന്ന കാലത്ത് ബിജെപി ചെയ്തതും ഇതുതന്നെയായിരുന്നു. പൊതുതിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് ഭരണത്തിന്റെ അഴിമതി ജനശ്രദ്ധ പിടിച്ചുപറ്റണമെന്ന ലക്ഷ്യത്തോടെ ബിജെപി പാര്‍ലമെന്റ് സമ്മേളനം ബഹളമയമാക്കി. പിന്നീട് അവര്‍ അനുകൂലിച്ച എല്ലാ നിയമനിര്‍മാണത്തെയും അന്നവര്‍ പാര്‍ലമെന്റില്‍ എതിര്‍ത്തു. ഇപ്പോള്‍ പാര്‍ലമെന്റ് സ്തംഭനത്തെക്കുറിച്ച് പ്രതിഷേധം അറിയിച്ച മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അഡ്വാനി അന്നു പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്തുന്നതിനും ഗുണഫലങ്ങളുണ്ട് എന്നാണ് അഭിപ്രായപ്പെട്ടിരുന്നത്. ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവായിരുന്ന അരുണ്‍ ജെയ്റ്റ്‌ലി പാര്‍ലമെന്റ് തടസ്സപ്പെടുത്തുന്നത് നിയമസാധുതയുള്ള തന്ത്രമാണ് എന്നാണ് പറഞ്ഞത്. മറ്റൊരു നേതാവായ സുഷമ സ്വരാജിന്റെ അഭിപ്രായത്തില്‍ ലോക്‌സഭയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തതും ജനാധിപത്യമായിരുന്നു. പാര്‍ലമെന്റ് സമ്മേളനങ്ങളിലെ റൗഡിയിസം ഇന്ത്യയില്‍ മാത്രം കാണുന്ന ഒരു പ്രവണതയല്ല. ഇന്ത്യയില്‍ ലോക്‌സഭയും രാജ്യസഭയും വളരെ കുറച്ചു ദിവസങ്ങളില്‍ മാത്രമാണ് സമ്മേളിക്കാറ്. 1950കളില്‍ മൂന്നു ഘട്ടങ്ങളിലായി ഏതാണ്ട് 140 ദിവസം പാര്‍ലമെന്റ് സമ്മേളിക്കാറുണ്ടായിരുന്നു. ഇന്നത് 60 ദിവസമായി ചുരുങ്ങി. ശീതകാല സമ്മേളനത്തില്‍ രണ്ട് അപ്രധാന ബില്ലുകള്‍ മാത്രം നിയമമായപ്പോള്‍ 50 ബില്ലുകള്‍ പാര്‍ലമെന്റിന്റെ അംഗീകാരം തേടി മേശപ്പുറത്ത് ഉണ്ടായിരുന്നു. അവയില്‍ പലതും വര്‍ഷങ്ങളായി അങ്ങനെ ഇരിപ്പാണ്.  ജനാധിപത്യത്തിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ തകര്‍ക്കരുതെന്നു വാശിയുള്ള ജനപ്രതിനിധികള്‍ ആദ്യകാല പാര്‍ലമെന്റില്‍ കൂടുതല്‍ ഉണ്ടായിരുന്നത് നിയമനിര്‍മാണത്തിന്റെ ഗുണനിലവാരം ഉയര്‍ത്തിപ്പിടിക്കുന്നതിനു വഴിവച്ചിട്ടുണ്ടാവും. രാഷ്ട്രീയമെന്നത് പണവും പ്രശസ്തിയും അധികാരവും നേടിയെടുക്കുന്നതിനുള്ള വഴിയായി കാണുന്നവര്‍ രംഗപ്രവേശം ചെയ്യുന്നത് പില്‍ക്കാലത്താണ്. ഇകണോമിക് ടൈംസ് പ്രസിദ്ധീകരിച്ച ഒരു റിപോര്‍ട്ട് പ്രകാരം രണ്ടു സഭകളും സമ്മേൡുന്ന, എംപിമാര്‍ സഭയില്‍ കുത്തിയിരുന്നു കലഹിക്കുന്ന വകയില്‍ മിനിറ്റിനു രണ്ടര ലക്ഷം രൂപയാണ് ചെലവ്. ഓരോ ലോക്‌സഭാ സമ്മേളനത്തിന്റെയും 72 ശതമാനം സമയം വെറുതെ കളയുകയാെണന്നു പറഞ്ഞത് യുപിഎ മന്ത്രിസഭയില്‍ പാര്‍ലമെന്ററികാര്യ മന്ത്രിയായിരുന്ന പവന്‍കുമാര്‍ ബന്‍സാലാണ്. രാജ്യസഭയിലും ഇത് 72 ശതമാനമാണ്. യുപിഎ ഭരണകൂടം കൊണ്ടുവന്ന ചരക്കു സേവനനികുതി ബില്ല് പാസാക്കുന്നതിനു ബിജെപിയായിരുന്നു പ്രധാന തടസ്സം. 2011ല്‍ തുടങ്ങിയതായിരുന്നു അതു സംബന്ധിച്ച അഭ്യാസം. ബില്ല് നിയമമാവാന്‍ എടുത്ത കാലതാമസം മൂലം മൊത്തം ആഭ്യന്തര ഉല്‍പാദനത്തില്‍ 1-2 ശതമാനം കുറവുണ്ടായതായി ധനശാസ്ത്രജ്ഞര്‍ കരുതുന്നു. അതുവഴി സര്‍ക്കാരിനു 20,000-40,000 കോടി രൂപയുടെ നികുതിയാണ് നഷ്ടപ്പെട്ടത്. സഭയില്‍ അവതരിപ്പിക്കപ്പെടുന്ന ബില്ലുകള്‍ ചര്‍ച്ച കൂടാതെ പാസാക്കുന്നവരും ഇതേ എംപിമാരാണ്. 2008ലെ യുഎപിഎ ഭേദഗതി ബില്ല് ഒരു ഉദാഹരണം. പിന്നീട് അതിന്റെ അനര്‍ഥങ്ങളെപ്പറ്റി പരാതി ഉയര്‍ന്നപ്പോള്‍ ‘അങ്ങനെയൊരു നിയമമുണ്ടോ’ എന്നു ചോദിച്ച മഹാന്‍മാരുമുണ്ട്. കഴിഞ്ഞ ലോക്‌സഭ 40,000 കോടി രൂപയുടെ സഹായം പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന ബില്ല് രണ്ടു മണിക്കൂര്‍ കൊണ്ടാണ് പാസാക്കിയത്. രാജ്യസഭ അതു ചര്‍ച്ച ചെയ്തതുപോലുമില്ല. എയര്‍ഇന്ത്യക്ക് 800 കോടിയും പ്രസാര്‍ ഭാരതിക്ക് 11,000 കോടിയും കെടുകാര്യസ്ഥത മൂലം പൊതുമേഖലാ ബാങ്കുകള്‍ വരുത്തിവച്ച നഷ്ടം പരിഹരിക്കാന്‍ 12,000 കോടിയും  വകയിരുത്തുമ്പോള്‍ അവയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി ചോദിച്ച ജനപ്രതിനിധികള്‍ കുറവായിരുന്നു. ഇത്തരമൊരു അപചയത്തിനു ജനപ്രതിനിധികള്‍ മാത്രമല്ല ഉത്തരവാദി. ഫെഡറല്‍ റിപബ്ലിക് ആണെങ്കിലും രാഷ്ട്രത്തിന്റെ ഔദ്യോഗിക നാമം യൂനിയന്‍ ഓഫ് ഇന്ത്യയാണ്. താരതമ്യേന അരക്ഷിതമായ ഒരു കാലത്ത് ഉണ്ടാക്കിയ ഭരണഘടന, എക്‌സിക്യൂട്ടീവിനും ജുഡീഷ്യറിക്കും നിയമനിര്‍മാണസഭയ്ക്ക് ഉള്ളതിനേക്കാള്‍ പ്രാധാന്യം നല്‍കുന്നുണ്ട്. മറ്റു ജനാധിപത്യ രാജ്യങ്ങളില്‍ നേരെ മറിച്ചാണ് സ്ഥിതി. ഉദാഹരണത്തിനു വലിയ അധികാരങ്ങളുള്ള അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയ്ക്ക് ഇതുവരെ ഗ്വണ്ടാനമോയിലെ കുപ്രസിദ്ധമായ തടങ്കല്‍പ്പാളയം അടച്ചുപൂട്ടാന്‍ പറ്റിയില്ല. ഇന്ത്യയില്‍ ഒരു എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ കൊണ്ട് സാധിക്കുന്നതാണിത്. ബ്രിട്ടിഷ് ഭരണകാലത്തെന്നപോലെ ഇന്നും ഭരണകൂടമാണ് പാര്‍ലമെന്റ് വിളിച്ചുകൂട്ടുന്നത്. ഭരണകൂടത്തിനു മറ്റു രാഷ്ട്രങ്ങളുമായി എന്തു കരാര്‍ ഉണ്ടാക്കുന്നതിനും പാര്‍ലമെന്റിന്റെ അനുമതി വേണ്ട. വലിയ വിവാദത്തിനു വഴിവച്ച ഇന്തോ-യുഎസ് ആണവകരാര്‍ പാര്‍ലമെന്റിനു പുറത്താണ് ചര്‍ച്ചയായത്. ഓര്‍ഡിനന്‍സുകള്‍ക്ക് പാര്‍ലമെന്റ് പാസാക്കുന്ന നിയമങ്ങള്‍ പോലെ സാധുതയുള്ളതിനാല്‍ ഭരണകൂടം ഓര്‍ഡിനന്‍സിനെ കൂടുതല്‍ ആശ്രയിക്കുന്നു. വലിയ ഭൂരിപക്ഷം നേടി അധികാരത്തില്‍ വന്ന ബിജെപി ഗവണ്‍മെന്റ് 2014ല്‍ മാത്രം എട്ട് ഓര്‍ഡിനന്‍സുകളാണ് പുറപ്പെടുവിച്ചത്. ശരാശരി ഓരോ മാസവും ഓരോ ഓര്‍ഡിനന്‍സ്. ബ്രിട്ടിഷ് ഭരണകാലത്ത് പ്രജകളെ പരിഗണിക്കാതെ ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ സൗകര്യപ്പെടുത്തിയിരുന്ന ഈ വകുപ്പ് കോണ്‍ഗ്രസ്സും ബിജെപിയും വ്യാപകമായി ഇപ്പോള്‍ ദുരുപയോഗം ചെയ്തുകൊണ്ടിരിക്കുന്നു. ബ്രിട്ടിഷ് പാര്‍ലമെന്റ് ദുരുപയോഗം മൂലം സ്വന്തം നാട്ടില്‍ അതു വേെണ്ടന്നു തീരുമാനിച്ചിട്ട് ദശാബ്ദങ്ങളായി. സ്വാഭീഷ്ടപ്രകാരമാണ് ഭരണകൂടങ്ങള്‍ ഓര്‍ഡിനന്‍സ് പാസാക്കാറ്. ആറു മാസത്തിനുള്ളില്‍ അതിനു പാര്‍ലമെന്റിന്റെ അംഗീകാരം വേണമെന്നാണ് നിയമം. പക്ഷേ, അതു മറികടക്കാന്‍ എക്‌സിക്യൂട്ടീവിനു ചില സൂത്രങ്ങള്‍ പ്രയോഗിക്കാം. ഉദാഹരണത്തിന്, മോദി സര്‍ക്കാര്‍ ‘ശത്രുസ്വത്ത്’ പിടിച്ചെടുക്കുന്നതിനുള്ള ഓര്‍ഡിനന്‍സ് സമയം തീരുന്നതിനു മുമ്പ് നാലു പ്രാവശ്യം പുതുതായി വിളംബരം ചെയ്തു. പാകിസ്താനിലേക്കു പോയവരെയൊക്കെ ശത്രുക്കളായി പ്രഖ്യാപിച്ച്, ഇന്ത്യന്‍ പൗരന്‍മാരും അല്ലാത്തവരുമായ അവരുടെ അനന്തരാവകാശികള്‍ക്ക് സ്വത്ത് നല്‍കാതിരിക്കാനായിരുന്നു ഈ ഓര്‍ഡിനന്‍സുകള്‍. രാജ്യസഭയില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിട്ടും സംഘപരിവാരം വഴങ്ങിയില്ല. പാര്‍ലമെന്റ് ചട്ടങ്ങളും അതിന്റെ അധികാരത്തില്‍ വിള്ളല്‍ വീഴ്ത്തുന്നു. ഉദാഹരണത്തിന്, പ്രധാനമന്ത്രി ഏതു വിഷയത്തിലും പാര്‍ലമെന്റില്‍ ഹാജരായി മറുപടി പറയണമെന്നില്ല. മോദി ‘മന്‍ കി ബാത്തു’മായി കഴിയുന്നതിനെ പ്രോല്‍സാഹിപ്പിക്കുന്നതാണീ ചട്ടം.  ചരക്കു സേവനനികുതി നിയമം പാസാക്കിയതിനു കാരണം ജനാധിപത്യബോധമല്ലെന്നു ഡല്‍ഹിയിലെ ഉപശാലകളില്‍ ഒരു സംസാരമുണ്ട്. നരേന്ദ്ര മോദി തന്റെ ഔദ്ധത്യം അവസാനിപ്പിച്ചു ഭൂമിയിലേക്ക് ഇറങ്ങിവന്നു ചര്‍ച്ചയ്ക്കു തയ്യാറായി. അനുകൂലിച്ചു വോട്ടു ചെയ്ത പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ബില്ല് പാസായാലുള്ള ഗുണമെന്തെന്ന് ആരോ ‘പഠിപ്പിച്ചു’കൊടുത്തു. നല്ല സ്റ്റൈപ്പന്റ് വാങ്ങിയിട്ടായിരുന്നു പഠനമത്രേ!                            ി

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss