|    Apr 21 Sat, 2018 8:55 pm
FLASH NEWS
Home   >  Editpage  >  Editorial  >  

ഈ നാടകത്തിന് തിരശ്ശീലയിടാന്‍ സമയമായി

Published : 6th October 2016 | Posted By: SMR

രാഷ്ട്രീയ നിരീക്ഷകനായ സി ആര്‍ നീലകണ്ഠന്‍ ചൂണ്ടിക്കാണിച്ചപോലെ, കൊല്ലംതോറും നടത്തിവരാറുള്ള സ്വാശ്രയ ചര്‍ച്ചയ്ക്കു വിരാമമിടാന്‍ സമയമായി. എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് പാതി സീറ്റ് സര്‍ക്കാരിന്, പാതി സീറ്റ് മാനേജ്‌മെന്റിന് എന്ന വ്യവസ്ഥയില്‍ സെല്‍ഫ് ഫിനാന്‍സിങ് കോളജ് മാനേജ്‌മെന്റുകളുമായി ഉണ്ടാക്കിയ കരാര്‍ അന്നുതൊട്ടേ വിവാദങ്ങള്‍ക്കു വഴിവച്ചിരുന്നു. അതിന്റെ പേരിലാണ് അന്നു പ്രതിപക്ഷത്തിരുന്ന സിപിഎം വലിയ സമരം നടത്തിയതും കൂത്തുപറമ്പ് രക്തസാക്ഷികളെ വര്‍ഷംതോറും അനുസ്മരിക്കുന്നതും.
രണ്ടു ദശാബ്ദക്കാലമായി പ്രഫഷനല്‍ കോഴ്‌സുകള്‍ക്കുള്ള പ്രവേശനം തുടങ്ങുന്ന സമയത്ത് അതുസംബന്ധിച്ച ചൂടുകൂടിയ ചര്‍ച്ചകള്‍ നടക്കുന്നു.  അതിനിടയില്‍ സമ്പന്നരുടെയും ഇടത്തരക്കാരുടെയും മക്കളും മരുമക്കളും കാശുകൊടുത്ത് പല കോഴ്‌സുകളിലും ചേരുന്നു. ഏതു നിരീക്ഷണസംവിധാനത്തെയും അട്ടിമറിച്ചുകൊണ്ട് മതന്യൂനപക്ഷങ്ങളും അല്ലാത്തവരും നടത്തുന്ന സ്ഥാപനങ്ങളില്‍ തന്നിഷ്ടംപോലെയാണു പ്രവേശനം. അതിനിടയില്‍ 20,000ത്തോളം എന്‍ജിനീയറിങ് സീറ്റുകള്‍ ചാകരക്കാലത്തെ മത്തിപോലെ തിരിഞ്ഞുനോക്കാന്‍ ആളില്ലാതെ ഒഴിഞ്ഞുകിടക്കുന്നു. സ്വകാര്യ മെഡിക്കല്‍ കോളജുകളിലാവട്ടെ, മതിയായ ലാബ് സൗകര്യങ്ങളോ ഫാക്കല്‍റ്റിയോ ഒന്നുമില്ലെങ്കിലും ഡോക്ടര്‍മാരെ നിര്‍മിച്ചുവിടുന്നു. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മേധാവി തന്നെ കൈക്കൂലി വാങ്ങിയ ചരിത്രമുള്ള നാട്ടില്‍ അങ്ങനെയൊക്കെയേ നടക്കൂ എന്നു കരുതി നാം ആശ്വസിക്കുന്നു.
വിദ്യാഭ്യാസത്തില്‍ കമ്പോളശക്തികള്‍ക്കു പ്രവേശനം കൊടുക്കുന്ന കാര്യത്തില്‍ ഇപ്പോള്‍ ഭരിക്കുന്ന പുരോഗമന ഇടതുപക്ഷത്തിനോ എതിരാളികള്‍ വലതുപക്ഷമെന്നു വിളിക്കുന്ന കോണ്‍ഗ്രസ് മുന്നണിക്കോ ഒരു അഭിപ്രായവ്യത്യാസവുമുള്ളതായി അനുഭവപ്പെട്ടിട്ടില്ല. പൊതുവിദ്യാഭ്യാസം സംരക്ഷിക്കണമെന്ന് ഇരുകൂട്ടരും പറയും. സ്വന്തം കുഞ്ഞുങ്ങളെ അയക്കാത്ത പ്രാഥമിക വിദ്യാലയങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടാനും ഇരുവിഭാഗത്തിലും നേതാക്കളുണ്ടാവും. സ്വാശ്രയ കോളജുകളുടെ കാര്യത്തിലും ബാഹ്യമായ കലഹങ്ങള്‍ക്കപ്പുറം ഇരുമുന്നണികളും ഐക്യത്തിലാണ്.
പ്രവേശനത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന പ്രതീതി സൃഷ്ടിച്ച് ഇടതുഭരണം ഈ വര്‍ഷം ശരാശരി 35 ശതമാനമാണ് സ്വാശ്രയ കോളജുകള്‍ക്ക് ഫീസ് വര്‍ധിപ്പിച്ചുകൊടുത്തത്. കരാറിനു തയ്യാറാവാത്ത മെഡിക്കല്‍ കോളജുകള്‍ക്ക് തോന്നിയപോലെ വാങ്ങാനും അനുമതിയുണ്ട്. ഈ കണ്‍കെട്ടുവിദ്യയിലുണ്ടായ അമര്‍ഷംകൊണ്ടാണ് യുഡിഎഫ് എംഎല്‍എമാര്‍ നിരാഹാരം കിടന്നത് എന്നു വിശ്വസിക്കാന്‍ ഇത്തിരി പ്രയാസമുണ്ട്. അവരുടെ മുന്‍കാല ചരിത്രം തന്നെ അതിനു കാരണം. അതിനാല്‍ ഈ നാടകത്തിന് തിരശ്ശീലയിടാന്‍ സമയമായി. അടുത്ത വര്‍ഷത്തെ പ്രവേശനത്തിനുള്ള ചര്‍ച്ചയ്ക്കിപ്പോള്‍ തുടക്കമിടുകയുമാവാം. ‘ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരരെ’ക്കുറിച്ച ഉല്‍ക്കണ്ഠയുള്ള എപ്പിസോഡിന്റെ കൗതുകം കുറയുമ്പോള്‍ കേരളീയര്‍ക്ക് വിനോദത്തിന് അതു വളരെ സഹായകമാവും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss