|    Oct 19 Thu, 2017 2:44 pm
FLASH NEWS
Home   >  News now   >  

ഈ എസ്മ ജനങ്ങള്‍ക്കെതിരേ

Published : 16th July 2017 | Posted By: G.A.G

അംബിക

വിദ്യാഭ്യാസ ലോണെടുത്ത് പഠിച്ചവര്‍ക്ക് തൊഴില്‍ചെയ്തു ലഭ്യമാവുന്ന വേതനംകൊണ്ട് ലോണ്‍ തിരിച്ചടവ് സാധ്യമാവാതെ വന്നതിനെ തുടര്‍ന്ന് നഴ്‌സുമാര്‍ ആത്മഹത്യകളില്‍ അഭയം തേടി. ഈ പ്രശ്‌നം മാധ്യമങ്ങള്‍ ഉയര്‍ത്തിയപ്പോഴാണ് നഴ്‌സിങ് മേഖലയിലെ കൊടും ചൂഷണം പൊതുസമൂഹത്തിന്റെ മുമ്പിലെത്തിയത്. ഇന്ത്യയിലെങ്ങുമുള്ള സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ ഇതോടെ സംഘടിക്കാന്‍ തുടങ്ങി. ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍, യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകള്‍ സമരരംഗത്തെത്തി. നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ ബലരാമന്‍ കമ്മീഷനെ നിയമിച്ചു. നഴ്‌സുമാരുടെ സേവന വേതന വ്യവസ്ഥകള്‍ സംബന്ധിച്ച് കമ്മീഷന്‍ നിരവധി ശുപാര്‍ശകള്‍ സമര്‍പ്പിച്ചു. അതൊന്നും പ്രായോഗികമായില്ല.
തുല്യജോലിക്കു തുല്യവേതനം എന്ന സുപ്രിംകോടതി നിര്‍ദേശം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് വീണ്ടും നഴ്‌സുമാരുടെ സംഘടനകള്‍ സമരരംഗത്തിറങ്ങിയിരിക്കുന്നത്. മൂന്നാഴ്ചയോളമെത്തിയ സമരം സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ടെങ്കിലും അവശ്യസേവനങ്ങളില്‍ ഒരു കോട്ടവും വരാതെ നോക്കാനും പൊതുജനങ്ങള്‍ക്ക് വലിയ വിഷമം വരാതിരിക്കാനും ഇതുവരെയും അവര്‍ ശ്രദ്ധിച്ചു. എന്നാല്‍, എസ്മ പ്രയോഗിക്കാനുള്ള ആവശ്യവുമായി സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ കോടതിയെ സമീപിക്കുകയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ അനുകൂല നിലപാടും ഇല്ലാതെ വരുകയും ചെയ്തതോടെ സമരം ശക്തമാക്കാനുള്ള നീക്കത്തിലാണ് ഇവര്‍. എസ്മ നടപ്പാക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കിയ സാഹചര്യത്തില്‍ ജയിലുകള്‍ നഴ്‌സുമാരെക്കൊണ്ടു നിറയും എന്നാണ് യുഎന്‍എ പ്രസിഡന്റ് ജാസ്മിന്‍ഷ പറയുന്നത്. ജൂലൈ 17 മുതല്‍ 80,000ഓളം വരുന്ന നഴ്‌സുമാര്‍ പൂര്‍ണമായും സമരമുഖത്തെത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഷോപ്‌സ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്റ്റിനു കീഴിലാണ് സ്വകാര്യ ആശുപത്രികളിലെ സേവന വേതന വ്യവസ്ഥകള്‍ നിജപ്പെടുത്തിയിരിക്കുന്നത്. ആതുരശുശ്രൂഷാ മേഖലയ്ക്കും കച്ചവടസ്ഥാപനങ്ങള്‍ക്കും ഒരേ നിയമം ബാധകമാക്കുന്ന അവസ്ഥയ്ക്കാണ് ആദ്യം മാറ്റം വരുത്തേണ്ടത്.  പുതിയ നിയമനിര്‍മാണമാണ് ആവശ്യമെങ്കില്‍ അതിനുള്ള ഇച്ഛാശക്തിയാണ് ജനങ്ങള്‍ക്കൊപ്പമെന്നു പറയുന്ന സര്‍ക്കാര്‍ പ്രകടിപ്പിക്കേണ്ടത്.
പേരും പ്രശസ്തിയുമുള്ള പല സ്വകാര്യ ആശുപത്രികളും രാപകല്‍ കഠിനാധ്വാനം ചെയ്യുന്ന നഴ്‌സുമാര്‍ക്ക് മാസശമ്പളമായി നല്‍കുന്നത് 6,500 രൂപയാണ്. രോഗികളെ കൊള്ളയടിച്ച് ഭാരിച്ച ഫീസുകള്‍ വാങ്ങുന്ന വന്‍കിട ആശുപത്രികളുടെ സ്ഥിതിയാണിത്. ചെറുകിട ആശുപത്രികളിലെ ശമ്പളനിരക്ക് 3000-4000 വരെയാണ്.
യഥാര്‍ഥത്തില്‍ സര്‍ക്കാര്‍ ആശുപത്രികളിലെ നഴ്‌സുമാര്‍ ചെയ്യുന്ന അതേ ജോലി ചെയ്യുന്നവരെ അപമാനിക്കുന്ന നിലപാടാണ് മാനേജ്‌മെന്റും സര്‍ക്കാരും സ്വീകരിച്ചിട്ടുള്ളത്. എല്‍ഡിഎഫിന്റെ പ്രകടനപത്രികയില്‍ ദിവസം 600 രൂപ വേതനമായി നല്‍കുമെന്ന വാഗ്ദാനമുണ്ട്.
വളരെ ന്യായമായ ആവശ്യങ്ങള്‍ സ്വകാര്യ മാനേജ്‌മെന്റുകളെക്കൊണ്ട് അംഗീകരിപ്പിക്കാനുള്ള ആര്‍ജവമാണ് ആരോഗ്യവകുപ്പ് പ്രകടിപ്പിക്കേണ്ടത്. അതിനു പകരം സ്വകാര്യ ആശുപത്രി മുതലാളിമാര്‍ നഴ്‌സുമാരെ ഭയപ്പെടുത്താന്‍ ആശുപത്രികള്‍ അടച്ചിടുമെന്ന് ഭീഷണിപ്പെടുത്തുമ്പോള്‍ ഒപ്പം ചേരുകയാണ് സര്‍ക്കാര്‍.
പകര്‍ച്ചപ്പനിയുടെ പേരുപറഞ്ഞ് ജനങ്ങളെയും നഴ്‌സുമാരെയും തമ്മിലടിപ്പിക്കാനുള്ള കുതന്ത്രമാണ് സര്‍ക്കാര്‍ മെനയുന്നത്. ഹൈക്കോടതി ഉത്തരവനുസരിച്ച് എസ്മ നടപ്പാക്കുന്നതിനേക്കാള്‍ സുപ്രിംകോടതി നിര്‍ദേശിച്ച സേവന വേതന വ്യവസ്ഥകള്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തേണ്ടത്. ജനങ്ങളുടെയും തൊഴിലാളികളുടെയും താല്‍പര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കേണ്ട ഒരിടതുപക്ഷ ഗവണ്‍മെന്റ് സ്വകാര്യ മുതലാളിമാര്‍ക്ക് ഒപ്പമാണിപ്പോള്‍ നില്‍ക്കുന്നത്. എത്രയും പെട്ടെന്ന് നഴ്‌സുമാരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ച് സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക