|    Sep 24 Mon, 2018 10:55 am

ഈശ്വരന്‍ എമ്പ്രാന്തിരിയുടെ പുസ്തകങ്ങള്‍ ഇനി കണ്ണൂര്‍ സര്‍വകലാശാലയ്ക്

Published : 10th January 2017 | Posted By: fsq

 

ക്കാഞ്ഞങ്ങാട്: ജീവനുതുല്യം സ്‌നേഹിച്ച പുസ്തകശേഖരം ഇനി പുതുതലമുറയ്ക്ക് സ്വന്തം. വേലാശ്വരം പെരികമനയിലെ ഈശ്വരന്‍ എമ്പ്രാന്തിരിയുടെ ആറായിരത്തോളം പുസ്തകങ്ങളാണ് കണ്ണൂര്‍ സര്‍വകലാശാലയുടെ നീലേശ്വരം കാംപസിന് നല്‍കുന്നത്. ഇതില്‍ ആദിമകവി ചീരാമന്റേതെന്ന് പറയപ്പെടുന്ന രാമചരിതം മുതല്‍ പുതുതലമുറയിലെ പി വി ഷാജികുമാറിന്റെ വെള്ളരിപ്പാടം വരെ ഉള്‍പ്പെടും. പെരികമനയിലെ മച്ചിന്‍പുറത്ത് അരനൂറ്റാണ്ടായി സൂക്ഷിച്ചുപോന്ന അറിവിന്റെ അക്ഷയഖനിയാണ് ഈ എഴുപതുകാരന്‍ പുതുതലമുറയ്ക്ക് സമ്മാനിക്കുന്നത്.പത്താം ക്ലാസ് പഠനത്തിനുശേഷം സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളില്‍ ശാന്തിക്കാരനായി ജോലി ചെയ്ത ഈശ്വരന്‍ എമ്പ്രാന്തിരിക്ക് എന്നും കൂട്ട് പുസ്തകങ്ങളായിരുന്നു. മലയാളത്തിലെ ആദ്യകാല പുസ്തകങ്ങളായ ആര്‍ച്ച് ഡീക്കന്‍ കോശിയുടെ പുല്ലേലികുഞ്ചു, അപ്പു നെടുങ്ങാടിയുടെ കുന്ദലത, മിസിസ് റിച്ചാര്‍ഡ് കോളിന്‍സിന്റെ ഘാതകവധം തുടങ്ങിയ അപൂര്‍വകൃതികളുടെ ആദ്യകാല കോപ്പികള്‍ എമ്പ്രാന്തിരിയുടെ ശേഖരത്തിലുണ്ട്. ലഭ്യമാകാത്ത പുസ്തകങ്ങളുടെ ഫോട്ടോസ്റ്റാറ്റ് കോപ്പികളെടുത്ത് ബൈന്‍ഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്. ചരിത്രവും ഫിക്ഷനുമാണ് ഏറ്റവും താല്‍പര്യം.  ഭാര്യ സുഭദ്ര അന്തര്‍ജനത്തിനും നാലു പെണ്‍മക്കള്‍ക്കും മരുമക്കള്‍ക്കും പേരക്കുട്ടികള്‍ക്കും ഈ പുസ്തകശേഖരം ഏറെ പ്രിയം തന്നെ. പുസ്തകങ്ങള്‍ സൂക്ഷിക്കുന്നതിലുള്ള പ്രായോഗിക ബുദ്ധിമുട്ടാണ് ഇങ്ങനെയൊരു തീരുമാനത്തിനു പിന്നിലെന്ന് എമ്പ്രാന്തിരി പറയുന്നു. ഈ ശേഖരത്തിലെ 3000 ത്തോളം പുസ്തകങ്ങള്‍ അമൂല്യമാണെന്ന് നീലേശ്വരം പി കെ രാജന്‍ സ്മാരക കാംപസ്് ഡയറക്ടര്‍ ഡോ. എ എം ശ്രീധരന്‍ പറഞ്ഞു. കാംപസിലെ മലയാളം പഠനവകുപ്പില്‍ ഈശ്വരന്‍ എമ്പ്രാന്തിരിയുടെ പേരിലായിരിക്കും ഈ റഫറന്‍സ് ലൈബ്രറി ഒരുങ്ങുക.  13ന് കാഞ്ഞങ്ങാട് പി സ്മാരകത്തില്‍ നടക്കുന്ന ചടങ്ങില്‍ പുസ്തകം കൈമാറും. കണ്ണൂര്‍ സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. അബ്ദുല്‍ഖാദര്‍ മാങ്ങാട് ഉദ്ഘാടനം ചെയ്യും. രജിസ്ട്രാര്‍ ഡോ.ബാലചന്ദ്രന്‍ കീഴോത്ത് പുസ്തകം ഏറ്റുവാങ്ങും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss