|    Nov 16 Fri, 2018 7:18 am
FLASH NEWS

ഈരാറ്റുപേട്ടയില്‍ സിപിഎമ്മില്‍ ഭിന്നത രൂക്ഷമായി

Published : 13th November 2017 | Posted By: fsq

 

ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയില്‍ സിപിഎമ്മില്‍ ഭിന്നത രൂക്ഷമായി. സിപിഎം ഈരാറ്റുപേട്ട ലോക്കല്‍ കമ്മിറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പുഞ്ഞാര്‍ ഏരിയാ കമ്മിറ്റി മാനദണ്ഡം ലംഘിച്ചെന്നും അരുവിത്തുറ ഹൈസ്‌കുള്‍ സ്റ്റേഡിയം അടച്ചിട്ട വിഷയത്തില്‍ സ്‌കുള്‍ മാനേജ്‌മെന്റിനോട് അനുകൂല നിലപാട് സ്വീകരിച്ചെന്നും ചൂണ്ടിക്കാട്ടി പാര്‍ട്ടിയിലെ ഒരു വിഭാഗം കേന്ദ്ര സംസ്ഥാന ഘടകങ്ങള്‍ക്കു പരാതി അയച്ചു. തങ്ങളുടെ പരാതി പരിഗണിച്ചില്ലെങ്കില്‍ പാര്‍ട്ടി വിട്ട് സിപിഐയില്‍ അംഗത്വമെടുക്കുമെന്ന് ഇവര്‍ സുചിപ്പിച്ചു.സംസ്ഥാന ജില്ലാ നേതാക്കളുടെ വഴിവിട്ട സഹായത്താല്‍ ഈരാറ്റുപേട്ട ലോക്കല്‍ കമ്മിറ്റി തിരഞ്ഞെടുപ്പില്‍ ഒദ്യോഗിക വിഭാഗം വ്യാപകമായ ക്രമക്കേട് നടത്തിയെന്നാണു പരാതിയില്‍ ആരോപിക്കുന്നത്. പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി പിടിച്ചെടുക്കാന്‍ മാനദണ്ഡം പാലിക്കാതെ ചിലരെ അയോഗ്യരാക്കിയതായും ശിക്ഷാ നടപടികള്‍ പിന്‍വലിക്കപ്പെട്ട അംഗങ്ങളെ മല്‍സരിക്കുന്നതിനു വിലക്കേര്‍പ്പെടുത്തിയതായും ആരോപിക്കുന്നു. 14 അംഗ കമ്മറ്റിയില്‍ ഇരു വിഭാഗത്തിനും ഏഴുപേര്‍ വീതമാണു ലഭിച്ചതെന്നു വിമത വിഭാഗം പറയുന്നു. തങ്ങളുടെ പക്ഷത്തുള്ള ഒരാള്‍ വിദേശത്തായതിനാലാണ് സെക്രട്ടറി സ്ഥാനത്തേയ്ക്കു മല്‍സരിക്കാതിരുന്നതെന്നും ഇവര്‍ പറയുമ്പോള്‍ വിദേശത്തുള്ളയാള്‍ ഉള്‍പ്പെടെ ആറു പേരൊഴികെ എട്ടു പേര്‍ തങ്ങളുടെ പക്ഷത്താണെന്ന് ഔദ്യോഗിക വിഭാഗം പറയുന്നു. പാര്‍ട്ടിയില്‍ പടരുന്ന വിഭാഗീയതക്കെതിരേ പ്രവര്‍ത്തകരില്‍ ബ്രാഞ്ചു സമ്മേളനങ്ങളില്‍ ശക്തമായ അമര്‍ഷം പുകഞ്ഞിരുന്നു. ജില്ലാ കമ്മിറ്റിയംഗത്തിന്റെ ഭാര്യ നിയമസഭാ തിരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനര്‍ഥി പി സി ജോര്‍ജിന്റെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് 30,000 രൂപ സംഭാവന നല്‍കിയതും ബ്രാഞ്ച് സമ്മേളനങ്ങളില്‍ ചര്‍ച്ചയായി. ഔദ്യോഗിക വിഭാഗവും മറുവിഭാഗവും തമ്മിലുള്ള അഭിപ്രായ വ്യത്യാസം അവസാനം സംഘര്‍ഷത്തിലെത്തുകയും മൂന്നുപേര്‍ക്കെതിരേ നടപടികളെടുക്കേണ്ട ഘട്ടത്തിലെത്തുകയും ചെയ്തു. ലോക്കല്‍ കമ്മിറ്റി പിടിച്ചെടുക്കാന്‍ ഇതുവരെ കാണാത്ത പ്രചരണങ്ങളാണു നടന്നത്. 85 അംഗങ്ങളില്‍ അയോഗ്യരും വിദേശത്തുള്ളവരും കഴിഞ്ഞ് 81 പേര്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുത്തു. വിമത പക്ഷത്തു നിന്ന് രണ്ടു പേര്‍ പരാജയപ്പെട്ടത് ഒന്നും രണ്ടും വോട്ടുകള്‍ക്കാണ്. ഒദ്യോഗിക പക്ഷം അവസാനവട്ടം നടത്തിയ ചില നീക്കുപോക്കുകളും, ചില നടപടികളുമാണ് അവരെ തുണച്ചത്. ഇലക്ഷനില്‍ മല്‍സരിക്കുന്നതില്‍ നിന്നും മൂന്നുപേരേ വിലക്കിയത് വിമത പക്ഷത്തിന് ഏറ്റ കനത്ത തിരിച്ചടിയായി അവര്‍ വിലയിരുത്തുന്നു. ഇത് ഒരു സംസ്ഥാന കമ്മിറ്റി അംഗത്തിന്റെ സഹായത്തോടെ ജില്ലാ കമ്മറ്റി മെംബര്‍ ചെയ്ത പണിയാണെന്ന് വിമതപക്ഷം ആരോപിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിനു ശേഷം ഒദ്യോഗിക വിഭാഗം നടത്തിയ പ്രകടനത്തില്‍ മറുപക്ഷം വിട്ടുനിന്നു. പൊതുയോഗത്തിലും പങ്കെടുത്തില്ല. തുടര്‍ന്ന് ഇവര്‍ സമാന്തര യോഗം ചേരുകയും ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന കമ്മറ്റിക്കും പോളിറ്റ്ബ്യൂറോ ഉള്‍പ്പെടെയുള്ള മേല്‍ ഘടങ്ങളിലേക്കും പരാതി അയയ്ക്കുകയും ചെയ്തു. അനുകൂല സമീപനമുണ്ടായില്ലെങ്കില്‍ പാര്‍ട്ടി വിട്ട് സിപിഐയില്‍ ചേരാനും ഇവര്‍ തീരുമാനിച്ചിട്ടുണ്ട്. 17ാം തിയ്യതി നടക്കുന്ന സിപിഐ സമ്മേളനത്തില്‍ എത്തി മന്ത്രി സുനില്‍ കുമാറില്‍ നിന്ന് സിപിഐ അംഗത്വമെടുക്കാനാണ് ഇവരുടെ തീരുമാനം. ഇതു സംബന്ധിച്ച് സിപിഐ നേതൃത്വവുമായി ചര്‍ച്ചകള്‍ നടന്നുവരുന്നു. ഈരാറ്റുപേട്ടയ്ക്കു പുറമേ പൂഞ്ഞാര്‍ ഏരിയയിലെ മറ്റു ചില ലോക്കല്‍ കമ്മിറ്റിയിലെ അസംതൃപ്തരും ഇവരോടൊപ്പം ചേരാനിടയുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss