|    Oct 23 Mon, 2017 4:36 am

ഈനാംപേച്ചിയെ കൊന്ന് ശല്‍കം വില്‍ക്കാന്‍ ശ്രമിച്ച മൂന്ന് ആദിവാസികള്‍ അറസ്റ്റില്‍

Published : 29th July 2016 | Posted By: SMR

കോതമംഗലം: മാമലക്കണ്ടത്ത് ഈനാം പേച്ചിയെ കൊന്ന് ശല്‍കം വില്‍ക്കാന്‍ ശ്രമിച്ച മൂന്ന് ആദിവാസികളെ വനപാലകര്‍ അറസ്റ്റ് ചെയ്തു.
കുട്ടംമ്പുഴ പഞ്ചായത്തിലെ മാമലക്കണ്ടത്തിന് സമീപം മേട് നാപ്പാറ ഊരിലെ തങ്കന്‍ (42), കൂട്ടുപ്രതികളായ പന്തപ്ര കുടിയിലെ ബാബു (40), പിണവുര്‍ കുടിയിലെ ജാനു (42) എന്നിവരാണ് പിടിയിലായത്.
മേട് നാപ്പാറ ആദിവാസി കുടിക്ക് സമീപമുള്ള കാട്ടില്‍ നിന്നു മാണ് ഈനാംപേച്ചിയെ തങ്കന്‍ പിടികൂടിയത്. ഇതിന് ശേഷം വീട്ടില്‍ കൊണ്ട് വന്ന് കൊന്ന് ഒന്നരക്കിലോയോളം ഇറച്ചി ഭക്ഷിച്ചതായി തങ്കന്‍ സമ്മതിച്ചതായി വനപാലകര്‍ പറഞ്ഞു. ഇതിനു ശേഷം ഇതിന്റെ ശല്കം കോതമംഗലത്ത് എത്തിച്ച് തങ്കനും കൂട്ടുപ്രതികളായ ബാബുവും ജാനുവും കൂടി വില്‍പന നടത്തുവാനുള്ള ശ്രമത്തിനിടെയാണ് വനപാലകരുടെ പിടികിലായത്. ഈനാംപേച്ചിയുടെ ശല്‍കത്തിന് മാര്‍ക്കറ്റില്‍ നല്ല വില ലഭിക്കും. ദുര്‍മന്ത്രവാദത്തിനും ചൈനീസ് മരുന്ന് ഉല്‍പാദനത്തിനും ഇവ ഉപയോഗിക്കുന്നതായാണ് അറിവ്.
ആനക്കൊമ്പ് വില്‍പനക്ക് കൊണ്ടുവരുന്നുണ്ടെന്ന ഫോറസ്റ്റ് ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കുട്ടംമ്പുഴ റേഞ്ച് ഓഫിസര്‍ ടി എസ് സേവ്യറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.
വനം വകുപ്പിന്റെ കണക്ക് പ്രകാരം ഷെഡ്യൂള്‍ ഒന്നില്‍പ്പെടുന്ന ജീവിയാണ് ഈനാം പേച്ചി. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക