|    Nov 13 Tue, 2018 5:51 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ഈത്തപ്പഴ മേളയിലേക്ക് സന്ദര്‍ശകരുടെ ഒഴുക്ക്

Published : 2nd August 2016 | Posted By: sdq

ദോഹ: സൂഖ് വാഖിഫില്‍ ആരംഭിച്ച പ്രാദേശിക ഈത്തപ്പഴ വിപണന മേളയില്‍ വന്‍തിരക്ക്. പ്രവാസികളും സ്വദേശികളും ഉള്‍പ്പെടെ ആയിരക്കണക്കിനാളുകളാണ് ദിനേനെ മേള സന്ദര്‍ശിക്കാനെത്തുന്നത്. മേളയുടെ ആദ്യദിനം മൂന്ന് ടണ്‍ ഈത്തപ്പഴമാണ് വിറ്റത്. 18 പ്രാദേശിക ഫാമുകളാണ് മേളയില്‍ പങ്കെടുക്കുന്നത്. എല്ലാ ദിവസവും വൈകിട്ട് നാല് മുതല്‍ രാത്രി പത്ത് വരെയാണ് മേള നടക്കുന്നത്. പതിനായിരങ്ങള്‍ ഇതിനകം വിപണന മേള സന്ദര്‍ശിച്ചുകഴിഞ്ഞു.
സൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളില്‍ നിന്ന് മേളയില്‍ സന്ദര്‍ശകര്‍ എത്തുന്നുണ്ട്. രണ്ടായിരം ഈത്തപ്പഴ പെട്ടികളാണ് ആദ്യ ദിനത്തില്‍ വിറ്റതെന്ന് നഗരസഭ പരിസ്ഥിതി മന്ത്രാലയം ട്വിറ്ററില്‍ വ്യക്തമാക്കി. വരും ദിവസങ്ങളില്‍ കൂടുതല്‍ ഫാമുകള്‍ മേളയില്‍ പങ്കെടുക്കുമെന്നും മന്ത്രാലയത്തിലെ കാര്‍ഷിക വകുപ്പ് ഡയറക്ടര്‍ യൂസഫ് അല്‍ ഖുലൈഫി പറഞ്ഞു. ഈത്തപ്പഴത്തിലെ പ്രമുഖ ഇനങ്ങളായ ഖലാസ്, ഖനീസി, ഷിഷി, ബര്‍ഹി, അര്‍സിസ് എന്നിവയെല്ലാം മേളയിലുണ്ട്. അതേസമയം ഇനിയും കൂടുതല്‍ വ്യത്യസ്ത ഇനങ്ങള്‍ ഫാമുകളിലുണ്ടെന്നും അവ വളരെ വിരളമായതിനാല്‍ കര്‍ഷകര്‍ വില്‍ക്കാന്‍ തയ്യാറല്ലെന്നും അല്‍ ഖുലൈഫി പറഞ്ഞു. മുന്‍ വര്‍ഷത്തില്‍ ഈത്തപ്പഴ മേളയില്‍ വിപണനം ഇല്ലായിരുന്നു. രാജ്യത്ത് ഉല്‍പാദിപ്പിക്കുന്ന ഈത്തപ്പഴത്തെക്കുറിച്ച് ജനങ്ങളില്‍ ബോധവല്‍ക്കരണം മാത്രമായിരുന്നു ലക്ഷ്യമിട്ടത്. എന്നാല്‍, ഇത്തവണ വില്‍പ്പനയും ഒരുക്കിയിട്ടുള്ളത് കാരണം കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുകയാണ്. പല ഈത്തപ്പഴങ്ങള്‍ക്കും വിലക്കുറവുണ്ട്. ദോഹയിലെ മറ്റ് സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും കച്ചവട സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ വില കുറച്ചാണ് പല ഈത്തപ്പഴങ്ങളും ഇവിടെ നിന്ന് ലഭിക്കുന്നത്. മിതമായ വിലക്ക് ശുദ്ധമായ, ഉന്നത ഗുണനിലവാരമുള്ള പ്രാദേശിക ഈത്തപ്പഴം മേളയില്‍ ലഭിക്കുന്നത് സന്ദര്‍ശകര്‍ക്ക് ഏറെ സന്തോഷം നല്‍കുന്നുണ്ട്. മേളയില്‍ ഈത്തപ്പഴത്തിന്റെ തൈകളും വില്‍ക്കുന്നുണ്ട്. 79 എണ്ണം ആദ്യ ദിനത്തില്‍ വിറ്റു. കുറഞ്ഞ നിരക്കിലാണ് തൈകള്‍ വില്‍ക്കുന്നത്. ഒരു ഈത്തപ്പഴത്തിന്റെ തൈക്ക് മേളയില്‍ 85 റിയാല്‍ മുതലാണ് വില. അതേമയം, മാര്‍ക്കറ്റില്‍ ഇതിന് 230ഉം 250 റിയാലാണ് വില. രാജ്യത്തെ പൗരന് പരമാവധി അഞ്ച് തൈകള്‍ വാങ്ങാനേ അനുമതിയുള്ളു.
സ്വന്തമായി ഈത്തപ്പഴം ഉല്‍പാദിപ്പിക്കാന്‍ പൗരന്‍മാരെ പ്രോല്‍സാഹിപ്പിക്കുന്നതിനായാണ് കുറഞ്ഞ നിരക്കില്‍ തൈകള്‍ വില്‍ക്കുന്നതെന്ന് അല്‍ ഖുലൈഫി പറഞ്ഞു. ടിഷ്യൂ കള്‍ച്ചറല്‍ വഴി ഉല്‍പാദിപ്പിച്ച തൈകളാണ് വില്‍ക്കുന്നത്. ഉയര്‍ന്ന ഗുണനിലവാരമുള്ളതും രോഗങ്ങളെ പ്രതിരോധിക്കാനുള്ള ശേഷിയുള്ളതുമായ തൈകളാണ് അവ. രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത 1,340 ഫാമുകളില്‍ 839 എണ്ണം വളരെ സജീവമാണ്. 4,69,500 മരങ്ങളാണ് 25,985 ഹെക്ടറിലായി വളരുന്നത്. പ്രതിവര്‍ഷം പ്രാദേശിക ഫാമുകളില്‍ നിന്ന് 3,10,00 ടണ്‍ ഈത്തപ്പഴമാണ് ഉല്‍പാദിപ്പിക്കുന്നത്. ഇത് വിപണിയിലെ 88.4 ശതമാനം ആവശ്യവും പൂര്‍ത്തീകരിക്കുന്നുണ്ടെന്നു അല്‍ ഖുലൈഫി പറഞ്ഞു.
മന്ത്രാലയത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നടത്തിയ സര്‍വേ പ്രകാരം 61 ശതമാനം പേരും ഇത്തവണത്തെ മേള വളരെ നല്ല സംരഭമാണെന്ന് അഭിപ്രായപ്പെട്ടു. 1
8 ശതമാനം പേര്‍ നല്ലതാണെന്നും 21 ശതമാനം പേര്‍ മികച്ചതാണെന്നും അഭിപ്രായപ്പെട്ടു. ഉചിതമായ സമയത്താണ് മേള നടത്തുന്നതെന്നും സൂഖ് വാഖിഫ് മേളയ്ക്കായി തിരഞ്ഞെടുത്തത് ഏറ്റവും മികച്ചതാണെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് സൂഖ് വാഖിഫ്. മുന്‍ വര്‍ഷത്തേക്കാള്‍ ഇത്തവണ മൂന്ന് ദിവസം കൂടുതലാണ് മേള. 14ന് മേള സമാപിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss