|    May 26 Fri, 2017 8:43 pm
FLASH NEWS

ഈണം-സ്വരലയ ഭരത് മുരളി ദേശീയപുരസ്‌കാരം കമലഹാസന്; കെഎസ് ചിത്ര അര നൂറ്റാണ്ടിലെ മികച്ച ഗായിക

Published : 14th July 2016 | Posted By: SMR

തിരുവനന്തപുരം: അഭിനയപ്രതിഭയ്ക്കുള്ള ഈ വര്‍ഷത്തെ ഈണം-സ്വരലയ ഭരത് മുരളി ദേശീയ പുരസ്‌കാരം നടന്‍ കമലഹാസന്. അര നൂറ്റാണ്ടിലെ മികച്ച ഗായികയായി കെ എസ് ചിത്രയെയും തിരഞ്ഞെടുത്തു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് ഇരുവരുടെയും പുരസ്‌കാരമെന്ന് ജൂറി ചെയര്‍മാന്‍ എംഎ ബേബി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്കാണ് ഈ വര്‍ഷത്തെ ഈണം-സ്വരലയ സുവര്‍ണ പ്രതിഭ പുരസ്‌കാരം. 50,000 രൂപയും പ്രശസ്തിപത്രവും ശില്‍പ്പവുമാണ് പുരസ്‌കാരം. ജനപ്രിയഗാനത്തിനുള്ള ഈണം-സ്വരലയ സോങ് ഓഫ് ദ ഇയര്‍ അവാര്‍ഡ് പ്രേമം എന്ന ചിത്രത്തിലെ മലരേ നിന്നെ കാണാതിരുന്നാല്‍ എന്ന ഗാനത്തിനാണ്.
ശബരീഷ് വര്‍മ രചിച്ച് രാജേഷ് മുരുഗേശന്‍ ഈണം പകര്‍ന്ന് വിജയ് യേശുദാസ് ആലപിച്ചതാണ് ഈ ഗാനം. മൂവര്‍ക്കും 50,000 രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും സ്വര്‍ണപ്പതക്കവും പുരസ്‌കാരമായി നല്‍കും. ഓണ്‍ലൈന്‍ വോട്ടിങിലൂടെയാണ് ജനപ്രിയഗാനവും സുവര്‍ണ ഗായികയെയും തിരഞ്ഞെടുത്തത്.
ലെനിന്‍ രാജേന്ദ്രന്‍, എം ജയചന്ദ്രന്‍, പ്രഭാവര്‍മ എന്നിവരാണ് മറ്റ് ജൂറി അംഗങ്ങള്‍. അവാര്‍ഡ് ജേതാക്കളുടെ സൗകര്യം കണക്കിലെടുത്ത് പുരസ്‌കാരം വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഈണം ഇന്റര്‍നാഷനല്‍ ചെയര്‍മാന്‍ സിസി തമ്പി, ജൂറി അംഗം ലെനിന്‍ രാജേന്ദ്രന്‍, സ്വരലയ കേരള ചാപ്റ്റര്‍ ചെയര്‍മാന്‍ ജി രാജ്‌മോഹന്‍, ഭാരവാഹികളായ ആര്‍എസ് ബാബു, തോമസ് ഫിലിപ്പ് പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day