|    Nov 19 Sun, 2017 3:50 pm
FLASH NEWS

ഇ-ഹെല്‍ത്ത്: ആരോഗ്യ സംവിധാനങ്ങള്‍ കംപ്യൂട്ടര്‍വല്‍കൃതമാകുന്നു; ഉദ്ഘാടനം ഇന്ന്

Published : 5th August 2017 | Posted By: fsq

 

തൃശൂര്‍: പൊതുജനാരോഗ്യ സംവിധാനങ്ങള്‍ കാര്യക്ഷമവുമാകുന്നതിന് ഇ-ഹെല്‍ത്ത് പദ്ധതിക്ക് ജില്ലയില്‍ ഇന്ന് തുടക്കമാകും.  അരണാട്ടുകര ടാഗോര്‍ സെന്റിനറി ഹാളില്‍ രാവിലെ 10 ന് മന്ത്രി പ്രഫ. സി രവീന്ദ്രനാഥ് പദ്ധതി ഉദ്ഘാടനം ചെയ്യും. എം.എല്‍.എ.മാര്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍, ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷന്‍മാര്‍ എന്നിവര്‍ സംബന്ധിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സുഹിത അറിയിച്ചു. പദ്ധതി നടപ്പിലാക്കുന്നതിന് 887 ആരോഗ്യ പ്രവര്‍ത്തകരുടെ പരിശീലനം, 50-100 വീടുകള്‍ കേന്ദ്രീകരിച്ച് വിവിധ പ്രദേശങ്ങള്‍ തിരിച്ചുള്ള അടിസ്ഥാന യൂനിറ്റ് രേഖപ്പെടുത്തല്‍ എന്നിവ പൂര്‍ത്തിയായി.  അടുത്ത ഘട്ടത്തില്‍ ഓരോ വാര്‍ഡുകളിലും 4 മുതല്‍ 5 വരെ ക്യാംപുകള്‍ വീതം നടത്തി എല്ലാവരുടെയും ആധാര്‍, വീട്ടുനമ്പര്‍ തുടങ്ങിയ അടിസ്ഥാന വിവരങ്ങള്‍ രേഖപ്പെടുത്തും.  ക്യാംപുകള്‍ ഈ മാസം 7 മുതല്‍ 31 വരെ ജില്ലയിലുടനീളം നടത്തും.  അങ്കണവാടികള്‍, കുടുംബക്ഷേമ ഉപകേന്ദ്രങ്ങള്‍, സൗകര്യപ്രദമായ വീടുകള്‍ എന്നിവിടങ്ങളിലായിരിക്കും ക്യാംപുകള്‍.  ഒരു വീട്ടില്‍ നിന്നും ഒരംഗം കുടുംബാംഗങ്ങളുടെ ആധാര്‍കാര്‍ഡുകളുമായി ക്യാംപില്‍ വന്ന് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം.പ്രദേശത്തെ ജനപ്രതിനിധികള്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്മാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ആശ, അങ്കണവാടി പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ ക്യാംപുകള്‍ക്ക് നേതൃത്വം നല്‍കും. അടുത്ത ഘട്ടത്തില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വീടുകളിലെത്തി ആരോഗ്യവിവരങ്ങള്‍, നിലവിലെ ചികിത്സാ വിവരങ്ങള്‍, ആരോഗ്യശീലങ്ങള്‍ തുടങ്ങിയവ കംപ്യൂട്ടറില്‍ രേഖപ്പെടുത്തും.  ഈ ഘട്ടം ഡിസംബര്‍ 31ന് പൂര്‍ത്തിയാകുമെന്ന്  ഡിഎംഒ പറഞ്ഞു.2018 ജനുവരി മുതല്‍ എല്ലാ ആശുപത്രികളിലും ചികിത്സാ വിവരങ്ങള്‍ പൂര്‍ണമായും കംപ്യൂട്ടറില്‍ രേഖപ്പെടുത്തി ഫാര്‍മസി, ഇഞ്ചക്ഷന്‍ റൂം, ലബോറട്ടറി, ഓപ്പറേഷന്‍ തീയേറ്റര്‍ എന്നിവിടങ്ങളില്‍ ലഭ്യമാകും. ആദ്യ ഘട്ടം ചികിത്സക്കെത്തുമ്പോള്‍ നല്‍കുന്ന പ്രത്യേക യുണീക് ഐഡി നമ്പറില്‍ ക്രോഡീകരിക്കപ്പെടുന്ന ചികിത്സാ വിവരങ്ങള്‍ തുടര്‍ ചികിത്സക്കും, റഫര്‍ ചെയ്യപ്പെടുന്ന മറ്റു സ്ഥാപനങ്ങളിലെ ചികിത്‌സയ്ക്കും രോഗിയുടെ അനുവാദത്തോടെ ലഭ്യമാകും.  ഈ സൗകര്യം ഈ മാസം മുതല്‍ തന്നെ തിരഞ്ഞെടുക്കപ്പെട്ട 5 കുടുംബാരോഗ്യകേന്ദ്രങ്ങളിലും, മെഡിക്കല്‍ കോളേജ്, ആര്‍സിസി എന്നിവിടങ്ങളിലും ലഭ്യമാകും.വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ ആര്‍സിഎച്ച് ഓഫിസര്‍ ഡോ. കെ ഉണ്ണികൃഷ്ണന്‍, ജില്ലാ മാസ്സ് മീഡിയ ഓഫിസര്‍ ഡോമി ജോണ്‍, ടെക്‌നിക്കല്‍ അസ്സിസ്റ്റന്റ് റൂറല്‍ ഹെല്‍ത്ത് ഓഫിസര്‍ കൂടിയായ പി കെ രാജു എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക