|    May 25 Thu, 2017 8:53 am

ഇ-സാക്ഷരതാ രംഗത്ത് കേരളം അഭിമാനകരമായി മുന്നേറുന്നു: ഉപരാഷ്ട്രപതി

Published : 31st August 2016 | Posted By: SMR

തിരുവനന്തപുരം: രാജ്യത്തെ 56.2 ശതമാനം ജനങ്ങള്‍ വിവര സാങ്കേതികവിദ്യയില്‍ അജ്ഞരായി തുടരുമ്പോള്‍ നൂറുശതമാനം ഇ- സാക്ഷരത കൈവരിക്കുകയെന്ന ലക്ഷ്യവുമായി പ്രവര്‍ത്തനമാരംഭിച്ച കേരളം അഭിമാനകരമായ നേട്ടങ്ങളുമായി മുന്നേറുകയാണെന്ന് ഉപരാഷ്ട്രപതി ഡോ. ഹാമിദ് അന്‍സാരി. മനുഷ്യന്റെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനും പൗരന്‍മാരെ ശാക്തീകരിക്കാനുമുള്ള പദ്ധതികള്‍ നടപ്പാക്കുന്ന കാര്യത്തില്‍ കേരളം ഏറെ മുന്നിലാണ്. നൂറുശതമാനം ഇ- സാക്ഷരത കൈവരിക്കാനുള്ള പരിശ്രമങ്ങള്‍ ഇതിന്റെ പ്രതിഫലനമാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു. പി എന്‍ പണിക്കര്‍ വിജ്ഞാന്‍ വികാസ് കേന്ദ്രയുടെ നേതൃത്വത്തിലുള്ള സമ്പൂര്‍ണ ഇ- സാക്ഷരതാ പദ്ധതിയുടെ രണ്ടാംഘട്ടമായ ഡിജിറ്റല്‍ ലൈബ്രറികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്ന കേരള ജനത ഇ- സാക്ഷരത കൈവരിക്കാന്‍ നടത്തുന്ന പരിശ്രമങ്ങള്‍ ശ്ലാഘനീയമാണെന്നു ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം അഭിപ്രായപ്പെട്ടു. സാമൂഹികരംഗത്ത് കേരളത്തിന്റെ മുന്‍ലക്ഷ്യം കേവല സാക്ഷരത ആയിരുന്നെങ്കില്‍ ഇപ്പോഴത് സമ്പൂര്‍ണ ഇ- സാക്ഷരതയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി.
ആ വെല്ലുവിളി സര്‍ക്കാര്‍ ഏറ്റെടുക്കുകയാണ്. വിജ്ഞാനവിപ്ലവത്തിന്റെ ഭാഗമായ പുത്തന്‍ അറിവുകള്‍ പകര്‍ത്തിയെടുത്ത് പ്രയോഗിക്കുന്നതില്‍ കേരളം പിന്നിലല്ല. ഇത്തരം മുന്നേറ്റങ്ങള്‍ കൂടി ഉണ്ടായാലേ പുതുതലമുറയുടെ ആശയാഭിലാഷങ്ങള്‍ സഫലമാവൂ. ഇതിനായി ഔദ്യോഗിക ശ്രമങ്ങള്‍ക്കു പുറമേ അനൗദ്യോഗികമായ പരിശ്രമങ്ങള്‍ കൂടിയുണ്ടാവണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി ജെ കുര്യന്‍, പന്ന്യന്‍ രവീന്ദ്രന്‍, എം വിജയകുമാര്‍, പി എന്‍ പണിക്കര്‍ വിജ്ഞാന്‍ വികാസ് കേന്ദ്ര വൈസ് ചെയര്‍മാന്‍ എന്‍ ബാലഗോപാല്‍, പ്രഫ. ജയരാജന്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day