|    Dec 14 Fri, 2018 8:28 am
FLASH NEWS
Home   >  Editpage  >  Middlepiece  >  

ഇ ശ്രീധരന്‍ എന്ന മനുഷ്യ പ്രതിഭാസം

Published : 20th June 2017 | Posted By: fsq

എണ്‍പതുകളുടെ അവസാനം കോഴിക്കോട് ചാത്തമംഗലം റീജ്യനല്‍ എന്‍ജിനീയറിങ് കോളജില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് നാടകം പരിശീലിപ്പിക്കാന്‍ മാസങ്ങളോളം വിദ്യാര്‍ഥി ഹോസ്റ്റലില്‍ ഞാന്‍ തങ്ങിയിട്ടുണ്ട്. റിഹേഴ്‌സല്‍ ക്ലാസുകളിലും കുട്ടികളുമൊത്തുള്ള സംവാദസദസ്സുകളിലും അതീവ ജാഗ്രതയോടെ ഒരു എന്‍ജിനീയറിങ് വിദ്യാര്‍ഥി എന്റെ ശ്രദ്ധയില്‍പ്പെട്ടു. അഭിനയമോഹമൊന്നും ഇല്ല. നാടകത്തെക്കുറിച്ചുള്ള ക്ലാസുകളില്‍ താല്‍പര്യമുണ്ടായി വന്നിരിക്കുകയാണ്. പേരും നാടും ചോദിച്ചു. അയാള്‍ റെയില്‍വേയില്‍ എന്‍ജിനീയറായ ഇ ശ്രീധരന്റെ മകനാണെന്നു സൂചിപ്പിച്ചു. അച്ഛന്‍ ഇപ്പോള്‍ കൊങ്കണ്‍ റെയില്‍വേയില്‍ ഡ്യൂട്ടിയിലാണെന്നും ചെറുപ്പക്കാരന്‍ പറഞ്ഞു. അന്നു മുതല്‍ ഇ ശ്രീധരന്‍ എന്ന എന്‍ജിനീയര്‍ എന്റെ ചിന്തകളില്‍ കടന്നുവന്നു. ശ്രീധരനെക്കുറിച്ച് എന്ത് എവിടെ കണ്ടാലും വായിക്കും. കൊച്ചി മെട്രോ പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ പരിചയക്കാരായ എന്‍ജിനീയര്‍ സുഹൃത്തുക്കളോട് ഇ ശ്രീധരനെക്കുറിച്ച് സംസാരിച്ചു. ”സ്വന്തം ജോലിയില്‍ ശ്രീധരന്‍ സാര്‍ പുലര്‍ത്തുന്ന കൃത്യനിഷ്ഠ”- അതാണ് സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തില്‍ കാണുന്ന മുഖ്യ സവിശേഷത. അനുസരണക്കേട് ശീലമാക്കുന്നവരോട് മുഖം കറുപ്പിക്കും. പക്ഷേ, സഹപ്രവര്‍ത്തകര്‍ക്ക് മനം മടുക്കുന്ന രീതിയില്‍ കടുത്ത വാക്കുകള്‍ ഉരിയാടില്ല. കീഴ്ജീവനക്കാരെ ശിക്ഷാ നടപടികള്‍ക്കു വിധേയമാക്കലും അത്യപൂര്‍വം. അദ്ദേഹത്തെക്കുറിച്ച് സംസാരിക്കുന്നവരെല്ലാം, പ്രത്യേകിച്ച് ഒന്നിച്ച് ജോലി ചെയ്യുന്നവര്‍ പറയുന്നൊരു വലിയ ഗുണമിതാണ്: ”പൊങ്ങച്ചം പറയുകയോ പ്രകടിപ്പിക്കുകയോ സാറിന്റെ ശീലമല്ല. അഴിമതി തൊട്ടുതീണ്ടാത്ത ജീവിതം.” ഇങ്ങനെയൊക്കെ ഇന്ത്യയില്‍ ഒരു ഉദ്യോഗസ്ഥന്‍ എന്നത് അവിശ്വസനീയമായിരിക്കും, പ്രത്യേകിച്ച് റെയില്‍വേയില്‍. പ്ലാറ്റ്‌ഫോമില്‍ കടല വിറ്റ് ഉപജീവനം നടത്തുന്ന അംഗപരിമിതനോടു വരെ കോഴ ചോദിക്കുന്ന സൂത്രശാലികളാണ് റെയില്‍വേ ഡിപാര്‍ട്ട്‌മെന്റിലുള്ളത്. പാമ്പന്‍പാലം തകര്‍ന്നപ്പോള്‍ പുതുക്കിപ്പണിയലിനു നേതൃത്വം നല്‍കി വിജയിച്ചപ്പോഴും ഇന്ത്യയിലെ വന്‍ നഗരങ്ങളിലൊക്കെ മെട്രോ സംവിധാനത്തിനു ചുക്കാന്‍ പിടിച്ചപ്പോഴും ഏതൊക്കെ തലങ്ങളിലാണ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരോടടക്കം ശ്രീധരന് ഏറ്റുമുട്ടേണ്ടിവന്നത് എന്നത് കൊങ്കണ്‍ റെയിലിന്റെ മാത്രം നിര്‍മാണഘട്ട ചരിത്രം വിശദമായി പഠിച്ചാല്‍ മനസ്സിലാവും. സ്വകാര്യ ഭൂമികള്‍ ഏറ്റെടുക്കേണ്ടിവന്നപ്പോഴും ചില പ്രധാന നിര്‍മാണങ്ങള്‍ പൊളിച്ചുമാറ്റേണ്ടി വന്നപ്പോഴുമൊക്കെ കര്‍ണാടക സംസ്ഥാനത്തെ റവന്യൂ അധികൃതരുടെ കടുംപിടിത്തങ്ങള്‍ ഇ ശ്രീധരനെ കൊങ്കണ്‍ നിര്‍മാണകാലത്ത് തെല്ലൊന്നുമല്ല സങ്കീര്‍ണാവസ്ഥകളില്‍ പെടുത്തിയത്. ചിലര്‍ക്ക് അദ്ദേഹം കൊങ്കണില്‍ ജോലി നല്‍കി. ചില മുഖ്യ ഉടക്കുകാരെ നിരന്തരമായി സംസാരിച്ച് തന്റെ വരുതിയില്‍ വരുത്തി. കൊങ്കണ്‍ യാഥാര്‍ഥ്യമായപ്പോള്‍ എതിര്‍പ്പുകാര്‍ വരുംകാലങ്ങളില്‍ സംഭവിച്ചേക്കാവുന്ന മണ്ണിടിച്ചില്‍ ചൂണ്ടിക്കാട്ടി വിമര്‍ശനത്തിന്റെ കൂരമ്പുകള്‍ എയ്തു. കൊങ്കണ്‍ റെയില്‍വേയിലൂടെ തീവണ്ടി ഓടിത്തുടങ്ങിയ ശേഷം ആകെ നാലു പ്രാവശ്യമാണ് അത്ര ഗുരുതരമല്ലാത്ത മണ്ണിടിച്ചില്‍ ഉണ്ടായത്. കൊങ്കണ്‍ റെയില്‍പ്പാത നിര്‍മാണത്തിന്റെ അപാകത കൊണ്ടല്ല, മറിച്ച്, മണ്ണുമാന്തുന്നവരുടെ അശാസ്ത്രീയ നിര്‍മാണ നടപടികള്‍ മൂലമാണ് പ്രസ്തുത മണ്ണിടിച്ചില്‍ സംഭവിച്ചത്. തന്റെ ചുമതലയില്‍ നിന്നു കൊങ്കണ്‍ ഒഴിവായിട്ടും ഇന്നും അദ്ദേഹം നിര്‍മാണ പ്രവൃത്തികളിലെ അശ്രദ്ധ മൂലം എവിടെയെങ്കിലും ന്യൂനതയുണ്ടോ എന്നതില്‍ സദാ ജാഗരൂകനാണ്. ജയ്പൂരിലും ബംഗളൂരുവിലും മെട്രോ നിര്‍മാണ കാലയളവില്‍ മോഹിപ്പിക്കുന്ന പല വാഗ്ദാനങ്ങളുമായി രാഷ്ട്രീയ കുറുക്കന്മാര്‍ ശ്രീധരനെ വരുതിയിലാക്കാന്‍ ശ്രമിച്ചു. കമ്പി-സിമന്റ് കമ്പനികളുടെ ഏജന്റുമാര്‍ ശ്രീധരനെ പാമ്പന്‍പാലം പുതുക്കുന്ന കാലത്ത് നാനാതരത്തില്‍ സ്വാധീനിക്കാന്‍ വലവീശി. എന്തിന്, കൊച്ചി മെട്രോയുടെ നിര്‍മാണഘട്ടത്തില്‍ പോലും കേരളത്തില്‍ സിപിഎം നിയന്ത്രണത്തിലുള്ള യൂനിയന്‍ അടക്കം പല സമ്മര്‍ദസംഘങ്ങളും ശ്രീധരനെ ഒതുക്കാനും വലയ്ക്കാനും ശ്രമിച്ചു. മടിയില്‍ കനമുള്ളവനല്ലേ ഭയക്കേണ്ടൂ? ശ്രീധരന്‍ ആരുടെയും ചൂണ്ടയില്‍ കുരുങ്ങുന്ന എന്‍ജിനീയറായിരുന്നില്ല. കൊച്ചി മെട്രോയുടെ ഉദ്ഘാടനവേദിയില്‍ ശ്രീധരനു സീറ്റില്ല എന്നു കേട്ടപ്പോള്‍ നിജസ്ഥിതി അന്വേഷിച്ചു. പ്രധാനമന്ത്രി ഇരിക്കുന്ന വേദിയില്‍ കയറിപ്പറ്റാന്‍ രാഷ്ട്രീയ കൂത്താടികള്‍ കഠിനമായി ശ്രമിച്ചപ്പോള്‍ ആള്‍ക്കൂട്ടം വേദിയില്‍ കുറയ്ക്കാന്‍ കര്‍ശന നിര്‍ദേശം വന്നു. അങ്ങനെയൊരു വിവാദമുണ്ടായപ്പോഴും ശ്രീധരന്‍ പുലര്‍ത്തിയ ആത്മസംയമനം ശ്രദ്ധേയമായിരുന്നു. ”എന്നെ ക്ഷണിക്കേണ്ട ആവശ്യമെന്ത്” എന്നതായിരുന്നു അദ്ദേഹത്തിന്റെ മാനസികാവസ്ഥ. സ്വന്തം പേരക്കുട്ടിയുടെ ചോറൂണിന് തന്നെ ആരെങ്കിലും ക്ഷണിക്കേണ്ടതുണ്ടോ? ഒരൊറ്റ അഭിമാനമേയുള്ളൂ: ഇ ശ്രീധരനെപ്പോലൊരു സത്യസന്ധന്‍, കര്‍മകുശലന്‍ ജീവിക്കുന്ന കാലഘട്ടത്തില്‍ ജീവിക്കാനായല്ലോ. അത്രയ്ക്ക് ധന്യമാണാ ജീവിതം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss