|    Oct 22 Sun, 2017 3:02 am
Home   >  Todays Paper  >  Page 5  >  

ഇ-മെയില്‍ ചോര്‍ത്തല്‍ കേസ് പിന്‍വലിക്കുന്നു

Published : 15th July 2017 | Posted By: fsq

 

തിരുവനന്തപുരം: പോലിസ് ആസ്ഥാനത്തെ ഹൈടെക് സെല്ലില്‍ നിന്ന് ഇ-മെയില്‍ ചോര്‍ത്തിയെന്ന കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. കേസ് പിന്‍വലിക്കാനുള്ള അനുമതി പ്രോസിക്യൂഷനു നല്‍കി സര്‍ക്കാര്‍ കത്തയച്ചു. കേസിലെ പ്രതി മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. 258 മുസ്‌ലിംകള്‍ ഉള്‍പ്പെടെ 268 മലയാളികളുടെ ഇ-മെയില്‍ ലോഗിന്‍ വിവരങ്ങള്‍ ആവശ്യപ്പെട്ട് സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്ക് നല്‍കിയ കത്തും ഇ-മെയില്‍ ലിസ്റ്റുമാണ് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ വിജു വി നായര്‍ പുറത്തുകൊണ്ടുവന്നത്. ലേഖകന്‍, എസ്‌ഐയായിരുന്ന ബിജു സലീം, ഡോ. ദസ്തകീര്‍, അഡ്വ. ഷാനവാസ്, എഡിറ്റര്‍ ഒ അബ്ദുര്‍റഹ്മാന്‍ തുടങ്ങിയവരായിരുന്നു പ്രതികള്‍. ഇന്റലിജന്‍സ് മേധാവിയായിരുന്ന ടി പി സെന്‍കുമാറിന്റെ നിര്‍ദേശമനുസരിച്ചാണ് കേസെടുത്തത്.  പോലിസ് ആസ്ഥാനത്തെ ഹൈടെക് സെല്ലില്‍ നിന്നും  ഇ-മെയില്‍ ചോര്‍ത്തിയെന്ന ആ രോപണം വലിയ വിവാദമായിരുന്നു. ആഭ്യന്തര സുരക്ഷയെ ബാധിക്കുന്ന സംഭവമെന്നായിരുന്നു ആക്ഷേപം.  രാജ്യസുരക്ഷയെ ബാധിക്കുന്ന ആശയങ്ങള്‍ പങ്കുവയ്ക്കുന്ന ഇ-മെയിലുകള്‍ പരിശോധിക്കാനായി ഇന്റലിജന്‍സ് മേധാവി പോലിസ് ആസ്ഥാനത്തെ ഹൈടെക് സെല്ലിനു നല്‍കിയ വിവരങ്ങളാണ് ചോര്‍ന്നതെന്ന് അന്വേഷണസംഘം കണ്ടെത്തി. മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ ഒരു മതവിഭാഗത്തില്‍ പെട്ടവരുടെ മാത്രം വിവരങ്ങള്‍ പോലിസ് ചോര്‍ത്തുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചതോടെയാണ്, രഹസ്യവിവരം ചോര്‍ന്നുവെന്നത്   പോലിസ് അറിയുന്നത്. തുടര്‍ന്ന് എസ്‌ഐ ബിജു സലീം ഉള്‍പ്പെടെ ആറു പേര്‍ക്കെതിരേ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. കേസ് പിന്‍വലിക്കാനായി മുന്‍ സര്‍ക്കാരിന്റെ കാലം മുതല്‍ ശ്രമങ്ങള്‍ നടന്നിരുന്നു. എന്നാല്‍, പോലിസിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് കേസ് പിന്‍വലിക്കുന്നതില്‍ നിന്നു സര്‍ക്കാര്‍ പിന്‍മാറിയത്. കേസിലെ അഞ്ചാം പ്രതിയായ മാധ്യമം എഡിറ്റര്‍ ഒ അബ്ദുറഹ്മാന്‍ മുഖ്യമന്ത്രി പിണറായി വിജയനു നല്‍കിയ അപേക്ഷയിന്മേലാണ് ഇപ്പോള്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനം. കേസ് പിന്‍വലിക്കാന്‍ അനുവാദം നല്‍കിയ കത്ത് പ്രോസിക്യൂട്ടര്‍ക്ക് കൈമാറിക്കഴിഞ്ഞു. കോടതിയില്‍ ഇത് വൈകാതെ അറിയിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക