|    Jan 17 Tue, 2017 8:44 pm
FLASH NEWS

ഇ-മെയില്‍ കേസ്: യുഎപിഎ ചുമത്താനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കം പാളി

Published : 27th January 2016 | Posted By: swapna en

email.
കെ പി ഒ റഹ്മത്തുല്ല

തൃശൂര്‍: ഇമെയില്‍ ചോര്‍ത്തല്‍ കേസില്‍ യുഎപിഎ നിയമം ചാര്‍ത്തി എഡിറ്ററുള്‍പ്പെടെയുള്ള പത്രപ്രവര്‍ത്തകരെ ജയിലില്‍ ഇടാനുള്ള സര്‍ക്കാര്‍ ശ്രമം പാളി. കഴിഞ്ഞ ദിവസം തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് യുഎപിഎ ഒഴിവാക്കിയിട്ടുള്ളത്. ഈ കേസില്‍ യുഎപിഎ ചുമത്താനുള്ള സര്‍ക്കാരിന്റെ ശ്രമത്തിന് എന്‍ഐഎയാണ് തടയിട്ടത്. രാജ്യദ്രോഹ സ്വഭാവമില്ലെന്നും ഗൗരവ സ്വഭാവമില്ലെന്നും ചൂണ്ടിക്കാട്ടി എന്‍ഐഎ കേസേറ്റെടുക്കണമെന്ന സര്‍ക്കാര്‍ അഭ്യര്‍ഥന നിരസിച്ചിരുന്നു. യുഎപിഎ ചുമത്താനുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ ഇതോടെയാണ് പാളിയത്.

നിസാര കേസുകളില്‍ പോലും പോലിസും എന്‍ഐഎയും യുഎപിഎ കരിനിയമത്തെ കൂട്ടു പിടിക്കുമ്പോഴാണ് ഇ-മെയില്‍ കേസിലെ എന്‍ഐഎ നിലപാട് വിത്യസ്തമാകുന്നത്. 240ഓളം മുസ്ലിം പ്രമുഖരുടെ ഇ-മെയില്‍ ചോര്‍ത്താന്‍ സംസ്ഥാന പോലിസ് ശ്രമിച്ചുവെന്ന വാര്‍ത്ത മാധ്യമം ദിനപത്രമാണ് പുറത്തു വിട്ടത്. എസ്‌ഐ ബിജു, ഡോ. ദസ്തഗീര്‍, അഡ്വ. ഷാനവാസ്, മാധ്യമം പ്രത്യേക ലേഖകന്‍ വിജു വി നായര്‍, മാധ്യമം ചീഫ് എഡിറ്റര്‍ ഒ അബ്ദുറഹിമാന്‍, ആഴ്ച്ചപതിപ്പ് എഡിറ്റര്‍ പി കെ പാറക്കടവ് എന്നിവരായിരുന്നു കേസിലെ പ്രതികള്‍. പ്രതികള്‍ക്കെതിരേ യുഎപിഎ നിയമത്തിലെ 41, 10 വകുപ്പുകള്‍ പ്രകാരം കേസെടുത്ത ശേഷം അന്വേഷണം എന്‍ഐഎക്ക് കൈമാറണമെന്നായിരുന്ന സര്‍ക്കാര്‍ കോടതിയില്‍ കത്തു മുഖേന ആവശ്യപ്പെട്ടിരുന്നത്.

കേസ് പഠിച്ച എന്‍ഐഎ ഏറ്റെടുക്കാന്‍ മാത്രം ഗൗരവമില്ലെന്ന് പറഞ്ഞ് കേസ് മടക്കുകയായിരുന്നു. മതസ്പര്‍ദ്ദയും വര്‍ഗീയ കലാപവും ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്കെതിരേയുള്ള നിയമങ്ങളാണ് ഇപ്പോള്‍ പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. മാധ്യമം പ്രസിദ്ധീകരിച്ച ഇ-മെയില്‍ ചോര്‍ത്തല്‍ വാര്‍ത്തയ്‌ക്കെതിരേയാണ് സര്‍ക്കാര്‍ കേസ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത്. ഈ വാര്‍ത്ത സംപ്രേഷണം ചെയ്തതിന്റെ പേരില്‍ ഇന്ത്യാവിഷന്‍ ചാനലിലെ ന്യൂസ് എഡിറ്റര്‍ എന്‍ പി ബഷീര്‍, റിപ്പോര്‍ട്ടര്‍ മനു ഭരത് എന്നിവരേയും കേസില്‍ പ്രതി ചേര്‍ത്തിരുന്നു.

എന്നാല്‍ ക്രൈംബ്രാഞ്ച് ഇപ്പോള്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഇവരെ പ്രതിചേര്‍ക്കാന്‍ പര്യാപ്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും പിന്നീട് കൂടുതല്‍ അന്വേഷണം നടത്തി പ്രത്യേകം കുറ്റപത്രം സമര്‍പ്പിക്കുമെന്നും പറയുന്നു. ക്രൈംബ്രാഞ്ചിന്റെ ഈ നീക്കത്തിലും സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ബഷീറും മനുവും പ്രതിയാകുന്നതോടെ കേസന്വേഷണം മുന്‍ ഇന്ത്യാവിഷന്‍ ചെയര്‍മാന്‍ മന്ത്രി എം കെ മുനീറിലേക്കും നീളുമെന്ന് ഭയപ്പെടുന്നത് കൊണ്ടാണ് ഇങ്ങിനെ ചെയ്തിട്ടുള്ളതെന്ന് അനുമാനിക്കുന്നു. ഏറെ വിവാദമായ ഇ-മെയില്‍ ചോര്‍ത്തല്‍ കേസില്‍ യുഎപിഎ ഒഴിവാക്കേണ്ടി വന്നത് സര്‍ക്കാരിന്റെ കഴിവുകേടായി വിലയിരുത്തപ്പെടുന്നുണ്ട്. പ്രതികളോട് മാര്‍ച്ച് 16ന് കോടതിയില്‍ ഹാജരാകാന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സജിമോള്‍ കുരുവിള ഉത്തരവിട്ടിട്ടുണ്ട്. ഇ-മെയില്‍ ചോര്‍ത്തല്‍ വിഷയത്തിലെ കേസിനെതിരേ സംസ്ഥാനത്തെ മനുഷ്യാവകാശ സംഘടനകള്‍ രംഗത്തു വന്നിരുന്നു. സംസ്ഥാനത്ത് ഒരു കേസില്‍ യുഎപിഎ വേണ്ടെന്ന് എന്‍ഐഎ തന്നെ പറയുന്നത് ഇതാദ്യമായാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 1,057 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക