|    Apr 21 Sat, 2018 7:10 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ഇ-മെയില്‍ കേസ്: എന്‍ഐഎ ഏറ്റെടുത്തില്ല; യുഎപിഎയുമില്ല

Published : 1st February 2016 | Posted By: SMR

കെ പി ഒ റഹ്മത്തുല്ല

തൃശൂര്‍: ഇ-മെയില്‍ ചോര്‍ത്ത ല്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിനു തിരിച്ചടി. യുഎപിഎ ചുമത്തി എന്‍ഐഎ ഏറ്റെടുക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല. അടിയന്തര സ്വഭാവമില്ലെന്നും രാജ്യദ്രോഹ വിഷയങ്ങളില്ലെന്നും പറഞ്ഞ് ഫയല്‍ എന്‍ഐഎ മടക്കി. ഇതോടെ പ്രതികള്‍ക്കെതിരേ യുഎപിഎ ചുമത്തുന്നതില്‍നിന്ന് ക്രൈംബ്രാഞ്ചിന് പിന്മാറേണ്ടി വന്നു.
യുഎപിഎ നിയമം ചാര്‍ത്തി എഡിറ്ററുള്‍പ്പെടെയുള്ള പത്രപ്രവര്‍ത്തകരെ ജയിലില്‍ ഇടാനുള്ള സര്‍ക്കാര്‍ ശ്രമം പാളി. കഴിഞ്ഞ ദിവസം തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് യുഎപിഎ ഒഴിവാക്കിയത്. നിസ്സാര കേസുകളില്‍പോലും പോലിസും എന്‍ഐഎയും യുഎപിഎ കരിനിയമത്തെ കൂട്ടുപിടിക്കുമ്പോഴാണ് ഇ-മെയില്‍ കേസിലെ എന്‍ഐഎ നിലപാട് വ്യത്യസ്തമാവുന്നത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ യുഎപിഎ കേസുകളുള്ളത് കേരളത്തിലാണ്. 150ഓളം പ്രതികളുള്ള കേസുകളാണ് യുഎപിഎ ചുമത്തി എന്‍ഐഎ ഏറ്റെടുത്തിട്ടുള്ളത്. 252 ഓളം മുസ്‌ലിം പ്രമുഖരുടെ ഇ-മെയില്‍ ചോര്‍ത്താന്‍ സംസ്ഥാന പോലിസിലെ സൈബര്‍ വിഭാഗം ശ്രമിച്ചുവെന്ന വാര്‍ത്ത മാധ്യമം ആഴ്ചപതിപ്പാണ് പുറത്തുവിട്ടത്. കേസിലെ ഒന്നും രണ്ടും മൂന്നും പ്രതികളായിരുന്ന റിസര്‍വ് സബ് ഇന്‍സ്‌പെക്റ്റര്‍ ബിജു സലിം, സര്‍ക്കാര്‍ ഹോമിയോ ഡോക്ടറായിരുന്ന ദസ്തഗീര്‍, അഡ്വ. എസ് ഷാനവാസ് എന്നിവരെ പോലിസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു.
എസ്‌ഐ ബിജു, ഡോ. ദസ്തഗീര്‍, അഡ്വ. ഷാനവാസ്, മാധ്യമം പ്രത്യേക ലേഖകന്‍ വിജു വി നായര്‍, മാധ്യമം ചീഫ് എഡിറ്റര്‍ ഒ അബ്ദുറഹ്മാന്‍, ആഴ്ചപതിപ്പ് എഡിറ്റര്‍ പി കെ പാറക്കടവ് എന്നിവരായിരുന്നു കേസിലെ പ്രതികള്‍. എസ്‌ഐ ബിജുവിനെ കേസിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
തിരുവനന്തപുരത്തെ ഹൈടെക് അന്വേഷണ വിഭാഗത്തില്‍നിന്നും രഹസ്യ രേഖകള്‍ അഡ്വ. ഷാനവാസ് മുഖേന മാധ്യമം പ്രത്യേക ലേഖകന്‍ വിജു വി നായര്‍ക്ക് നല്‍കുകയും അവര്‍ അത് ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തുവെന്നതായിരുന്നു കേസ്. ഇത് സമൂഹത്തില്‍ മതസ്പര്‍ദ്ദ വളര്‍ത്തുന്നതിനും വര്‍ഗീയ കലാപം അഴിച്ചു വിടുന്നതിനും വേണ്ടിയായിരുന്നുവെന്ന് കേസിന്റെ എഫ്‌ഐആറില്‍ പറഞ്ഞിരുന്നു. പ്രത്യേക ക്രൈംബ്രാഞ്ച് വിഭാഗമാണ് കേസന്വേഷിച്ചിരുന്നത്.
പ്രതികള്‍ക്കെതിരേ യുഎപിഎ നിയമത്തിലെ 41, 10 വകുപ്പുകള്‍ പ്രകാരം കേസെടുത്ത ശേഷം അന്വേഷണം എന്‍ഐഎക്ക് കൈമാറണമെന്നായിരുന്ന സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. കേസ് പഠിച്ച എന്‍ഐഎ ഏറ്റെടുക്കാന്‍ മാത്രം ഗൗരവമില്ലെന്ന് പറഞ്ഞ് കേസ് മടക്കുകയായിരുന്നു.
ഈ വാര്‍ത്ത സംപ്രേഷണം ചെയ്തതിന്റെ പേരില്‍ ഇന്ത്യാവിഷന്‍ ചാനലിലെ ന്യൂസ് എഡിറ്റര്‍ എം പി ബഷീര്‍, റിപോര്‍ട്ടര്‍ മനു ഭരത് എന്നിവരെയും കേസില്‍ പ്രതി ചേര്‍ത്തിരുന്നു. എന്നാല്‍, ക്രൈംബ്രാഞ്ച് ഇപ്പോള്‍ സമര്‍പ്പിച്ച കുറ്റപത്രത്തി ല്‍ ഇവരെ പ്രതിചേര്‍ക്കാന്‍ പര്യാപ്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും പിന്നീട് കൂടുതല്‍ അന്വേഷണം നടത്തി പ്രത്യേകം കുറ്റപത്രം സമര്‍പ്പിക്കുമെന്നും പറയുന്നു. ക്രൈംബ്രാഞ്ചിന്റെ ഈ നീക്കത്തിലും സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
ബഷീറും മനുവും പ്രതിയാവുന്നതോടെ കേസന്വേഷണം മുന്‍ ഇന്ത്യാവിഷന്‍ ചെയര്‍മാന്‍ മന്ത്രി എം കെ മുനീറിലേക്കും നീളുമെന്ന് ഭയപ്പെടുന്നത് കൊണ്ടാണ് ഇങ്ങനെ ചെയ്തിട്ടുള്ളതെന്ന് അനുമാനിക്കുന്നു. ഏറെ വിവാദമായ ഇ-മെയില്‍ ചോര്‍ത്തല്‍ കേസില്‍ യുഎപിഎ ഒഴിവാക്കേണ്ടി വന്നത് കരിനിയമത്തിനെതിരേയുള്ള വ്യാപകമായ പ്രതിഷേധത്തിന്റെ വിജയമാണെന്ന് പൗരാവകാശപ്രവര്‍ത്തകര്‍ പറയുന്നു. ഈ നിയമം സര്‍ക്കാര്‍ ദുരുപയോഗപ്പെടുത്തുന്നതായി എന്‍ഐഎ പോലും സമ്മതിച്ചത് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തുടക്കം മുതല്‍ ഉന്നയിച്ചിരുന്ന ആക്ഷേപങ്ങള്‍ ശരിവയ്ക്കുന്നതാണ്.
സംസ്ഥാനത്ത് ഒരു കേസി ല്‍ യുഎപിഎ വേണ്ടെന്ന് എന്‍ഐഎ തന്നെ പറയുന്നത് ഇതാദ്യമായാണ്. പ്രതികളോട് മാര്‍ച്ച് 16ന് കോടതിയില്‍ ഹാജരാവാന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സജിമോള്‍ കുരുവിള ഉത്തരവിട്ടിട്ടുണ്ട്. ഇ-മെയില്‍ ചോര്‍ത്തല്‍ വിഷയത്തിലെ കേസിനെതിരേ സംസ്ഥാനത്തെ മനുഷ്യാവകാശ സംഘടനകള്‍ പ്രക്ഷോഭവുമായി രംഗത്തു വന്നിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss