|    Nov 18 Sun, 2018 10:27 pm
FLASH NEWS

ഇ-മാലിന്യ ശേഖരണത്തിന് പുതിയ പദ്ധതിയുമായി മുക്കം നഗരസഭ

Published : 4th June 2017 | Posted By: fsq

 

മുക്കം: ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാവുന്ന ഇ-മാലിന്യങ്ങള്‍ ശേഖരിച്ച് നഗരസഭയിലെ ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് പുതിയ പദ്ധതിയുമായി മുക്കം നഗരസഭ. ശേഖരിച്ച മാലിന്യങ്ങള്‍ ശാസ്ത്രീയമായി റീസൈക്ലിംഗ് നടത്തുന്നതിനാണ് പദ്ധതി. ഇലക്ട്രോണിക് മാലിന്യങ്ങളില്‍ മാരക വിഷങ്ങള്‍ അടങ്ങിയിട്ടുള്ളതിനാല്‍ വലിയ രീതിയില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുമെന്ന് കണ്ടാണ് നഗരസഭ ഇത്തരമൊരു പദ്ധതിക്ക് മുന്നിട്ടിറങ്ങിയതെന്ന് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.നഗരസഭയിലെ മുഴുവന്‍ സ്‌കൂളുകളും കേന്ദ്രീകരിച്ച് ആരംഭിക്കുന്ന ഇക്കോ ക്ലബുകള്‍ വഴിയാണ് ശേഖരണം നടക്കുക. ഇതിന്റെ ഭാഗമായി മുഴുവന്‍ വിദ്യാലയങ്ങളിലും ഇ-മാലിന്യ പരിപാലനം സംബന്ധിച്ച് ക്ലാസുകള്‍ സംഘടിപ്പിക്കും. ശുചിത്വമിഷന്റെ പരിശീലനം ലഭിച്ച റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ പരിശീലനത്തിന് നേതൃത്വം നല്‍കും. സ്‌കൂളുകളില്‍ പ്രത്യേക അസംബ്ലി വിളിച്ചു ചേര്‍ത്ത് ഇ-മാലിന്യങ്ങള്‍ക്കെതിരെ പ്രതിജ്ഞയെടുക്കും. പ്രത്യേക ബക്കറ്റുകള്‍ ഇതിനായി സ്‌കൂളുകളില്‍ സ്ഥാപിക്കും. ഇവ ഗ്രീന്‍ കേരള കമ്പനിക്ക് കൈമാറി ശാസ്ത്രീയമായി റീസൈക്ലിംഗ് നടത്തി സര്‍ട്ടിഫിക്കറ്റ് കൈമാറുമെന്നും നഗരസഭാധികൃതര്‍ പറഞ്ഞു. പദ്ധതിക്ക് ഗ്രീന്‍ കേരള മിഷന്‍ അനുമതി നല്‍കിയതായും രണ്ടാം ഘട്ടത്തില്‍ റസിഡന്‍സ് അസോസിയേഷനുകളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും അവര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ നഗര ചെയര്‍മാന്‍ വി കുഞ്ഞന്‍ മാസ്റ്റര്‍, എന്‍ ചന്ദ്രന്‍, സെക്രട്ടറി എന്‍ കെ ഹരീഷ് പങ്കെടുത്തു.ഇറച്ചിക്കടകളില്‍ പരിശോധന തുടരുന്നുകോഴിക്കോട്: കലക്ടറുടെ നിര്‍ദ്ദേശപ്രകാരം നഗരത്തിലെ ഇറച്ചികടകളില്‍ ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധന തുടരുന്നു. 62 കടകളില്‍ സംഘം പരിശോധന പൂര്‍ത്തിയാക്കി. 20 ബീഫ് സ്റ്റാളുകളിലും ഏഴ് മട്ടന്‍ സ്റ്റാളുകളും 26 ചിക്കന്‍ സ്റ്റാളുകളിലുമാണ് ഇന്നലെ പരിശോധന നടത്തിയത്. തഹസില്‍ദാര്‍ അനിതാകുമാരി പരിശോധനക്ക് നേതൃത്വം നല്‍കി. സെന്‍ട്രല്‍ മാര്‍ക്കറ്റ്, മാങ്കാവ്, പുതിയങ്ങാടി, എലത്തൂര്‍, നടക്കാവ്, കിണാശേരി എന്നിവിടങ്ങളിലായിരുന്നു പരിശോധന. കിണാശേരിയില്‍ കടയില്‍ പരിശോധന നടത്തിയ ഉദ്യോഗസ്ഥരോട് കച്ചവടക്കാര്‍ തട്ടിക്കയറിയതായി പരാതിയുണ്ട്. സംഘം ഇന്നലെ കലക്ടര്‍ക്ക് താല്‍ക്കാലിക റിപ്പോര്‍ട്ട് നല്‍കി. വൃത്തിഹീനമായ സാഹചര്യത്തില്‍ വ്യവസ്ഥകള്‍ ലംഘിച്ചുള്ള ഇറച്ചി കച്ചവടമാണ് നടക്കുന്നതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായും വിവിധ സ്ഥലങ്ങളില്‍ നിന്ന് മലേറിയ, ചിക്കുന്‍ ഗുനിയ, ഡെങ്കിപ്പനി, എച്ച് വണ്‍ എന്‍വണ്‍ എന്നീ മാരക പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലുമാണ് കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ ചിക്കന്‍ സ്റ്റാളുകള്‍ക്കും ബീഫ് സ്റ്റാളുകള്‍ക്കും എതിരേ ദുരന്ത നിവാരണ നിയമ പ്രകാരം കര്‍ശന നടപടികളുമായി ജില്ലാ ഭരണകൂടം രംഗത്തിറങ്ങിയത്.കോര്‍പറേഷന്‍, റവന്യൂ, ആരോഗ്യവിഭാഗങ്ങള്‍ സംയുക്തമായാണ് പരിശോധന നടത്തുന്നത്. കഴിഞ്ഞ ദിവസം വെള്ളയില്‍ റോഡ്, മൂന്നാലിങ്കല്‍, ഫ്രാന്‍സിസ് റോഡ്, ഇടിയങ്ങര എന്നിവിടങ്ങളിലെ ഒമ്പത് കടകളില്‍ പരിശോധന നടത്തിയിരുന്നു. മിക്കതിനും ലൈസന്‍സ് ഇല്ലെന്ന് പരിശോധകസംഘം കണ്ടെത്തി. ലൈസന്‍സ് ഉള്ളവ നിയമപ്രകാരമുള്ള ശുചിത്വം പാലിക്കുന്നില്ലെന്നും കണ്ടെത്തിയിരുന്നു. ഇറച്ചി വില്‍ക്കുന്ന കടകളില്‍ വച്ച് തന്നെയാണ് മിക്കയിടത്തും അറവ് നടക്കുന്നത്. ചിലയിടങ്ങളില്‍ ചോരയും ഇറച്ചി മാലിന്യവും കലര്‍ന്ന അഴുക്കുവെള്ളം ഓടകളിലേക്ക് ഒഴുക്കി വിടുകയാണെന്നും കണ്ടെത്തിയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss