|    Aug 23 Wed, 2017 12:16 am
FLASH NEWS

ഇ-മണല്‍ ബുക്കിങ് : മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്ത അപേക്ഷകള്‍ സ്വീകരിക്കില്ല

Published : 11th August 2017 | Posted By: fsq

 

കണ്ണൂര്‍: അഴീക്കല്‍ തുറമുഖത്തുനിന്ന് ഡ്രഡ്ജിങിലൂടെ ലഭിക്കുന്ന മണല്‍ ഓണ്‍ലൈന്‍ മുഖേന ബുക്ക് ചെയ്യുന്നതിന് അധികൃതര്‍ കര്‍ശന മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. കെട്ടിടയുടമകള്‍ നല്‍കുന്ന അപേക്ഷ മുഴുവന്‍ മാര്‍ഗനിര്‍ദേശങ്ങളും പാലിച്ചു കൊണ്ടുള്ളതായിരിക്കണമെന്ന് സീനിയര്‍ പോര്‍ട്ട് ഓഫിസര്‍ വ്യക്തമാക്കി. ംംം. ുീൃശേിളീ.രറശ.േീൃഴ വഴി ഇതിനകം ലഭിച്ച പല അപേക്ഷകളും ന്യൂനതകള്‍ കാരണം നിരസിക്കപ്പെട്ട സാഹചര്യത്തിലാണ് പുതിയ തീരുമാനം. മണല്‍ ബുക്ക് ചെയ്യുമ്പോള്‍ അപേക്ഷകന്റെ പേരിലുള്ള ബില്‍ഡിങ് പെര്‍മിറ്റ്/കെട്ടിടനികുതി രശീതി, ആധാര്‍ കാര്‍ഡ്/വോട്ടര്‍ തിരിച്ചരിയല്‍ കാര്‍ഡ് ഇവയുടെ അസ്സല്‍ കൈവശമുള്ളവര്‍ അവ അപ്‌ലോഡ് ചെയ്യുന്നതിന് ഒറിജിനല്‍ തന്നെ ഉപയോഗിക്കണം. അസ്സല്‍ ബില്‍ഡിങ് പെര്‍മിറ്റ് കൈവശമില്ലാത്തവര്‍ പഞ്ചായത്ത് സെക്രട്ടറി സാക്ഷ്യപ്പെടുത്തിയ ശരിപ്പകര്‍പ്പ് അപ്‌ലോഡ് ചെയ്യാം. പെര്‍മിറ്റ് ബാങ്കുകളില്‍ സമര്‍പ്പിച്ചവര്‍ ഇക്കാര്യം വ്യക്തമാക്കി ബന്ധപ്പെട്ട ബാങ്ക് മാനേജരില്‍നിന്നുള്ള സാക്ഷ്യപത്രം അപ്‌ലോഡ് ചെയ്താല്‍ മതി. ബില്‍ഡിങ് പെര്‍മിറ്റുകള്‍ കാലാവധി കഴിയാത്തതായിരിക്കണം. അപേക്ഷയോടൊപ്പം കെട്ടിടത്തിന്റെ പ്ലിന്ത് ഏരിയ കൃത്യമായി രേഖപ്പെടുത്തണം. പഴയ കെട്ടിടത്തോടൊപ്പം കൂട്ടി എടുക്കുന്നതാണെങ്കില്‍ നിലവിലുള്ള പ്ലിന്ത് ഏരിയ ഒഴിവാക്കണം. ഏറ്റവും അവസാനത്തെ കെട്ടിടനികുതി രശീതിയാണു അപ്‌ലോഡ് ചെയ്യേണ്ടത്. തിരിച്ചറിയല്‍ കാര്‍ഡുകളുടെ രണ്ടുപുറവും അപ്‌ലോഡ് ചെയ്യണം. പെര്‍മിറ്റിലുള്ളതു പ്രകാരം മണലിറക്കുന്നതിനുള്ള സ്ഥലം പ്രത്യേകം രേഖപ്പെടുത്തണം. ഇംഗ്ലീഷ് വലിയ അക്ഷരത്തിലാണു അപേക്ഷകന്റെ പേര് പൂരിപ്പിക്കേണ്ടത്. പുതിയ കെട്ടിടങ്ങള്‍ക്ക് 100 ടണ്‍ വരെയും അറ്റകുറ്റപ്പണികള്‍ക്ക് ഏഴുടണ്‍ വരെയുമാണ് മണല്‍ ലഭിക്കുക.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക