|    Jun 25 Mon, 2018 7:34 am
FLASH NEWS
Home   >  Editpage  >  Editorial  >  

ഇ-ബാലറ്റ് നിലവില്‍ വരുമ്പോള്‍

Published : 24th September 2016 | Posted By: SMR

തിരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഇ-ബാലറ്റ് സമ്പ്രദായം ഏര്‍പ്പെടുത്താന്‍ ആലോചിച്ചുവരുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 32 ശതമാനം മാത്രം വോട്ട് നേടിയാണ് ബിജെപി അധികാരത്തില്‍ വന്നത്. അതായത് ബിജെപി അധികാരത്തില്‍ വരണമെന്ന കൃത്യമായ വിധിനിര്‍ണയം നടത്താത്തവരാണ് ഇന്ത്യയിലെ 68 ശതമാനം സമ്മതിദായകര്‍. കൂടുതല്‍ ജനപങ്കാളിത്തം തിരഞ്ഞെടുപ്പുകളില്‍ ഉണ്ടാവുമ്പോള്‍ മാത്രമേ ജനാധിപത്യം അര്‍ഥപൂര്‍ണമാവുകയുള്ളൂ എന്നതിലേക്കാണ് ഇതു വിരല്‍ചൂണ്ടുന്നത്. ഇ-ബാലറ്റ് വഴി ഈ പങ്കാളിത്തം വര്‍ധിപ്പിക്കാം എന്ന അനുമാനത്തില്‍ തെറ്റില്ലതാനും.
ഇന്റര്‍നെറ്റും ഇന്റര്‍നെറ്റ് ബന്ധമുള്ള ഫോണുകളും വ്യാപകമായതോടെ ഇ-ബാലറ്റ് വളരെ എളുപ്പമായിത്തീര്‍ന്നിട്ടുണ്ട്. നിലവില്‍ തിരഞ്ഞെടുപ്പു പ്രക്രിയ പൂര്‍ത്തീകരിക്കാന്‍ ഒരുപാട് മനുഷ്യശക്തിയും ഊര്‍ജവും ധനശേഷിയും ആവശ്യമാണ്. എന്നുമാത്രമല്ല തിരഞ്ഞെടുപ്പ് നടത്തി ഫലമറിയുമ്പോഴേക്കും ഒരുപാട് കാലതാമസം വരുകയും ചെയ്യും. ബൂത്തുപിടിത്തം, അതിക്രമങ്ങള്‍ തുടങ്ങിയ നിരവധി വൈതരണികളിലൂടെ കടന്നുപോയി വേണം തിരഞ്ഞെടുപ്പു നടന്നുകിട്ടാന്‍. ഇപ്പോഴത്തെ നിലയ്ക്ക് തിരഞ്ഞെടുപ്പ് സാമ്പത്തികമായ അഴിമതിക്കു വഴിവയ്ക്കുന്ന ഏര്‍പ്പാടാണ്. ക്രമസമാധാനപ്രശ്‌നങ്ങള്‍ വിളിച്ചുവരുത്തുന്ന പ്രക്രിയയാണ്. ചുരുക്കിപ്പറഞ്ഞാല്‍ വലിയൊരു തലവേദനയാണത്.
നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ഇ-ബാലറ്റ് സമ്പ്രദായം നടപ്പില്‍ വരുത്തുകയാണെങ്കില്‍ കൂടുതല്‍ പേര്‍ക്ക് പ്രയാസങ്ങള്‍ കൂടാതെ വോട്ട് രേഖപ്പെടുത്താനാവും. നിയോജകമണ്ഡലത്തിനു പുറത്തോ രാജ്യത്തിന് പുറത്തുതന്നെയോ കഴിയുന്നവര്‍ക്ക് വോട്ടവകാശം വിനിയോഗിക്കാനും ഇതുവഴി സാധ്യമാണ്. സൈനികര്‍, പോലിസുകാര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍, പ്രവാസികള്‍ തുടങ്ങിയവര്‍ക്കെല്ലാം സമ്മതിദാനാവകാശം ഉപയോഗപ്പെടുത്തുന്നതില്‍ ഇന്ന് പല പ്രയാസങ്ങളുമുണ്ട്. ഇ-ബാലറ്റ് വലിയൊരളവോളം അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും. അതിനാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആലോചന അപ്രസക്തമല്ലെന്നു മാത്രമല്ല, കാലികംകൂടിയാണെന്നു തന്നെ പറയണം.
അപ്പോഴും ഒരു ചോദ്യമുണ്ട്- സമൂഹത്തിന്റെ അടിത്തട്ടില്‍ കഴിയുന്ന ആളുകളെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കാന്‍ ഇ-ബാലറ്റിനു കഴിയുമോ? നിരക്ഷരരും തെരുവിന്റെ മക്കളുമൊന്നും സാങ്കേതികവിദ്യ ശരിയായി ഉപയോഗപ്പെടുത്താന്‍ അറിവുള്ളവരായിരിക്കണമെന്നില്ല. ഇ-ബാലറ്റ് അവരുടെ അവകാശങ്ങള്‍ നിഷേധിക്കലായി പരിണമിച്ചുപോവരുത്. അടിസ്ഥാനവര്‍ഗത്തിനു കൂടി ശരിയാംവണ്ണം ഉപയോഗിക്കാനുള്ള സാങ്കേതികജ്ഞാനവും സൗകര്യങ്ങളും ലഭ്യമാക്കിക്കൊണ്ട് മാത്രമേ ഇ- ബാലറ്റ് നടപ്പില്‍ വരുത്താവൂ എന്നത് മുന്നുപാധി ആയിത്തീരുക തന്നെ വേണം. അല്ലാത്തപക്ഷം വെളുക്കാന്‍ തേക്കുന്നത് പാണ്ടായിത്തീരും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss