|    Dec 15 Sat, 2018 3:26 pm
FLASH NEWS

ഇ-പോസ് മെഷീനില്‍ കുരുങ്ങി റേഷന്‍ വിതരണം

Published : 25th May 2018 | Posted By: kasim kzm

റജീഷ് കെ സദാനന്ദന്‍
മഞ്ചേരി: സംസ്ഥാന വ്യാപകമായി റേഷന്‍ കടകളില്‍ ഇ-പോസ് സംവിധാനം വഴി റേഷന്‍ വിതരണം ആരംഭിച്ചതോടെ ഇതേച്ചൊല്ലിയുള്ള പരാതികള്‍ അനുദിനം ശക്തിപ്പെടുന്നു. ആധാറുമായി ബന്ധപ്പെടുത്തി റേഷന്‍ വിതരണം സുതാര്യമാക്കുമ്പോള്‍ അര്‍ഹതപ്പെട്ടവര്‍ക്കുപോലും അന്നം ലഭിക്കുന്നില്ലെന്ന പരാതികളാണ് വ്യാപകം. ഉപകരണത്തിന്റെ സാങ്കേതിക തകരാറുകള്‍ കാരണം ഗുണഭോക്താക്കള്‍ക്ക് റേഷന്‍ നല്‍കാനാവുന്നില്ലെന്ന് വ്യാപാരികളും പറയുന്നു. രാവിലെ അരിവാങ്ങാനെത്തുന്നവര്‍ മണിക്കൂറുകള്‍ കാത്തിരുന്നാലും റേഷന്‍ കിട്ടാതെ മടങ്ങേണ്ടിവരുന്നത് കടുത്ത പ്രതിഷേധത്തിനാണ് വഴിവയ്ക്കുന്നത്. ഇ-പോസ് ഉപകരണം ഉപയോഗിച്ചുള്ള വിതരണം നടത്താന്‍ ഗുണഭോക്താക്കളുടെ വിരലടയാളം നിര്‍ബന്ധമാണ്. നെറ്റ്‌വര്‍ക്ക് തകരാര്‍ കാരണം വിരലടയാളം പതിപ്പിച്ചാലും റേഷന്‍ അനുവദിക്കാനാവുന്നില്ല.
പുതിയ സംവിധാനം പ്രാവര്‍ത്തികമാക്കിയതോടെ പഴയ രീതിയില്‍ ബില്ലു നല്‍കി റേഷന്‍ വിതരണം ചെയ്യാന്‍ ഇപ്പോള്‍ വ്യവസ്ഥയില്ല. ഗുണഭോക്താക്കളെ ആധാര്‍ ഡാറ്റാബേസ് വഴി റേഷന്‍കാര്‍ഡ് മാനേജ്‌മെന്റ് സിസ്റ്റവുമായി ബന്ധിപ്പിച്ചാണ് സിവില്‍ സപ്ലൈസ് വകുപ്പ് ഇ-പോസ് വഴിയുള്ള വിതരണത്തിന് പദ്ധതിയൊരുക്കിയിരിക്കുന്നത്. സംവിധാനത്തിലെ പിശകിനാല്‍ പ്രായമായവരും സ്ത്രീകളുമടക്കമുള്ള ഗുണഭോക്താക്കളാണ് വലയുന്നത്. 60 വയസ്സു പിന്നിട്ടവരുടേയും കൂലിവേല ചെയ്യുന്നവരുടേയും വിരലടയാളം ഇ-പോസ് ഉപകരണത്തില്‍ പതിപ്പിച്ചാലും ഗുണഭോക്താവിനെ കണ്ടെത്താനാവുന്നില്ലെന്ന പരാതി നേരത്തെ ഉയര്‍ന്നിരുന്നു.
വിരലടയാളം ആധാറുമായി സാദൃശ്യപ്പെടുന്നില്ലെങ്കില്‍ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പാസ് വേഡ് ഉപയോഗിച്ച് റേഷന്‍ വ്യാപാരിക്ക് ഗുണഭോക്താവിന് അര്‍ഹമായ സാധനങ്ങള്‍ നല്‍കാമെന്നും വ്യവസ്ഥയുണ്ട്. ഉപകരണത്തിന്റെ സാങ്കേതിക തകരാര്‍ കാരണം ഇതിനും കഴിയാത്ത അവസ്ഥയാണുള്ളത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss