|    Jul 23 Sun, 2017 12:31 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഇ പി ജയരാജന്റെ മന്ത്രിസ്ഥാനം: നിയമോപദേശം നിര്‍ണായകമാവും

Published : 13th October 2016 | Posted By: SMR

തിരുവനന്തപുരം: ബന്ധുനിയമനത്തില്‍ വിജിലന്‍സിന് ലഭിക്കുന്ന നിയമോപദശേം മന്ത്രി ഇ പി ജയരാജനും സര്‍ക്കാരിനും നിര്‍ണായകമാവും. ഇ പി ജയരാജന്റെ മന്ത്രിസ്ഥാനംതന്നെ വിജിലന്‍സെടുക്കുന്ന തുടര്‍നടപടിക്കനുസരിച്ചാണെന്ന് പറഞ്ഞാലും അതിശയോക്തിയാവില്ല. വിജിലന്‍സ് ഡയറക്ടറാണ് നിയമോപദേശം തേടിയത്. ഇന്നു നിയമോപദേശം നല്‍കുമെന്നാണറിയുന്നത്.
ത്വരിതപരിശോധന നടത്താനോ മന്ത്രിക്ക് പ്രതികൂലമാവുന്നതോ ആയ മറുപടിയാണ് ഉപദേശമായി നല്‍കുന്നതെങ്കില്‍ അതു തള്ളി വിജിലന്‍സിന് മുന്നോട്ടുപോവാനാവില്ല. സീറോ അഴിമതിയെന്ന നിലപാടുമായി വിജിലന്‍സ് മുന്നോട്ടുപോവുന്ന പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും. ഏറെ പ്രധാന്യമര്‍ഹിക്കുന്ന പൊതുമേഖലാ സ്ഥാപനത്തില്‍ കഴിവും പ്രാപ്തിയും തെളിയിക്കാത്തവരെ നിയമിച്ചതുതന്നെ സ്വജനപക്ഷപാതമാണെന്ന് വ്യക്തമായിട്ടുണ്ട്. പാര്‍ട്ടിയെ സംബന്ധിച്ച് സ്വജനപക്ഷപാതവും അഴിമതിതന്നെ.
അഴിമതിക്ക് കളമൊരുക്കി നേട്ടമുണ്ടാക്കാനാണ് ബന്ധുക്കള്‍ക്ക് നിയമനം നല്‍കിയതെന്ന സംശയം പാര്‍ട്ടി അണികള്‍തന്നെ ഉന്നയിക്കുന്നുണ്ട്. മലബാര്‍ സിമന്റ്‌സിന് അസംസ്‌കൃത പദാര്‍ഥങ്ങള്‍ നല്‍കുന്നത് കാസര്‍കോട് കരിന്തളത്തെ ഖനനകേന്ദ്രമാണ്. നേതൃത്വം നല്‍കുന്നത് കേരള ക്ലേ ആന്റ് സിറാമിക്‌സും. ഇതിന്റെ ജനറല്‍ മാനേജരായി സഹോദരപുത്രന്റെ ഭാര്യ ദീപ്തിയെ നിയമിച്ചതാണ് പാര്‍ട്ടിയെയും അണികളെയും ഏറെ ചൊടിപ്പിച്ചത്.
പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ല എന്നു മാത്രമല്ല; സിപിഎം ശത്രുപക്ഷത്ത് നിര്‍ത്തുന്ന പാര്‍ട്ടിയുടെ അനുഭാവികളായവരെയാണ് താക്കോല്‍സ്ഥാനത്ത് നിയമിച്ചത്. പി കെ ശ്രീമതി എംപിയുടെ മകന്‍ സുധീര്‍ നമ്പ്യാര്‍ കെഎസ്‌ഐല്‍ എംഡി സ്ഥാനത്തുനിന്ന് രാജിവച്ചതിന് സമാനമായി ദീപ്തിയും ജനറല്‍ മാനേജര്‍ സ്ഥാനത്തുനിന്ന് ഇന്നലെ ഒഴിഞ്ഞിട്ടുണ്ടെങ്കിലും ഇതൊക്കെ വിജിലന്‍സ് എങ്ങനെ കാണുമെന്നതും ശ്രദ്ധേയമാണ്.
വിവാദത്തെത്തുടര്‍ന്ന് രാജിവച്ചതുകൊണ്ട് മാത്രം അഴിമതിക്ക് വഴിവയ്ക്കാവുന്ന നിയമനത്തെക്കുറിച്ച് മൗനംപാലിക്കാനാവില്ല. പൊതുമേഖലാ സ്ഥാപന മേധാവികളെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലംഘിച്ചിട്ടുണ്ടെന്ന് വ്യക്തമായ സ്ഥിതിക്ക് പ്രത്യേകിച്ചും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക