|    Jan 23 Mon, 2017 4:03 am
FLASH NEWS

ഇ പി ജയരാജനെ കോടിയേരി വിളിച്ചുവരുത്തി

Published : 13th October 2016 | Posted By: SMR

തിരുവനന്തപുരം: ബന്ധുനിയമന വിവാദം നാളെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യാനിരിക്കെ ആരോപണവിധേയനായ വ്യവസായമന്ത്രി ഇ പി ജയരാജനെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടിയാസ്ഥാനത്ത് വിളിച്ചുവരുത്തി. ഇന്നലെ രണ്ടു തവണയാണ് മന്ത്രിയെ എകെജി സെന്ററിലേക്ക് കോടിയേരി ബാലകൃഷ്ണന്‍ വിളിച്ചുവരുത്തി നിയമനത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ആരാഞ്ഞത്.
ഒരു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയെക്കുറിച്ച് മാധ്യമങ്ങളോട് വെളിപ്പെടുത്താന്‍ ഇരുവരും വിസമ്മതിച്ചു. അതേസമയം, സെക്രട്ടറിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം സുസ്‌മേരവദനനായിട്ടായിരുന്നു മന്ത്രിയുടെ മടക്കം. തുടര്‍ന്ന് വൈകീട്ടും മന്ത്രി ജയരാജന്‍ അപ്രതീക്ഷിതമായി എകെജി സെന്ററിലെത്തി പാര്‍ട്ടി സെക്രട്ടറിയെ കണ്ടു. കൂടിക്കാഴ്ച ഒരു മണിക്കൂറിലധികം നീണ്ടു.
ബന്ധുനിയമനത്തില്‍ ഇന്നു വിജിലന്‍സിന്റെ തീരുമാനം വരാനിരിക്കെയാണ് രാവിലെയും വൈകീട്ടുമായി മന്ത്രി സെക്രട്ടറിയെ കണ്ടതെന്നത് ശ്രദ്ധേയമാണ്. വിജിലന്‍സ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം ഇന്നു നടക്കുന്നുണ്ട്. മന്ത്രിക്കെതിരേ ത്വരിത പരിശോധന ഉറപ്പായിട്ടുണ്ടെന്നും അതിന്റെ പശ്ചാത്തലത്തിലാണ് തിരക്കിട്ട് മന്ത്രി-കോടിയേരി കൂടിക്കാഴ്ച നടന്നതെന്നുമാണ് അറിയാന്‍ കഴിയുന്നത്.
വ്യവസായവകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ മന്ത്രിബന്ധുക്കളെ വ്യാപകമായി തിരുകിക്കയറ്റിയതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച. വിവാദം നാളെ നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ ചര്‍ച്ച ചെയ്യുമെന്ന് കോടിയേരി നേരത്തേ വ്യക്തമാക്കിയിരുന്നു. ആരോപണം ഗൗരവമേറിയതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞിട്ടുണ്ട്. കേന്ദ്ര കമ്മിറ്റിയും വിഷയത്തില്‍ ഇടപെട്ടുകഴിഞ്ഞു. ഇതൊക്കെ കണക്കിലെടുത്താണ് സെക്രട്ടേറിയറ്റിനു മുമ്പ് മന്ത്രിയുടെ വിശദീകരണവും നിയമന വിശദാംശങ്ങളും പാര്‍ട്ടി തേടിയത്.
നിയമന വിവാദം ഉയര്‍ന്ന സമയത്ത് കോടിയേരി നാട്ടില്‍ ഉണ്ടായിരുന്നില്ല. വിദേശത്തുനിന്നു മടങ്ങിയെത്തിയ ശേഷമാണ് മന്ത്രിയെ കാണുന്നത്. നിയമനത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷവും ബിജെപിയും വിജിലന്‍സിനു പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് വിജിലന്‍സ് നിയമോപദേശവും തേടിയിരിക്കുകയാണ്. വിജിലന്‍സിന്റെ തുടര്‍നടപടിയെന്ത് എന്നതിനെ ആശ്രയിച്ചായിരിക്കും ഇ പി ജയരാജനെതിരേയുള്ള നടപടി.
നേരത്തെത്തന്നെ ഇ പി ജയരാജനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ശാസിച്ചിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റില്‍ നടപടിയെടുക്കാന്‍ ശുപാര്‍ശയുണ്ടായാലും കേന്ദ്ര കമ്മിറ്റിയുടെ അനുവാദത്തോടെ മാത്രമേ നടപ്പാക്കാന്‍ കഴിയൂ. സര്‍ക്കാര്‍ അധികാരത്തിലെത്തി 100 ദിവസം പിന്നിട്ട വേളയിലുണ്ടായ ആരോപണവും വിവാദവും പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും പ്രതിച്ഛായക്ക് കളങ്കമേല്‍പിച്ചിട്ടുണ്ടെന്നാണ് അണികളുടെയും നേതാക്കളുടെയും പൊതുവികാരം. അതേസമയം, മന്ത്രിസ്ഥാനത്തുനിന്ന് നീക്കിയുള്ള നടപടിക്ക് പാര്‍ട്ടി മുതിരില്ലെന്നാണ് അറിയുന്നത്.
വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നേതാക്കള്‍ തന്നെ പരസ്പരം പാരവയ്ക്കുകയായിരുന്നുവെന്ന പരിഭവവും പലര്‍ക്കുമുണ്ട്. ബന്ധുനിയമനം കെട്ടടങ്ങിയ വിഭാഗീയതയുടെ കനലിനു ചൂടുപിടിപ്പിക്കുമെന്നും വിലയിരുത്തലുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക