|    Jan 24 Wed, 2018 5:37 pm
FLASH NEWS

ഇ-ടോയ്‌ലറ്റുകള്‍ വെറും കാഴ്ചവസ്തു; ടാങ്ക് നിറഞ്ഞത് കാരണം മൂത്രപ്പുരയിലെ മലിനജലം ഒഴുകുന്നത് സ്റ്റാന്റിലേക്ക്

Published : 31st May 2016 | Posted By: SMR

വടകര : പഴയബസ്സ്സ്റ്റാന്റിന് സമീപത്തായി സ്ഥിതി ചെയ്യുന്ന മൂത്രപ്പുരയിലെ ടാങ്ക് നിറഞ്ഞത് കാരണം മലിനജലം സ്റ്റാന്റിലേക്കൊഴുകി. ഇന്നലെയാണ് സ്റ്റാ ന്റിന്റെ തെക്ക് ഭാഗത്തായി ബസ് നിറുത്തിയിടങ്ങളിലെല്ലാം മലിന ജലം പരന്നൊഴുകിയത്.
10 വര്‍ഷം മുമ്പ് ജനകീയാസൂത്രണ പദ്ധതിയില്‍പെടുത്തി തുടക്കമിട്ട പച്ചക്കറി ശേഖരണ വിപണന കേന്ദ്രമാണ് പിന്നീട് മൂത്രപ്പുരയായി മാറ്റിയത്. മൂത്രപ്പുരയില്‍നിന്നുള്ള മാലിന്യം ശേഖരിക്കാനുള്ള ടാങ്ക് ശാസ്ത്രീയമായല്ല നിര്‍മിച്ചിരിക്കുന്നതിനാലാണ് പ്രശ്‌നം രൂക്ഷമാവുന്നത്. പാറക്കുള്ളില്‍ കുഴിതുരന്ന് അതിനുമേല്‍ കോണ്‍ക്രീറ്റ് സ്‌ലാബിട്ടാണ് ടാങ്ക് പണിതത്.
അടിവശം പാറയായതിനാ ല്‍ വെള്ളം താഴോട്ട് പോകില്ലെന്നു മാത്രമല്ല സെപ്റ്റിക് ടാങ്കിനായി ഉപയോഗിക്കേണ്ട സാങ്കേതികവിദ്യയും ഇതിനായി സ്വീകരിച്ചിട്ടില്ല. അതിനാല്‍, ടാങ്ക് പെട്ടെന്ന് നിറയുകയും മാലിന്യം പൊട്ടി പുറത്തേക്ക് ഒഴുകുകയും ചെയ്യും.
കാലവര്‍ഷമായാല്‍ പ്രശ്‌നം രൂക്ഷമാകും. ഈ പ്രശ്‌നം കാരണമാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപിയുടെ പ്രാദേശിക വികസനഫണ്ടില്‍ 10 ലക്ഷം രൂപ ഉപയോഗിച്ച് രണ്ട് ഇ ടോയ്‌ലറ്റുകള്‍ നിര്‍മിച്ചത്. എന്നാല്‍ രണ്ട് ഇ- ടോയ്‌ലറ്റുകളും പ്രവര്‍ത്തനം നിലച്ച് സ്ഥലം മുടക്കുന്ന അവസ്ഥയിലേക്കെത്തിയിരിക്കുകയാണ്. പ്രവര്‍ത്തനം ആരംഭിച്ച് മൂന്നര വര്‍ഷത്തിനുള്ളില്‍ തന്നെ ഇ-ടോയിലറ്റിന്റെ പ്രവര്‍ത്തനം നിലച്ചിരുന്നു. ഈ കാലയളവില്‍ ഇവ പ്രവര്‍ത്തിച്ചത് അഞ്ചുമാസം മാത്രം.
നാണയമിട്ട് ആവശ്യക്കാര്‍ക്ക് സ്വയം പ്രവര്‍ത്തിപ്പിക്കാവുന്ന ഇതിന്റെ കേടുപാടുകള്‍ തീര്‍ക്കാനുള്ള ചുമതല നിര്‍മാണ സ്ഥാപനമായ ഇറാം സയന്റിഫിക്കിനാണ്. പ്രവര്‍ത്തനം നിലയ്ക്കുമ്പോള്‍ നാട്ടുകാര്‍ ഇവരെ വിളിച്ചറിയിക്കും. ആദ്യമൊക്കെ കൃത്യമായി അവിടുന്ന ആളെത്തി തകരാറ് പരിഹരിക്കുമായിരുന്നു. എന്നാലിപ്പോള്‍ പ്രതികരണമില്ല. സ്ഥിരമായി വെള്ളം ലഭിക്കാത്തതാണ് ഇ-ടോയ്‌ലറ്റ് കേടാകാന്‍ കാരണമെന്നാണ് നിര്‍മാതാക്കളുടെ വാദം. മൂത്രപ്പുര മാത്രമല്ല അതിന്റെ പരിസരവും മലമൂത്രവിസര്‍ജനത്താല്‍ മലിനമാകുന്ന കാഴ്ചയാണ്.
മൂത്രപ്പുരയുണ്ടെങ്കിലും ചിലയാളുകള്‍ ചുറ്റുമുള്ള പരിസരത്താണ് മലമൂത്ര വിസര്‍ജനം നടത്തുന്നത്. ഇതിനാല്‍ ചുറ്റുപാടും കൂടുതല്‍ മലിനമാകുകയാണ് ചെയ്യുന്നത്. അതേസമയം മൂത്രപ്പുരയില്‍ പൊതു പൈപ്പ്‌ലൈനില്‍നിന്നാണ് വെള്ളം ലഭ്യമാക്കിയിരിക്കുന്നത്. ഇത് ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം കിട്ടിയാലുള്ള അവസ്ഥയും നിലവിലുണ്ട്. വെള്ളം ശേഖരിക്കാനായി സ്ഥാപിച്ചിരിക്കുന്ന ടാങ്കാണെങ്കില്‍ തീരെ ചെറുതുമാണ്. എന്നാല്‍ പരിസരം മലിനാകുംവിധം മലിന ജലം പല തവണ പുറത്തേക്കൊഴുകുന്ന കാഴ്ച നിരവധി തവണ ഉണ്ടായിട്ടും നഗരസഭ യാതൊരു നടപടിയും എടുക്കിന്നില്ലെന്ന ആക്ഷേപം ഉയര്‍ന്നു വരികയാണ്.
മൂത്രപ്പുരയ്ക്ക് പുറമെ ഇവിടെ സ്ഥാപിച്ച ഇ-ടോയിലിറ്റിന്റെ കാര്യത്തിലെങ്കിലും നടപടിയെടുക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day