|    Jan 20 Fri, 2017 9:50 pm
FLASH NEWS

ഇ-ടെന്‍ഡറില്‍ തീര്‍പ്പു കല്‍പിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി സംഗമം

Published : 28th October 2015 | Posted By: SMR

പത്തനംതിട്ട: ജില്ലാ പഞ്ചായത്തില്‍ അധികാരത്തിലെത്തിയാല്‍ അധ്യക്ഷ പദവി വീതം വക്കുന്നത് സംബന്ധിച്ച് തീരുമാനമായില്ലെങ്കിലും തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ഇ-ടെന്‍ഡര്‍ വേണമെന്ന ഹൈക്കോടതി വിധി വന്നതോടെ അക്കാര്യത്തില്‍ വിവാദം വേണ്ടെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി സംഗമം.
അഞ്ച് ലക്ഷത്തിന് മുകളിലുള്ള എല്ലാ പദ്ധതികള്‍ക്കും ഇ- ടെന്‍ഡര്‍ വേണമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. ഈ വിഷയത്തില്‍ കോണ്‍ഗ്രസ്സിനുള്ളില്‍ വ്യത്യസ്ഥ നിലപാടുകള്‍ സ്വീകരിച്ച് കോടതികള്‍ കയറിയ ജില്ലാ പഞ്ചായത്ത് പ്രസിഡ ന്റ് ആര്‍ ഹരിദാസ് ഇടത്തിട്ടയും കവിയൂര്‍ പഞ്ചായത്ത് പ്രസിഡ ന്റ് ടി കെ സജീവുമാണ് ഒരേ വേദിയില്‍ ഇത് സംബന്ധിച്ച് മനസ് തുറന്നത്. മല്ലപ്പള്ളി ഡിവിഷനിലെ സ്ഥാനാര്‍ഥി കൂടിയാണ് ടി കെ സജീവ്.—
ഇ-ടെന്‍ഡര്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ആദ്യം ഹരിദാസാണ് മറുപടി പറഞ്ഞത്. പഞ്ചായത്തീ രാജ് നിയമം അനുസരിച്ച് ഭരണ സമിതിക്ക് ടെന്‍ ഡറോ, ഗുണഭോക്തൃസമിതിയോ ഏതാണ് വേണ്ടതെന്ന് തീരുമാനിക്കാം എന്ന് ഹരിദാസ് പറഞ്ഞു. ഇക്കാര്യത്തില്‍ സമിതിക്കുള്ള അവകാശം നിലനിര്‍ത്തണം എന്നാണ് തന്റെ അഭിപ്രായം എന്നും അദ്ദേഹം വ്യക്തമാക്കി. ഈ വിഷയത്തില്‍ ഹൈക്കോടതി വിധി വന്നതാണെന്നും ഇ-ടെന്‍ഡര്‍ വേണമെന്ന നിലപാട് അംഗീകരിക്കപ്പെട്ടതായും ടി കെ സജീവ് പറഞ്ഞു.
കോടതി വിധി വന്നതിനാല്‍ ഇനി വിവാദം വേണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്തില്‍ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ അധ്യക്ഷ പദവി വീതം വയ്ക്കുമോയെന്ന ചോദ്യത്തിന് തിരഞ്ഞെടുപ്പിന് ശേഷം സാഹചര്യം അനുസരിച്ച് തീരുമാനമെന്നായിരുന്നു സ്ഥാനാര്‍ഥികളുടെ മറുപടി. 2020ലെ പത്തനംതിട്ട എങ്ങനെയാകണം എന്ന ചോദ്യവും ഉന്നയിക്കപ്പെട്ടു. ത്രിതല പഞ്ചായത്തിലെ സമിതികള്‍ ഒത്തുചേര്‍ന്നുള്ള പദ്ധതി രൂപീകരണം വേണമെന്ന അഭിപ്രായം ടി കെ സജീവ് മുന്നോട്ട് വച്ചു. ഇത് കൂടുതല്‍ ആളുകള്‍ക്ക് ഗുണം ചെയ്യും.—
പണം വലിയ പദ്ധതികള്‍ക്ക് ഉപകരിക്കപ്പെടുകയും ചെയ്യും. വിഷമില്ലാത്ത പച്ചക്കറി എന്ന ആശയം ജില്ലയില്‍ വ്യാപക മാക്കണം എന്ന നിര്‍ദേശം വന്നു. എലിസബത്ത് അബു, ബിനിലാല്‍ എന്നിവര്‍ ഈ വിഷയം ശ്രദ്ധിക്കണം എന്ന് നിര്‍ദേശിച്ചു. വനിതകള്‍ക്ക് നേരെയുള്ള അതിക്രമം തടയാന്‍ ജാഗ്രതാ സമിതികള്‍ വേണമെന്ന് കെ ജി അനിത, അന്നപൂര്‍ണാദേവി എന്നിവര്‍ പറഞ്ഞു.
നദികളും ഗ്രാമങ്ങളും പ്രയോജനപ്പെടുത്തി വിനോദ സഞ്ചാരം വികസിപ്പിച്ചാ ല്‍ ജില്ലയ്ക്ക് നേട്ടമാണെന്ന് അഭിപ്രായം ഉണ്ടായി. ജലഗതാഗതവും വിനോദവും ഒത്തുചേര്‍ക്കാം. ജില്ലയില്‍ ഹയര്‍ സെക്കന്ററി ഫലം മെച്ചപ്പെടുത്താന്‍ ജില്ലാ പഞ്ചായത്ത് തുടങ്ങി വച്ച സംരംഭങ്ങ ള്‍ തുടരണമെന്ന് കെ ജി അനിതയും എം ജി കണ്ണനും പറഞ്ഞു. രക്ഷിതാക്കളെയും സ്‌കൂളുകളെയും ബന്ധിപ്പിച്ചുള്ള സംരംഭം ഫലം കണ്ടെത്തും. കിസുമം സ്‌കൂളില്‍ നടപ്പാക്കിയ മാതൃകയില്‍ അതത് വിഷയത്തിലെ വിദഗ്ധരെ പ്രയോജനപ്പെടുത്തി കലാ, കായിക മേഖലയില്‍ മുന്നേറ്റം ഉണ്ടാക്കും. ഡിസിസി പ്രസിഡന്റ് പി മോഹന്‍രാജ് ആമുഖ പ്രഭാഷണം നടത്തി. ഹരിദാസ് ഇടത്തിട്ട, സ്ഥാനാര്‍ഥികളായ ടി കെ സജീവ്, അന്നപൂര്‍ണാദേവി, എലിസബത്ത് റോയി, എലിസബത്ത് അബു, എം ജി കണ്ണന്‍, ബിനിലാല്‍, വസന്തശ്രീകുമാര്‍, കെ ജി അനിത, ലീലാ മോഹന്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 86 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക