|    Oct 16 Tue, 2018 1:59 pm
FLASH NEWS

ഇ കെ നായനാര്‍ നിയമസഭയ്ക്ക് ശക്തിപകര്‍ന്ന നേതാവ്: മുഖ്യമന്ത്രി

Published : 11th September 2017 | Posted By: fsq

 

കല്യാശ്ശേരി:  ജനവികാരം ശക്തമായി പ്രകടിപ്പിക്കുകയും ജനകീയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള വേദിയായി ഉപയോഗിക്കുകയും ചെയ്ത് നിയമസഭയെ ജനാധിപത്യവല്‍ക്കരിക്കുന്നതില്‍ ശക്തിപകര്‍ന്ന നേതാവായിരുന്നു മുന്‍ മുഖ്യമന്ത്രി ഇ കെ നായനാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കല്യാശ്ശേരി കെ പി ആര്‍ സ്മാരക ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കേരള നിയമസഭാ വജ്രജൂബിലി ആഘോഷവും നായനാര്‍ സ്മൃതി സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  പാര്‍ലമെന്ററി പ്രവര്‍ത്തനം സ്വപ്‌നമായി പോലും കാണാന്‍ കഴിയാത്ത കാലത്ത് രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് കടന്നുവന്ന് നിയമനിര്‍മാണ സഭകളെ ജനാഭിലാഷങ്ങള്‍ക്കായി എങ്ങനെ ഉപയോഗിക്കാമെന്ന് പഠിപ്പിച്ച നേതാവായിരുന്നു അദ്ദേഹം. ദേശീയ പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയനായനാര്‍ പിന്നീട് ജന്‍മിത്തത്തിന്റെയും നാടുവാഴിത്തത്തിന്റെയും കുടില രീതികള്‍ക്കെതിരേ കര്‍ഷക കലാപങ്ങള്‍ നടത്തി കേരളക്കരയെ ചുവപ്പിച്ചു.  അഭിനയിക്കാതെ, വടിവൊത്ത സംസാരമില്ലാതെ, വേഷപ്പകര്‍ച്ചയില്ലാതെ ഏഴുപതിറ്റാണ്ട് കാലം നിറസാന്നിധ്യമായി നിലകൊണ്ടു. അദ്ദേഹത്തിന്റെ ഓരോ വാക്കും അനീതിക്കെതിരായ പോരാട്ടത്തില്‍ ഇടിമുഴക്കമായി അനുഭവപ്പെട്ടു. ജനങ്ങള്‍ അദ്ദേഹത്തില്‍ നേതാവിനെ കണ്ടു. സ്ത്രീകളും കുട്ടികളും അദ്ദേഹത്തെ പ്രിയപ്പെട്ട സഖാവായി കണ്ടു. ന്യൂനപക്ഷ വിഭാഗങ്ങള്‍ തങ്ങളുടെ രക്ഷാധികാരിയായും യുവാക്കള്‍ ഊര്‍ജസ്വലനായ സംഘാടകനായും അദ്ദേഹത്തെ കണ്ടു. ഒളിവിലും ജയിലിലും പാര്‍ട്ടി ഓഫീസിലുമായി ജീവിതത്തിന്റെ മുഖ്യപങ്കും കഴിച്ചു കൂട്ടിയ അദ്ദേഹം നിരവധി സമരമുഖങ്ങള്‍ക്ക് ആവേശവും വീര്യവും മാതൃകയും പകര്‍ന്നു.  നായനാര്‍ മനസ്സുകൊണ്ട് ഏറെ ഇഷ്ടപ്പെട്ട മേഖല പത്രപ്രവര്‍ത്തനമായിരുന്നുവെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. തുറന്ന ചര്‍ച്ചകള്‍ക്കും ആശയസംവാദങ്ങള്‍ക്കുമുള്ള സാഹചര്യം അതിഭീകരമായി ആക്രമിക്കപ്പെടുന്ന ഇക്കാലത്ത് നായനാറെ കുറിച്ചുള്ള ഓര്‍മകള്‍ ഏറെ പ്രസക്തമാണ്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകം രാജ്യത്തെ മാധ്യമസ്വാതന്ത്ര്യത്തെ കുറിച്ചുള്ള ആശങ്ക ഒന്നുകൂടി വര്‍ധിപ്പിക്കുന്നതാണ്. എന്നാല്‍ അതിനെതിരേ രാജ്യമാകെ പ്രതിഷേധമുയരുമ്പോഴും പുരോഗമനപരമായി ചിന്തിക്കുന്നവരും എഴുതുന്നവരും മൃത്യുഞ്ജയ മന്ത്രം ഉരുവിടണമെന്നും അതിന്റെ ഭാഗമാവ ണമെന്നുമൊക്കെ പറയാന്‍ കേരളത്തിലും ആളുകളുണ്ട്. ഇത്തരം പ്രവണതകള്‍ നമ്മുടെ നാടിന്റെ അന്തരീക്ഷത്തെ കലുഷിതമാക്കും. വര്‍ഗീയ -പ്രതിലോമ ശക്തികളെ ചെറുക്കാനും നമ്മുടെ സ്വാതന്ത്ര്യം നിഷേധിക്കുന്നവര്‍ക്കെതിരേ ധീരമായി പോരാടാനും ഇ കെ നായനാരുടെ ഓര്‍മ നമുക്ക് കരുത്ത് പകരുമെന്നും പിണറായി പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എമാരായ എ പി അബ്ദുല്ലക്കുട്ടി, എം വി ജയരാജന്‍, പി ജയരാജന്‍, കെ ടി കുഞ്ഞഹമ്മദ്, കെ പി മോഹനന്‍, പ്രഫ. എ ഡി മുസ്തഫ, കെ കെ നാരായണന്‍, സി കെ പി പത്മനാഭന്‍, എം പ്രകാശന്‍ മാസ്റ്റര്‍, പി കെ ശ്രീമതി എംപി എന്നിവരെ മുഖ്യമന്ത്രി ആദരിച്ചു. ഇ കെ നായനാരുടെ സഹധര്‍മിണി ശാരദടീച്ചര്‍ക്ക് മുഖ്യമന്ത്രി ഉപഹാരം നല്‍കി. മന്ത്രിമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ കെ ശൈലജ എന്നിവര്‍ നായനാര്‍ അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തി. കെ കെ രാഗേഷ് എം. പി, നിയമസഭാ സെക്രട്ടറി വി കെ ബാബുപ്രകാശ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ, ഇ കെ നായരാരുടെ കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ സന്നിഹിതരായി. ടി വി രാജേഷ് എംഎല്‍എ, എഡി എം ഇ മുഹമ്മദ് യൂസുഫ് സംസാരിച്ചു. തുടര്‍ന്ന് തായില്യം തിരുവല്ലയുടെ പൊന്തിമുഴക്കം നാടന്‍ പാട്ടും ദൃശ്യാവിഷ്‌കാവും അരങ്ങേറി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss