|    Jul 19 Thu, 2018 11:10 pm
FLASH NEWS

ഇ-ഉല്‍സവ് ദ്വിദിന ക്യാംപ് ഒന്നാംഘട്ടം പൂര്‍ത്തിയായി

Published : 9th September 2017 | Posted By: fsq

 

കല്‍പ്പറ്റ: ജില്ലയിലെ സര്‍ക്കാര്‍ എയ്ഡഡ് ഹൈസ്‌കൂളുകളിലെ അംഗങ്ങളെ ഉള്‍പ്പെടുത്തി നടത്തുന്ന ഇ-ഉല്‍സവ് ദ്വിദിന ക്യാംപിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയായി. വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എജ്യുക്കേഷന്‍ (കൈറ്റ്) ആണ് ആനിമേഷന്‍, ഇലക്ട്രോണിക്‌സ്, ഹാര്‍ഡ്‌വെയര്‍, സൈബര്‍ സുരക്ഷ, മലയാളം കംപ്യൂട്ടിങ് എന്നിങ്ങനെ അഞ്ചു മേഖലകളില്‍ വിദഗ്ധ പരിശീലനം ഉള്‍പ്പെടുന്ന ഇ-ഉല്‍സവ് ക്യാംപ് സംഘടിപ്പിക്കുന്നത്. ജില്ലയില്‍ 50 കേന്ദ്രങ്ങളില്‍ 106 റിസോഴ്‌സ്‌പേഴ്‌സന്‍മാരെ ഉള്‍പ്പെടുത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. സ്‌കൂളുകളില്‍ നിലവിലുണ്ടായിരുന്ന ഐടി ക്ലബ്ബിനെ സ്റ്റുഡന്റ്‌സ് പോലിസ് കാഡറ്റ് മാതൃകയില്‍ പരിഷ്‌കരിച്ചാണ് പരിശീലനം നല്‍കിയത്. അഞ്ചു മേഖലകളില്‍ കുട്ടികള്‍ക്ക് തുടര്‍ച്ചയായി പരിശീലനം നല്‍കുകയും അതാതു മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്യുന്ന തരത്തില്‍ സംസ്ഥാന തലത്തില്‍ ഒരു ലക്ഷത്തോളം കുട്ടികളെ ഉള്‍പ്പെടുത്തി ‘ഹായ് സ്‌കൂള്‍ കുട്ടിക്കൂട്ടം’  ജനുവരിയിലാണ് തുടങ്ങിയത്. ഇതിന്റെ തുടര്‍ച്ചയായി ആദ്യഘട്ടം സ്‌കൂള്‍ തലത്തില്‍ പരിശീലനം നല്‍കി. തുടര്‍ന്ന് മുഴുവന്‍ കുട്ടികള്‍ക്കും എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്ന രണ്ടു ദിവസത്തെ പൊതുപരിശീലനം വിവിധ കേന്ദ്രങ്ങളില്‍ നല്‍കി. ഇതിന്റെ തുടര്‍ച്ചയായാണ് ഇ-ഉല്‍സവ് സംഘടിപ്പിക്കുന്നത്. പൂര്‍ണമായി സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗപ്പെടുത്തിയാണ് പരിശീലനം. സ്‌കൂളുകളില്‍ വിന്യസിച്ചിട്ടുള്ള ഇലക്ട്രോണിക്‌സ് കിറ്റുകളിലെ ബ്രിക്കുകള്‍ ഉപയോഗിച്ചുള്ള അഡ്വാന്‍സ്ഡ് സര്‍ക്കീട്ട് നിര്‍മാണം, കുഞ്ഞന്‍ കംപ്യൂട്ടറായ റാസ്പറിപൈ ഉപയോഗം, വിഷ്വല്‍ പ്രോഗ്രാമിങ് സോഫ്റ്റ്‌വെയറായ സ്‌ക്രാച്ചുപയോഗിച്ച് എജ്യുടൈന്റ്‌മെന്റ് സോഫ്റ്റ്‌വെയറുകളുടെ വികസനം തുടങ്ങിയവ ഇലക്ട്രോണിക്‌സ് വിഭാഗത്തിനുള്ള ക്യാംപില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗൂഗിള്‍ ഇന്ത്യയുടെ 2017ലെ കോഡ് ടു ലേന്‍ മല്‍സരത്തില്‍ പങ്കെടുക്കാന്‍ കൂടി ഈ കുട്ടികള്‍ക്ക് അവസരം ലഭിക്കും. സ്വന്തമായി കഥ കണ്ടെത്തി ലഘു ആനിമേഷന്‍ സിനിമ തയ്യാറാക്കലും വിവിധ ഗ്രാഫിക്‌സ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുള്ള ഉള്ളടക്കം വികസിപ്പിക്കലുമാണ് ആനിമേഷന്‍ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍. സ്‌കൂള്‍ വിക്കി പുതുക്കല്‍, സ്‌കൂള്‍ ന്യൂസ് ഡെസ്‌ക് രൂപീകരിച്ച് വാര്‍ത്തകള്‍ തയ്യാറാക്കി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കല്‍, ഇന്റര്‍നെറ്റ് മര്യാദകള്‍, സൈബര്‍ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കുന്ന സംവിധാനങ്ങള്‍ തുടങ്ങിയവ മലയാള കംപ്യൂട്ടിങ് സൈബര്‍ സുരക്ഷാ മേഖലയിലെ ക്യാംപുകളില്‍ കുട്ടികള്‍ക്ക് വിദഗ്ധ പരിശീലനം ലഭിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss