|    Dec 10 Mon, 2018 9:43 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഇസ്‌ലാമോഫോബിയക്കെതിരേ ചാട്ടുളിയായി ‘കിതാബിലെ കൂറ’

Published : 28th November 2018 | Posted By: kasim kzm

പി സി അബ്ദുല്ല

വടകര: പൊതുബോധമെന്ന കാപട്യത്തിന്റെ മറവില്‍ ഇസ്‌ലാമിനെ അവഹേളിക്കാന്‍ നടക്കുന്ന സംഘപരിവാര-ഇടത് ഗൂഢനീക്കങ്ങള്‍ തുറന്നുകാട്ടി വടകരയില്‍ അരങ്ങേറിയ നാടകം ജനശ്രദ്ധ പിടിച്ചുപറ്റി. ജില്ലാ സ്‌കൂള്‍ കലോല്‍സവത്തി ല്‍ ‘കിതാബ്’ എന്ന നാടകത്തിലൂടെ മതത്തെ ആക്ഷേപിച്ച പശ്ചാത്തലത്തിലാണ് അതിജീവന കലാസംഘം ‘കിതാബിലെ കൂറ’ എന്ന പ്രതിനാടകവുമായി രംഗത്തുവന്നത്. ഇന്നലെ വൈകീട്ട് വടകര പുതിയ ബസ്സ്റ്റാന്റ് പരിസരത്തായിരുന്നു പരിപാടി. അരമണിക്കൂ ര്‍ നീണ്ട നാടകം ആസ്വദിക്കാ ന്‍ വന്‍ ജനാവലിയാണു ചുറ്റും കൂടിയത്.
മുസ്‌ലിംസമൂഹത്തിനെതിരായ സംഘപരിവാര നുണകള്‍ ഏറ്റുപിടിച്ച് മുസ്‌ലിംകള്‍ അപരിഷ്‌കൃതരും സ്ത്രീവിരുദ്ധരും വിദ്യാഭ്യാസമില്ലാത്തവരുമാണെന്നു പ്രചരിപ്പിക്കുന്ന ഇടത് പുരോഗമന കാപട്യത്തെ കണക്കിനു കളിയാക്കിയാണ് ‘കിതാബിലെ കൂറ’ കഥാപാത്രങ്ങള്‍ രംഗത്തുവന്നത്. ‘മനു ഫെസ്റ്റോ’ എന്ന മാനിഫെസ്റ്റോയും പൊക്കിപ്പിടിച്ചു നടക്കുന്ന പുരോഗമന നാട്യക്കാരനായ സംവിധായകനാണു പ്രധാന കഥാപാത്രം. അയാളുടെ നാടകത്തിലെ മുക്രിയും ഭാര്യയും മകളും അപരിഷ്‌കൃത മുസ് ലിംകളായിരിക്കണമെന്ന് സംവിധായകനു നിര്‍ബന്ധം. ഇസ്‌ലാം കാടന്‍രീതിയാണെന്നു സമര്‍ഥിക്കുന്ന ഘടകങ്ങളാണ് കഥാപാത്രങ്ങള്‍ക്കു വേണ്ടതെന്ന് സംവിധായകന്‍ വിവരിക്കുന്നു.
എന്നാല്‍, കഥാപാത്രങ്ങളായെത്തിയ മുക്രിയും ഭാര്യ ബീപാത്തുവും മകള്‍ ഉമ്മുകുല്‍സുവും സംവിധായകന്റെ ‘മനു ഫെസ്റ്റോ’യില്‍ നിന്ന് സ്വയം പുറത്തുചാടി സാമൂഹിക യാഥാര്‍ഥ്യങ്ങളുടെ നേര്‍ക്കാഴ്ചകളായി നിറഞ്ഞാടുകയാണ് നാടകത്തില്‍. പുരോഗമന നാട്യക്കാര്‍ വികലമായി അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന ഇസ്‌ലാമിക അന്തസ്സത്ത എന്തെന്ന് മൂന്നു കഥാപാത്രങ്ങളും സ്വതസിദ്ധമായി കാണികളുമായി സംവദിക്കുന്നു.
നജീബിനെ കാത്തിരിക്കുന്ന ഉമ്മയായും ശൂലംകൊണ്ട് ഉദരത്തിലെ കുഞ്ഞിനെ കൊന്നവര്‍ക്കെതിരേ പ്രതികരിക്കുന്ന മാതാവായും ഉമ്മുകുല്‍സുവിനെ അവതരിപ്പിച്ച ആയിഷാ ഹാദി അരങ്ങുതകര്‍ത്തു. സമുദായത്തിലെ പെണ്ണുങ്ങളെ ആക്ഷേപിക്കുന്ന മതേതര കാപട്യക്കാരോട് ബീപാത്തുവായ ദി ല്‍ഷത്ത് ഉന്നയിച്ച പൊള്ളുന്ന ചോദ്യങ്ങള്‍ കരഘോഷത്തോടെയാണ് കാണികള്‍ വരവേറ്റത്. രചയിതാവും സംവിധായകനുമായ എം എസ് സാജിദാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. മുക്രിയായെത്തിയ നസീഹ് തിരൂര്‍ ഉടനീളം കാണികളുടെ കൈയടി നേടി.
കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോല്‍സവത്തില്‍ മേമുണ്ട ഗവ. ഹൈസ്‌കൂള്‍ അവതരിപ്പിച്ച ‘കിതാബ്’ എന്ന നാടകം വിവാദമായിരുന്നു. ആ നാടകത്തിലെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടി ‘കിതാബിലെ കൂറ.’ ‘കിതാബ്’ ഒരു കഥയെ ആസ്പദമാക്കി എഴുതിയതാണെന്നായിരുന്നു വിശദീകരണം. എന്നാല്‍, അതു നിഷേധിച്ച കഥാകൃത്ത് കഥയുമായി യാതൊരു ബന്ധവുമില്ലാത്ത നാടകം ഇസ്‌ലാമോഫോബിയ ഉണ്ടാക്കുന്നതാണെന്നു വ്യക്തമാക്കി രംഗത്തുവന്നു. പിന്നെയും എസ്എഫ്‌ഐ ‘കിതാബി’നെ ന്യായീകരിക്കുകയാണു ചെയ്തത്.
മുസ്‌ലിം സ്ത്രീകളെ സ്വതന്ത്രരാക്കാന്‍ കിണഞ്ഞു ശ്രമിക്കുന്ന കപട മതേതര ലിബറല്‍ വാദികളുടെ പൊള്ളത്തരങ്ങള്‍ ‘കിതാബിലെ കൂറ’ തുറന്നുകാട്ടി. മുസ്‌ലിം സ്ത്രീകള്‍ക്കു മാത്രമല്ല, മക്കളെ, ഭര്‍ത്താവിനെ നഷ്ടപ്പെട്ട എല്ലാ സ്ത്രീകള്‍ക്കും അക്രമരാഷ്ട്രീയക്കാരില്‍ നിന്നു സ്വാതന്ത്ര്യം ലഭിക്കണം എന്ന സന്ദേശമാണ് നാടകം മുന്നോട്ടുവച്ചത്.
മുസ്‌ലിം സ്ത്രീകളുടെ സമകാലിക പ്രശ്‌നങ്ങളെ ഉയര്‍ത്തിയും സവര്‍ണ നിര്‍മിത വാ ര്‍പ്പുമാതൃകകളെ പൊളിച്ചടുക്കിയുമാണു ‘കിതാബിലെ കൂറ’ അരങ്ങേറിയത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss