|    Dec 14 Fri, 2018 8:37 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഇസ്‌ലാമില്‍ വിശ്വസിക്കുന്ന ലീഗ് കപടവിശ്വാസികളാവരുത്: എ കെ ബാലന്‍

Published : 7th December 2018 | Posted By: kasim kzm

തിരുവനന്തപുരം: മന്ത്രി എ കെ ബാലനെതിരേ സഭയില്‍ ലീഗിന്റെ പടപ്പുറപ്പാട്. ഇസ്‌ലാമില്‍ വിശ്വസിക്കുന്ന ലീഗ് കപടവിശ്വാസികളാവരുതെന്ന മന്ത്രിയുടെ വാക്കുകളാണ് ലീഗിനെ ചൊടിപ്പിച്ചത്. ഇസ്‌ലാമില്‍ വിശ്വസിക്കുന്ന മുസ്‌ലിംലീഗ് മുനാഫിക്കുകളാവരുത്. ഈമാനുള്ള പാര്‍ട്ടി കപടവിശ്വാസികളെ സഹായിക്കരുതെന്നും ബാലന്‍ പറഞ്ഞു. നിയമസഭയില്‍ കേരള പോലിസ് ഭേദഗതി ബില്ലിന്റെ ചര്‍ച്ചയ്ക്കിടെ, സര്‍ക്കാര്‍ ചെലവില്‍ സിപിഎം സംഘടിപ്പിക്കുന്ന വനിതാമതില്‍ സംബന്ധിച്ച പി കെ ബഷീറിന്റെ വാക്കുകള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. വിശ്വാസമുള്ള പാര്‍ട്ടി ഈ രൂപത്തില്‍ അധഃപതിക്കരുത്. ബിജെപിയെ ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് ഒപ്പം നിന്നാലും മുസ്‌ലിംലീഗ് അതിനു തയ്യാറാവരുതെന്നും മന്ത്രി പറഞ്ഞു. ഇതോടെ മന്ത്രിയുടെ പ്രസ്താവന അനുചിതമാണെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തുവരുകയായിരുന്നു. പരാമര്‍ശം പിന്‍വലിച്ച് ബാലന്‍ മാപ്പുപറയണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
ബാലന്റേത് അപകടകരമായ പ്രസ്താവനയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വര്‍ഗീയമായും ജാതീയമായും വേര്‍തിരിക്കുന്ന തരത്തിലുള്ള പ്രസ്താവനയാണ് മന്ത്രി നടത്തിയതെന്ന് എം കെ മുനീര്‍ അഭിപ്രായപ്പെട്ടു. ഇസ്‌ലാംമതത്തെയും മുസ്‌ലിംലീഗിനെയും പരാമര്‍ശിച്ചുകൊണ്ടുള്ള എ കെ ബാലന്റെ പ്രസ്താവന സഭാരേഖകളില്‍ നിന്നു നീക്കണമെന്ന് വി ഡി സതീശന്‍ പോയിന്റ് ഓഫ് ഓര്‍ഡര്‍ ഉന്നയിച്ചു. മന്ത്രിയുടെ പ്രസ്താവന മതങ്ങളെ തമ്മില്‍ വേര്‍തിരിക്കും. റൂള്‍ 307 പ്രകാരം സഭാരേഖയില്‍ നിന്ന് ബാലന്റെ പരാമര്‍ശം നീക്കണമെന്നായിരുന്നു സതീശന്റെ ആവശ്യം. പരിശോധിച്ച് നടപടി സ്വീകരിക്കാമെന്ന് സ്പീക്കര്‍ ഉറപ്പു നല്‍കി. പ്രസ്താവന വിവാദമായതോടെ മന്ത്രി ബാലന്‍ വിശദീകരണവുമായി രംഗത്തെത്തി. തന്റെ വാക്കുകളില്‍ ദുരുദ്ദേശ്യമില്ല. തങ്ങളെ നിരീശ്വരവാദികളായി വിശേഷിപ്പിക്കുന്നവര്‍ കപടവിശ്വാസത്തിന്റെ ഭാഗമാവുന്നത് വ്യക്തമാക്കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു. വനിതാമതില്‍ തട്ടിപ്പാണെന്നും നവോത്ഥാനത്തിന്റെ പേരില്‍ വനിതകളെ സംഘടിപ്പിക്കുന്ന സിപിഎമ്മിന് നല്ല ലക്ഷ്യമുണ്ടായിരുന്നെങ്കില്‍ 1987ല്‍ കെ ആര്‍ ഗൗരിയമ്മയെ മുഖ്യമന്ത്രിയാക്കുമായിരുന്നുവെന്നുമാണ് പി കെ ബഷീര്‍ സഭയില്‍ പറഞ്ഞത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss