|    Jul 17 Tue, 2018 3:03 pm
FLASH NEWS

ഇസ്‌ലാമിക പ്രസിദ്ധീകരണങ്ങള്‍ സാധ്യതകള്‍, സമീപനങ്ങള്‍

Published : 28th January 2017 | Posted By: G.A.G

is-1

 

 
വിദ്യാഭ്യാസ രംഗത്ത് കൈവരിക്കാന്‍ കഴിഞ്ഞ നേട്ടങ്ങളും അതിന്റെ ഫലമായുണ്ടായ ലോകബോധവും ഇസ്‌ലാമികമായ ആദര്‍ശങ്ങളും ചേര്‍ത്ത് രൂപീകരിക്കപ്പെട്ട ഒരു ഭൂമികയിലാണ് മുസ്‌ലിം/ഇസ്‌ലാമിക പ്രസിദ്ധീകരണങ്ങള്‍ പിറവികൊള്ളുന്നത്. ആദ്യകാലത്ത് ഇത്തരം പ്രസിദ്ധീകരങ്ങളുടെ ദൗത്യം ഇസ്‌ലാമികാശയാദര്‍ശങ്ങളുടെ പ്രബോധനവും സാമുദായികമായ പരിഷ്‌ക്കരണങ്ങളുമായിരുന്നു. പക്ഷേ, ഒരു സമുദായമെന്ന നിലയ്ക്ക് മുസ്‌ലിംകള്‍ അഭിമൂഖീകരിക്കുന്ന രാഷ്ട്രീയവും സാമൂഹ്യവുമായ പ്രശ്‌നങ്ങളെ സംബോധന ചെയ്യാത്തിടത്തോളം അതിന്റെ ലക്ഷ്യത്തിലെത്താന്‍ കഴിയില്ല എന്ന തിരിച്ചറിവ് ആദ്യകാല മുസ്‌ലിം നേതൃത്വത്തിനുണ്ടായിരുന്നതായി വക്കം അബ്ദുല്‍ഖാദര്‍ മൗലവിയുടെ മുസ്‌ലിം മാസിക (1906)യും അബ്ദുറഹിമാന്‍സാഹിബിന്റെ അല്‍അമീന്‍ പത്രവും നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. ഇസ്‌ലാമിനെ അതിന്റെ തനതായ ആശയാദര്‍ശങ്ങലില്‍ത്തന്നെ സജീവതയോടെ നിലനിര്‍ത്താനും ഇസ്‌ലാമിനുമേല്‍ അടിഞ്ഞുകൂടിയ അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും മാലിന്യങ്ങളെ നീക്കം ചെയ്യാനുമുള്ള അധ്യാപനങ്ങളും അക്കാലത്തെ പ്രസിദ്ധീകരണങ്ങളുടെ വലിയ ലക്ഷ്യങ്ങളില്‍ ഒന്നായിരുന്നു.
blur-1കലയോടും സാഹിത്യത്തോടുമുണ്ടായിരുന്ന യാഥാസ്ഥിതികമായ മനോഭാവങ്ങളില്‍നിന്നും യുക്തിപൂര്‍വമായ ഒരു വിടുതല്‍ നേടാന്‍ കഴിഞ്ഞത് പ്രസിദ്ധീകരണങ്ങളുടെ ഉള്ളടക്കത്തിലും ലേ ഔട്ടിലും വലിയ പൊളിച്ചെഴുത്തുകള്‍ നടത്തുന്നതിന് ഇടയാക്കുകയുണ്ടായി. ഈ മാറ്റം ഇസ്‌ലാമിക പ്രസിദ്ധീകരണങ്ങളിലേക്ക് പുതിയ തലമുറയെയും അമുസ്‌ലിംകളെയും അടുപ്പിക്കുന്നതിന് സഹായകമാവുകയുണ്ടായി. ഫോട്ടോഗ്രാഫിയോടും ചിത്രകലയോടും ഉണ്ടായ വിശ്വാസപരമായ അകല്‍ച്ച, അത് ഒരു മാധ്യമമാണെന്ന തിരിച്ചറിവിലൂടെ മറികടക്കാനായതും പ്രസിദ്ധീകണങ്ങളുടെ ആകര്‍ഷണീയതയ്ക്ക് മാറ്റുകൂട്ടി.
ഈ കാലഘട്ടം മുസ്‌ലിം/ഇസ്‌ലാമിക പ്രസിദ്ധീകരണങ്ങളില്‍നിന്നും ആവശ്യപ്പെടുന്നതും പ്രതീക്ഷിക്കുന്നതും എന്താണ്? കേവലം ഇസ്‌ലാമിക പഠന പ്രബോധന വിഷയങ്ങള്‍ മാത്രമാണോ? ഒട്ടുംതന്നെ അല്ല എന്ന് നമുക്കറിയാം. ആഗോളതലത്തില്‍ ഇസ്‌ലാമിന്റെ സൗന്ദര്യത്തെ വിരൂപമാക്കി അവതരിപ്പിക്കാനും ഇസ്‌ലാമിന്റെ കാതലായ ആര്‍ദ്രതയെ, കാരുണ്യത്തെ ഭീകരവാദമായി ദുര്‍വ്യാഖ്യാനം ചെയ്യാനുമുള്ള സാമ്രാജ്യത്വ-സയണിസ്റ്റ് ഗൂഢാലോചനകള്‍ വല്ലാതെ വിജയിച്ചുകൊണ്ടിരിക്കുമ്പോള്‍ അതിനെതിരെയുള്ള ഒരവബോധം സൃഷ്ടിക്കുകയും അതിന്റെ സത്യത്തെ വിളിച്ചു പറയുകയും ചെയ്യേണ്ടതുണ്ട്. ഇന്ത്യ ഭരണഘടനാപരമായി മതേതരത്വ രാജ്യമാണെങ്കിലും ലംഘിക്കപ്പെടുകയും നിഷേധിക്കപ്പെടുകയും ചെയ്യുന്ന മൗലികാവകാശങ്ങളെ കുറിച്ച് നിരന്തരം ഓര്‍മ്മപ്പെടുത്തലുകളും ഉണ്ടാകണം. ഫാഷിസം അതിന്റെ കറുത്ത ചിറകു വിടര്‍ത്തി ഹുങ്കാരത്തോടെ പറന്നടുക്കുമ്പോഴും അതിനെക്കുറിച്ച് ചിന്തിക്കാതെ, ബാഹ്യമായ ആഹ്ലാദങ്ങളില്‍ അഭിരമിച്ചു കഴിയുന്നവരെ ഉണര്‍ത്താനും ഉത്തേജിപ്പിക്കാനും കഴിയുന്ന വിധത്തിലുള്ളതുമായ സൃഷ്ടികള്‍ ഇത്തരം പ്രസിദ്ധീകരണങ്ങളിലുണ്ടാകണം.
പ്രസിദ്ധീകണങ്ങളിലുപയോഗിക്കുന്ന ഭാഷയെക്കുറിച്ച് വ്യക്തമായ ധാരണയുള്ള എഡിറ്ററായിരിക്കണം ഒരു പ്രസിദ്ധീകരണത്തിന്റെ തലപ്പത്ത്. വിദ്യാഭ്യാസത്തിന്റെയും സംവേദനക്ഷമതയുടെയും വ്യത്യസ്ത തലങ്ങളിലുള്ള വായനക്കാരായിരിക്കും ഒരു പ്രസിദ്ധകരണത്തിനുണ്ടാവുക. അതിലൂടെ ആവിഷ്‌ക്കരിക്കപ്പെടുന്ന ആശയങ്ങള്‍ക്കും അഭിപ്രായങ്ങല്‍ക്കും വിഷയത്തിന്റെ ഗൗരവമനുസരിച്ച് വ്യത്യാസമുണ്ടാവുക സ്വാഭാവികമാണ്. സാഹിത്യഭംഗിയും ഭാഷയുടെ ഗരിമയും പ്രൗഢിയുമൊക്കെ ഉള്‍ക്കൊള്ളുന്ന ലേഖനങ്ങളും മറ്റു സര്‍ഗാത്മക സൃഷ്ടികളും  നിരന്തരമായി വായിക്കപ്പെടുന്നതിലൂടെ വായനക്കാരന്റെ ഭാഷയും സംവേദനക്ഷമതയും പുതുക്കിപ്പണിയപ്പെടും എന്നത് ഒരു യാഥാര്‍ഥ്യമാണ്.
സമകാലീന സാഹചര്യത്തില്‍ ഒരു ഇസ്‌ലാമിക പ്രസിദ്ധീകരണത്തിന്റെ ന്യൂക്ലിയസ് ഫാഷിസ്റ്റ് വിരുദ്ധതയും ഒപ്പം ഇസ്‌ലാമികാശയങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്നതിനെ ചെറുക്കലുമാണ്. ശാസ്ത്രസാങ്കേതിക വിഷയങ്ങളിലെ വിസ്‌ഫോടനങ്ങളും അതിന്റെ പ്രതിഫലനങ്ങളും ഇസ്‌ലാമിന്റെ ചിന്താധാരകളും തമ്മില്‍ എവിടെയെങ്കിലും ഇടര്‍ച്ചയുണ്ടാകുന്നുണ്ടെങ്കില്‍ അത്തരം വിഷയങ്ങളിലുള്ള അന്വേഷണവും ഗവേഷണങ്ങളും നടത്തി കിട്ടുന്ന ഫലങ്ങള്‍ പ്രസിദ്ധകരിച്ച് സമുദായത്തേയും അതുവഴി പൊതുസമൂഹത്തേയും മുന്നോട്ട് നയിക്കാന്‍ ശ്രമിക്കേണ്ടതാണ്.
പരിസ്ഥിതി, സ്ത്രീ വിഷയങ്ങളിലും മനുഷ്യാവകാശ പ്രശ്‌നങ്ങളിലും ഒരു ആദര്‍ശ സമൂഹമെന്നുള്ള നിലക്ക് നടത്തേണ്ട കൃത്യമായ ഇടപെടലുകളുണ്ട്. എല്ലാറ്റിനുമുള്ള ഒരു സ്‌പേസ് ഒരു പ്രസിദ്ധീകരണത്തിലില്ലെങ്കില്‍ ഓരോന്നിനും വ്യത്യസ്ത പ്രസിദ്ധീകരണങ്ങള്‍ ആരംഭിക്കാവുന്നതാണ്. ഇതിന് ചന്ദ്രിക, മാധ്യമം തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ മികച്ച മാതൃക കാണിക്കുകയുണ്ടായി. പത്രത്തോടൊപ്പം വാരികയും വനിതാ മാസികയും ആരംഭിക്കാന്‍ കഴിഞ്ഞത് എടുത്തു പറയേണ്ടതാണ്. പ്രബോധനം മുസ്‌ലിം സമുദായത്തിന്റെ രാഷ്ട്രീയവും സാമൂഹ്യവും ഒപ്പം വിശ്വാസപരവുമായ കാര്യങ്ങളില്‍ ഇസ്‌ലാമികമായ കാഴ്ചപാടുകള്‍ അവതരിപ്പിച്ചു. ജീവിതത്തിന്റെ സമസ്തമേഖലകളിലേയും ഇസ്‌ലാമികമായ കാഴ്ചപാട് പുതുക്കിപ്പണിയുന്നതിനു കാലത്തിനനുസരിച്ച് അവയെ വ്യാഖ്യാനിക്കുന്നതിനുംവേണ്ടിയുള്ള പരിശ്രമങ്ങളുടെ ബാക്കിപത്രം എന്ന നിലയില്‍ ബോധനം എന്ന പേരില്‍ ഒരു പ്രസിദ്ധീകരണംകൂടി തുടങ്ങിക്കൊണ്ട് പ്രബോധനം കുടുംബം അതിന്റെ കാഴ്ചപാടുകളെ വിപുലീകരിക്കുകയുണ്ടായി.
തേജസ് ദിനപത്രവും ദൈ്വവാരികയും ഈ പശ്ചാത്തലത്തിലാണ് വിലയിരുത്തപ്പെടേണ്ടത്. മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കും ഭരണകൂട ഭീകരതയ്ക്കും മൗലികാവകാശ ലംഘനങ്ങള്‍ക്കുമെതിരെയുള്ള ഒരു പ്രതിരോധമാണ് തേജസ്. അക്ഷരങ്ങളെകൊണ്ടാണത് ആയുധം തീര്‍ക്കുന്നത്. സത്യം വിളിച്ചു പറയുന്നത്‌കൊണ്ട് ഏതു സമയത്തും കാരാഗൃഹത്തിലടയ്ക്കപ്പെടാം എന്നുള്ള ഭീഷണികള്‍ തൃണവല്‍ഗണിച്ചുകൊണ്ട് അഗ്നിവീഥിയിലൂടെയാണ് സഞ്ചരിക്കുന്നത്. വേദനിക്കുന്ന മുഴുവന്‍ ആളുകളുടേയും പക്ഷം ചേര്‍ന്നത്‌കൊണ്ടാണ് തേജസ് അതിന്റെ മാനവികതയെ വിളംബരം ചെയ്യുന്നത്.
മുസ്‌ലിമായതുകൊണ്ടുമാത്രം പീഢിപ്പിക്കപ്പെടുന്ന അധികാരകേന്ദ്രങ്ങളുടെയും ഫാഷിസ്റ്റുകളുടെയും നിലപാടിനെയാണത് ചെറുക്കുന്നത്. അതിലെ കഥകളും കവിതകളും സര്‍ഗാത്മകതകൊണ്ടുള്ള രാഷ്ട്രീയപ്രവര്‍ത്തനംകൂടിയാണ്. മറ്റു പല പ്രസിദ്ധീകരണങ്ങളിലും മുസ്‌ലിംപ്രശ്‌നം ചര്‍ച്ച ചെയ്യുന്നു എന്ന ഭാവേന നടക്കുന്ന ചര്‍ച്ചകളിലെ മുസ്‌ലിംവിരുദ്ധത കണ്ടെത്താനും തുറന്നുകാട്ടാനുംകൂടി തേജസിന് കഴിയേണ്ടതുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss