|    Oct 17 Tue, 2017 1:34 pm
Home   >  Todays Paper  >  page 7  >  

ഇസ്‌ലാമിക് ബാങ്കിങിനെ അനുകൂലിച്ച് റിസര്‍വ് ബാങ്ക്

Published : 21st November 2016 | Posted By: SMR

reserve-bank

ന്യൂഡല്‍ഹി: രാജ്യത്ത് ഇസ്‌ലാമിക് ബാങ്കിങ് സംവിധാനം നടപ്പാക്കുന്നതിനെ അനുകൂലിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. കേന്ദ്ര ധനകാര്യമന്ത്രാലയത്തിന് ഇതുസംബന്ധിച്ച് എഴുതിയ കത്തിലാണ് റിസര്‍വ് ബാങ്ക് ഇസ്‌ലാമിക് ബാങ്കിങിനെ അനുകൂലിച്ചിരിക്കുന്നത്.
പലിശരഹിത സംവിധാനമുള്ള ഇസ്‌ലാമിക് ശരീഅത്ത് ബാങ്കിങ് ഘട്ടംഘട്ടമായി രാജ്യത്ത് നടപ്പാക്കാമെന്നാണ് റിസര്‍വ് ബാങ്കിന്റെ നിലപാട്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ നിലവിലുള്ള ബാങ്കുകളില്‍ ഇസ്‌ലാമിക് ബാങ്കിങ് വിന്‍ഡോ തുറക്കാമെന്നും റിസര്‍വ്ബാങ്ക് നിര്‍ദേശിക്കുന്നു. കഴിഞ്ഞ കുറേ കാലമായി രാജ്യത്ത് ഇസ്‌ലാമിക് ബാങ്കിങ് സംവിധാനം നടപ്പാക്കുന്നതിന് കേന്ദ്രവും റിസര്‍വ് ബാങ്കും സാധ്യതകള്‍ തേടിവരുകയാണ്. പലിശയില്ലാത്തതും എന്നാല്‍, ലാഭനഷ്ടങ്ങള്‍ വീതിച്ചെടുക്കുന്നതുമാണ് ഇസ്‌ലാമിക് ബാങ്കിങ് സംവിധാനം.
ഇസ്‌ലാമിക് ബാങ്കിങ് മേഖലയില്‍ രാജ്യത്ത് പരിചയക്കുറവുള്ളതിനാല്‍ ഘട്ടംഘട്ടമായി മാത്രമേ അത് നടപ്പാക്കാനാവു എന്ന് റിസര്‍വ് ബാങ്ക് പറയുന്നു. നിരവധി കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഇസ്‌ലാമിക് ബാങ്കിങ് സംവിധാനം. ആദ്യഘട്ടമെന്ന നിലയില്‍ രാജ്യത്തെ പരമ്പരാഗത ബാങ്കുകളില്‍ ഉള്ളതിന് സമാനമായ കാര്യങ്ങള്‍ നടപ്പാക്കാം.
ലാഭനഷ്ടങ്ങള്‍ വീതിച്ചെടുക്കുന്നതുള്‍പ്പടെയുള്ള ഇതിന്റെ മര്‍മപ്രധാനമായ  ഭാഗങ്ങള്‍ അടുത്ത ഘട്ടത്തില്‍ നടപ്പാക്കിയാല്‍ മതിയാവും. ഈ സമയമാവുമ്പോഴേക്കും ഇക്കാര്യത്തില്‍ ആവശ്യമായ പരിചയമുണ്ടാവുകയും ചെയ്യുമെന്നും റിസര്‍വ് ബാങ്ക് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ഇസ്‌ലാമിക് ബാങ്കിങിന്റെ അടിസ്ഥാനത്തില്‍ സ്വീകരിക്കുന്ന പണം സാധാരണ ബാങ്കിങിലൂടെ സ്വീകരിക്കുന്ന പണവുമായി കൂട്ടിക്കുഴയ്ക്കരുത്. ഇന്റര്‍ ഡിപാര്‍ട്ടുമെന്റല്‍ ഗ്രൂപ്പ് ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഇത് നടപ്പാക്കുന്നതിന്റെ നിയമപരവും സാങ്കേതികവും കാര്യനിര്‍വഹണപരവുമായി കാര്യങ്ങള്‍ പരിശോധിക്കണമെന്നും റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചു. ഇത് സംബന്ധിച്ച സാങ്കേതിക വിശകലന റിപോര്‍ട്ടും മന്ത്രാലയത്തിന് റിസര്‍വ് ബാങ്ക് കൈമാറിയിട്ടുണ്ട്.
ബാങ്കുമായി ബന്ധപ്പെട്ട ശരീഅ ബോര്‍ഡിന്റെ പ്രവര്‍ത്തനം, കമ്മിറ്റികള്‍, നിക്ഷേപ ഇന്‍ഷുറന്‍സുകള്‍ ഇസ്‌ലാമിക് ബാങ്കിങ് നിക്ഷേപങ്ങളിലേക്ക് വ്യാപിപ്പിക്കുക. ഇതിന്റെ സാമ്പത്തിക സങ്കീര്‍ണതകള്‍, അക്കൗണ്ടിങ് ചട്ടക്കൂട് തുടങ്ങിയ കാര്യങ്ങളിലെല്ലാം ഘടന രൂപപ്പെടുത്തണം. റിസര്‍വ്ബാങ്ക് നിര്‍ദേശിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക