|    Jan 24 Tue, 2017 6:46 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ഇസ്‌ലാം സ്വീകരിച്ച ബ്രിട്ടിഷ് അംബാസഡര്‍ ഹജ്ജിനെത്തി

Published : 16th September 2016 | Posted By: Navas Ali kn

british-ambassador-to-saudi-arabia-simon-paul-collis-and-his-wife-huda-mujarkech

ഈ വര്‍ഷം ഹജ്ജ് നിര്‍വഹിച്ച 19,000 ബ്രിട്ടിഷ് പൗരന്മാരില്‍ സൗദിയിലെ ബ്രിട്ടിഷ് അംബാസഡര്‍ സൈമണ്‍ പോള്‍ കൊളീസും. ഇദ്ദേഹത്തിന്റെ ഇസ്‌ലാം ആശ്ലേഷം നേരത്തേ വാര്‍ത്തയായിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിരുന്നില്ല. ഭാര്യ ഹുദ മുജര്‍കെഷിനൊപ്പമാണ് സൈമണ്‍ പോള്‍ ഹജ്ജ് നിര്‍വഹിച്ചത്. സൗദി എഴുത്തുകാരിയും സര്‍വകലാശാലാ അധ്യാപികയുമായ ഫൗസിയ അല്‍ബകര്‍ അംബാസഡറും ഭാര്യയും ഇഹ്‌റാം ധരിച്ചു നില്‍ക്കുന്ന രണ്ടു ചിത്രങ്ങള്‍ ചൊവ്വാഴ്ച ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഫൗസിയ അല്‍ബകറിന് നന്ദിപറഞ്ഞ് സൈമണ്‍ പോള്‍ പോസ്റ്റിന് മറുപടി നല്‍കുകയും ചെയ്തു. രണ്ടു ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. എന്നാല്‍, മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കാന്‍ വിസമ്മതിച്ച അദ്ദേഹം 30 വര്‍ഷമായി മുസ്‌ലിംസമൂഹത്തിനിടയില്‍ ജീവിക്കുന്ന താന്‍ ഹുദയെ വിവാഹം ചെയ്യുന്നതിനു മുമ്പുതന്നെ ഇസ്‌ലാംമതം സ്വീകരിച്ചിരുന്നതായി വ്യക്തമാക്കി.
സര്‍ ജോണ്‍ ജെന്‍കിന്‍സ് വിരമിച്ച ഒഴിവില്‍ കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് സൈമണ്‍ പോള്‍ സൗദിയിലെ അംബാസഡറായി സ്ഥാനമേറ്റത്. സൈമണ്‍ പോളിനും ഭാര്യക്കും ആദ്യം അഭിനന്ദനം രേഖപ്പെടുത്തിയവരില്‍ സൗദി രാജകുമാരി ബസ്മാഹ് ബിന്‍ത് സൗദും ഉള്‍പ്പെടുന്നു. രാജകുമാരിക്ക് ട്വിറ്ററിലൂടെ അംബാസഡര്‍ നന്ദിപ്രകടിപ്പിച്ചു. എല്ലാവര്‍ക്കും പ്രചോദനം നല്‍കുന്നതിനായി അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കപ്പെടേണ്ടതുണ്ടെന്ന് ബ്രിട്ടിഷ് ഹാജീസ് കൗണ്‍സില്‍ സിഇഒ റാഷിദ് മൊഗ്രാദിയ അഭിപ്രായപ്പെട്ടു. ഇസ്‌ലാംമതം വ്യാപകമായി തെറ്റിദ്ധരിപ്പിക്കപ്പെടുന്ന സാഹചര്യത്തില്‍, പ്രത്യേകിച്ചും പാശ്ചാത്യരാജ്യങ്ങളില്‍ ബ്രിട്ടിഷ് അംബാസഡറുടെ ഇസ്‌ലാം ആശ്ലേഷം മതത്തോടുള്ള സമീപനത്തില്‍ മാറ്റമുണ്ടാക്കിയേക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
1978ല്‍ ബ്രിട്ടിഷ് ഫോറിന്‍ ആന്റ് കോമണ്‍വെല്‍ത്ത് ഓഫിസില്‍ ചേര്‍ന്നാണ് സിവില്‍ സര്‍വീസ് ജീവിതം ആരംഭിക്കുന്നത്. അറബി ഭാഷ പഠിച്ച ശേഷം വിവിധ അറബ് രാജ്യങ്ങളില്‍ സേവനമനുഷ്ഠിച്ചു. ബഹ്‌റയ്ന്‍, ഇറാഖ്, സിറിയ, ഖത്തര്‍ എന്നിവിടങ്ങളില്‍ ബ്രിട്ടിഷ് അംബാസഡറായും ദുബയിലും ബസറയിലും ബ്രിട്ടിഷ് കോണ്‍സല്‍ ജനറലായും ജോലിചെയ്ത ഇദ്ദേഹം 1991 മുതല്‍ 1994 വരെ ന്യൂഡല്‍ഹിയില്‍ ഫസ്റ്റ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. അഞ്ചു മക്കളുടെ പിതാവാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 1,250 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക