|    Nov 18 Sun, 2018 11:53 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഇസ്‌ലാം സ്വീകരണം പ്രഖ്യാപിക്കാന്‍ ആധികാരിക സംവിധാനം വേണം

Published : 2nd March 2018 | Posted By: kasim kzm

കൊച്ചി: ഇസ്‌ലാം മതം സ്വീകരിച്ചവര്‍ക്കു മതം മാറിയെന്ന ഡിക്ലറേഷന്‍ സമര്‍പ്പിക്കാനും അംഗീകാരം നേടാനുമുള്ള അതോറിറ്റിയെ നിശ്ചയിക്കുന്നതിന് ചട്ട രൂപീകരണം സംബന്ധിച്ച് ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. ക്രിസ്ത്യാനിയായി ജനിച്ച് ഹിന്ദുസ്ത്രീയെ വിവാഹം ചെയ്ത ശേഷം മൂന്നുവര്‍ഷം മുമ്പ് ഇസ്‌ലാംമതം സ്വീകരിച്ച അബു താലിബ് എന്ന തദേവൂസിന്റെ ഹരജിയിലാണ് ഉത്തരവ്. മുസ്‌ലിം വ്യക്തിനിയമം (ശരിഅത്ത്) നടപ്പാക്കല്‍ നിയമത്തിലെ മൂന്ന്, നാല് വകുപ്പുകളുമായി ബന്ധപ്പെട്ട നിയമ നിര്‍മാണം സംബന്ധിച്ച് മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് നിര്‍ദേശം.
ഭാര്യയും മക്കളും ഇപ്പോഴും ക്രിസ്തുമത വിശ്വാസികളാണെങ്കിലും താന്‍ ഇസ്‌ലാം മതാചാരങ്ങള്‍ അനുഷ്ഠിച്ചാണു ജീവിച്ചുവരുന്നതെന്ന് ഹരജിയില്‍ പറയുന്നു. ഇസ്‌ലാം സ്വീകരിച്ചുവെങ്കിലും താന്‍ ഇപ്പോള്‍ ഇസ്‌ലാം മതത്തിലാണെന്നു തെളിയിക്കാന്‍ ഔദ്യോഗിക രേഖകളില്ല. മുസ്‌ലീം വ്യക്തിനിയമം പിന്തുടര്‍ന്ന് ജീവിക്കാനാണ് ആഗ്രഹം. വ്യക്തിനിയമം നടപ്പാക്കല്‍ ചട്ടത്തിന്റെ സെക്ഷന്‍ മൂന്നില്‍ പറയുന്നത് പോലെ മതംമാറ്റം സംബന്ധിച്ച ഔദ്യേഗിക പ്രഖ്യാപനത്തിലൂടെ (ഡിക്ലറേഷന്‍) മാത്രമേ ഇതിന് പരിഹാരം കാണാനാവൂ.
സംസ്ഥാന സര്‍ക്കാര്‍ നിയമം മൂലം നിലവില്‍ കൊണ്ടുവരുന്ന അധികൃതര്‍ക്ക് മുമ്പാകെ വേണം ഡിക്ലറേഷന്‍ നടത്തി അംഗീകാരം നേടാന്‍. എന്നാല്‍, ഇത്തരമൊരു സംവിധാനം നടപ്പാക്കാനുള്ള നിയമം സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ കൊണ്ടുവന്നിട്ടില്ല. അതിനാല്‍, ഡിക്ലറേഷന്‍ നടത്തേണ്ട അധികാരി നിലവിലില്ലാത്ത അവസ്ഥയാണ്.
ഇപ്പോള്‍ പൊന്നാനിയിലും കോഴിക്കോടുമുള്ള രണ്ട് സ്ഥാപനങ്ങളാണു മതംമാറ്റം സംബന്ധിച്ച സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത്. എന്നാല്‍, മുസ്‌ലിം വ്യക്തിനിയമ പ്രകാരമുള്‍പ്പെടെ നിയമപരമായി സാധുതയില്ലാത്ത രേഖകളാണിവയെന്നു ഹരജിക്കാരന്‍ പറയുന്നു. ഇഷ്ടമുള്ള മതം സ്വീകരിക്കാന്‍ തനിക്കു സ്വാതന്ത്ര്യമുണ്ട്. അതു നിയമപരമാക്കി ആചാരങ്ങള്‍ അനുഷ്ഠിക്കാനും ആഗ്രഹിക്കുന്നു. അതിനാല്‍ ആരുടെ മുമ്പാകെയാണ് ഇത് സംബന്ധിച്ചു ഡിക്ലറേഷന്‍ നടത്തി അംഗീകാരം നേടേണ്ടതെന്നു സര്‍ക്കാര്‍ നിയമനിര്‍മാണത്തിലൂടെ വ്യക്തമാക്കണം. സര്‍ക്കാരിനു സാധ്യമല്ലെങ്കില്‍ വഖ്ഫ് ബോര്‍ഡിനെ ഇത്തരമൊരു നിയമമുണ്ടാക്കാന്‍ ചുമതലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹരജി. ഇസ്‌ലാം സ്വീകരിച്ച കൊടുങ്ങല്ലൂര്‍ സ്വദേശി സൈമണ്‍ മാസ്റ്ററുടെ മൃതദേഹം മതവിശ്വാസ പ്രകാരം സംസ്‌കരിക്കുന്നതിന് പകരം ഭാര്യയും മക്കളും ചേര്‍ന്ന് മെഡിക്കല്‍ കോളജിന് കൈമാറിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണു ഹരജിയുമായി കോടതിയിലെത്തിയത്.
ഹരജി പരിഗണിക്കവേ ഇതു സംബന്ധിച്ച നിവേദനങ്ങളൊന്നും ഹരജിക്കാരനോ, മറ്റുള്ളവരോ സമര്‍പ്പിച്ചിട്ടില്ലെന്നു സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച നിയമമുണ്ടാക്കണമെന്ന് നിര്‍ദേശിക്കുന്ന നിയമം ഉണ്ടായിട്ട് 80 വര്‍ഷം കഴിഞ്ഞിട്ടും ഇപ്പോഴും നിവേദനത്തിനായി കാത്തിരിക്കുകയാണോയെന്നു കോടതി ആരാഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss