|    Dec 15 Fri, 2017 6:11 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ഇസ്‌റായേലിനെ അണ്വായുധ നിര്‍വ്യാപന കരാര്‍ അംഗീകരിപ്പിക്കണമെന്ന് ഖത്തര്‍

Published : 30th September 2016 | Posted By: SMR

ദോഹ: അന്താരാഷ്ട്ര പ്രമേയങ്ങള്‍ നടപ്പാക്കാനും അണ്വായുധ നിര്‍വ്യാപന കരാര്‍ (എന്‍പിടി) അംഗീകരിക്കാനും അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിക്ക് മുന്നില്‍ തങ്ങളുടെ ആണവ സൗകര്യങ്ങള്‍ തുറന്നുനല്‍കാനും ഇസ്‌റായേലിന് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കണമെന്ന് ഖത്തര്‍. മിഡി ല്‍ ഈസ്റ്റ് മേഖലയെ അണുവായുധമുക്തമാക്കാനുള്ള ശ്രമങ്ങള്‍ക്ക് തങ്ങളുടെ പിന്തുണ ആവര്‍ത്തിക്കുന്നതായും ഖത്തര്‍ വ്യക്തമാക്കി.
വിയന്നയില്‍ നടക്കുന്ന അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ)യുടെ പൊതു സമ്മേളനത്തിന്റെ അറുപതാം സെഷനില്‍ പങ്കെടുത്ത ആയുധ നിരോധന ദേശീയ കമ്മിറ്റി ചെയര്‍മാന്‍ സ്റ്റാഫ് മേജര്‍ ജനറല്‍ നാസര്‍ ബിന്‍ മുഹമ്മദ് അല്‍ അലിയാണ് നിലപാട് വ്യക്തമാക്കിയത്.
ഖത്തര്‍ ദേശീയ ദര്‍ശന രേഖ 2030ലൂടെ വികസനത്തിന്റെ നിലവാരം മെച്ചപ്പെടുത്താനും സാമ്പത്തിക, സാങ്കേതിക, സാമൂഹിക, പരിസ്ഥിതി അടിസ്ഥാന സൗകര്യ വികസനത്തിനും ദീര്‍ഘകാലത്തേക്കുള്ള സമഗ്രമായ പദ്ധതി രാജ്യം ആവിഷ്‌കരിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സുസ്ഥിര വികസനം നേടാനും തലമുറകളോളം ജനങ്ങള്‍ക്ക് ഉന്നത നിലവാരത്തിലുള്ള ജീവിതം ഉറപ്പുവരുത്താനും ഇതിലൂടെ സാധിക്കും.
ആണവോര്‍ജത്തിന്റെ സമാധാനാവശ്യങ്ങ ള്‍ക്കുള്ള ഉപയോഗം, ഊര്‍ജം, ഭക്ഷണം, കൃഷി, ആരോഗ്യം, പരിസ്ഥിതി തുടങ്ങിയ മേഖലയിലെ ആണവോര്‍ജം ഉപയോഗപ്പെടുത്തിയുള്ള വികസനം തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് ഖത്തര്‍ ദേശീയ ദര്‍ശന രേഖ. ഇത്തരം പദ്ധതികള്‍ക്ക് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി ഖത്തറിന് നല്‍കിയ സഹകരണത്തെ അദ്ദേഹം പ്രശംസിച്ചു. ഭാവിയിലും ഏജന്‍സിയുമായി നിര്‍മാണാത്മക ബന്ധത്തിന് ഖത്തര്‍ പ്രതിജ്ഞാബദ്ധമാണ്.
ജിസിസി, അറബ് ആണവോര്‍ജ ഏജന്‍സി, ഗ്രൂപ്പ് ഓഫ് അറബ് സ്റ്റേറ്റ്‌സ് ഇന്‍ ഏഷ്യ (അറേഷ്യ), അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി എന്നിവയുമായുള്ള പ്രവര്‍ത്തനങ്ങളിലെല്ലാം ഖത്തര്‍ സഹകരിക്കുന്നുണ്ട്. സുതാര്യമായി ലോകത്തെ ആണവ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ ഏജന്‍സി വഹിക്കുന്ന പ്രധാന പങ്കില്‍ ഊന്നുന്ന വാര്‍ഷിക റിപോര്‍ട്ട്  സംബന്ധിച്ച നിലപാടും അദ്ദേഹം പങ്കുവച്ചു.
പ്രത്യേകിച്ച് വികസ്വര രാഷ്ട്രങ്ങളിലെ ആരോഗ്യം, ഭക്ഷ്യസുരക്ഷ, ഊര്‍ജം, പരിസ്ഥിതി തുടങ്ങിയ മേഖലകളിലെ ആണവോര്‍ജത്തിന്റെ സമാധാനപൂര്‍ണമായ ഉപയോഗത്തെ ഉറപ്പുവരുത്തുന്ന ഏജന്‍സിയുടെ ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക