|    Jan 23 Mon, 2017 8:29 pm
FLASH NEWS

ഇസ്ലാമോഫോബിയയും മോഡി കാര്‍ഡും ഫലിച്ചില്ല, ലണ്ടന്റെ ആദ്യ മുസ്ലീം മേയറായി സാദിഖ് ഖാന്‍

Published : 7th May 2016 | Posted By: G.A.G

sadik-khan

ലണ്ടന്‍: കടുത്ത വംശീയ-മതവിദേഷ പ്രചാരണങ്ങളെ അതിജീവിച്ച് ലണ്ടന്റെ ആദ്യ മുസ്‌ലിം മേയറായി പാക് വേരുകളുള്ള സാദിഖ് ഖാന്‍ തിരഞ്ഞെടുക്കപ്പെട്ടു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സാക്ക് ഗോള്‍ഡ്‌സ്മിത്തിനെ പരാജയപ്പെടുത്തിയാണ് ലേബര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായ, ഖാന്‍ ചരിത്ര നഗരത്തിന്റെ മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. എട്ടുവര്‍ഷം തുടര്‍ച്ചയായി ലണ്ടന്‍ ഭരിച്ച കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ കുത്തകയാണ് ഒരു ബസ് ഡ്രൈവറുടെ മകനായ സാദിഖ് ഖാന്‍ തകര്‍ത്തത്. എതിരാളികളില്‍ നിന്നുള്ള കടുത്ത വംശീയ-മതവിദേഷ പ്രചാരണങ്ങളെ അതിജീവിച്ചാണ് ഖാന്‍ തിരഞ്ഞെടുപ്പില്‍ വിജയം നേടിയത്. ഖാന്‍ തീവ്രവാദിയാണെന്ന് പോലും എതിരാളികളില്‍ പ്രചരിപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പില്‍, സാദിഖ് ഖാനെതിരെ ഹിന്ദു-സിഖ് വോട്ടുകള്‍ ധ്രുവീകരിക്കുക എന്ന ലക്ഷ്യത്തോടെ എതിരാളിയായ സാക് ഗോള്‍ഡ്‌സ്മിത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പേരും ഉപയോഗപ്പെടുത്തിയിരുന്നു. ബ്രിട്ടനിലെ ഇന്ത്യന്‍ വംശജരോടൊപ്പമാണ് താന്‍ എന്നായിരുന്നു ഗോള്‍ഡ്‌സ്മിതിന്റെ പ്രചാരണം. മോഡി കഴിഞ്ഞവര്‍ഷം ലണ്ടന്‍ സന്ദര്‍ശിച്ചപ്പോള്‍ സ്വീകരിക്കാന്‍ താനുണ്ടായിരുന്നുവെന്നും ദീപാവലി, നവരാത്രി, ജന്മാഷ്ടമി തുടങ്ങിയ ഹൈന്ദവ ആഘോഷങ്ങളില്‍ താന്‍ പങ്കാളിയാവാറുണ്ടെന്നുമൊക്കെ കോടീശ്വരനായ ഗോള്‍ഡ്‌സ്മിത് പ്രചരിപ്പിച്ചിരുന്നു.

LONDON-CAMPAIGN

ഗോള്‍ഡ്‌സ്മിത്ത് പ്രചാരണത്തിനിറക്കിയ പോസ്റ്ററുകളിലൊന്ന്

മോഡിയെ യുകെ സന്ദര്‍ശിക്കുന്നതില്‍ നിന്നും വിലക്കണമെന്ന് ആവശ്യപ്പെട്ട ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിനെ സാദിക് ഖാന്‍ പിന്തുണയ്ച്ചിരുന്നുവെന്നും മോഡിയെ സ്വാഗതം ചെയ്ത് ലണ്ടനില്‍ സംഘടിപ്പിച്ച ചടങ്ങില്‍ നിന്ന് വിട്ടുനിന്നുവെന്നും ഗോള്‍ഡ്‌സ്മിത് പ്രചാരണവേളയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ മോഡി കാര്‍ഡുള്‍പ്പടെയുള്ള പ്രചാരണതന്ത്രങ്ങളൊന്നും തന്നെ സാദിഖ് ഖാനെ പരാജയപ്പെടുത്താനായില്ല.
തന്നെ പോലെ ബസ് െ്രെഡവറുടെ മകന് ഈ സ്ഥാനത്ത് എത്താന്‍ കഴിയുമെന്ന് സ്വപ്‌നത്തില്‍ പോലും ചിന്തിച്ചിട്ടില്ലെന്നും താന്‍ എല്ലാ ലണ്ടന്‍കാരുടെയും മേയര്‍ ആയിരിക്കുമെന്നും തിരഞ്ഞെടുപ്പിന് ശേഷമുള്ള തന്റെ ആദ്യ പ്രസംഗത്തില്‍ ഖാന്‍ പറഞ്ഞു.
ഇന്ത്യാപാക് വിഭജനകാലത്താണ് സാദിഖ് അമ്മന്‍ ഖാന്റെ കുടുംബം ലണ്ടനിലേക്ക് കുടിയേറിയത്. ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നിയമത്തില്‍ ബിരുദമെടുത്ത സാദിഖ് ഖാന്‍ സോളിക്റ്ററായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സാദിഖ് ഖാന്‍ ലേബര്‍ പാര്‍ട്ടിയുടെ മുന്‍ എം പി ആയിരുന്നു. കൂടാതെ രണ്ടു തവണ മന്ത്രിയുമായിട്ടുണ്ട്. ഭാര്യ സാദിയാ ഖാന്‍. രണ്ടു മക്കളുണ്ട്.

 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3,045 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക