|    Nov 19 Sun, 2017 9:46 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഇസ്രായേല്‍ സേനയ്ക്കായി യുഎസ് 3,800 കോടി ഡോളര്‍ നല്‍കും

Published : 16th September 2016 | Posted By: SMR

വാഷിങ്ടണ്‍: ഇസ്രായേലിന് യുഎസ് 3,800 കോടി ഡോളറിന്റെ സൈനികസഹായം നല്‍കും. 10 വര്‍ഷത്തേക്കു സൈനികസഹകരണത്തിനുള്ള കരാറിലാണ് യുഎസും ഇസ്രായേലും ഒപ്പുവച്ചത്. യുഎസ് മറ്റൊരു രാജ്യവുമായുണ്ടാക്കുന്ന ഏറ്റവും കൂടിയ തുകയ്ക്കുള്ള കരാറാണിത്. 10 മാസം നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ കഴിഞ്ഞദിവസമാണ് ഇരുരാജ്യങ്ങളും സൈനികസഹകരണം സംബന്ധിച്ച ധാരണാപത്രത്തിലെത്തിയത്.
ഇസ്രായേലിന്റെ സുരക്ഷയില്‍ സുപ്രധാനമായ പങ്ക് വഹിക്കാന്‍ കരാറിനു കഴിയുമെന്ന കാര്യത്തില്‍ ഉറപ്പുള്ളതായി യുഎസ് പ്രസിഡന്റ് ബറാക് ഒബാമ പറഞ്ഞു. പ്രതിവര്‍ഷം 380 കോടി ഡോളര്‍ വീതമാണ് കരാര്‍ പ്രകാരം യുഎസില്‍ നിന്ന് ഇസ്രായേലിന് സഹായം ലഭിക്കുക. നേരത്തെ 2008ല്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ച കരാര്‍ പ്രകാരം യുഎസ് ഇസ്രായേലിന് പ്രതിവര്‍ഷം 310 കോടി ഡോളറിന്റെ സൈനിക സഹായം നല്‍കുന്നുണ്ട്. 2018ലാണ് ആ കരാറിന്റെ കാലാവധി അവസാനിക്കുക. യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ ഉഭയകക്ഷി സൈനികകരാറാണ് ഇപ്പോള്‍ ഒപ്പുവച്ചിരിക്കുന്നതെന്ന് ഒബാമ പ്രതികരിച്ചു. കഴിഞ്ഞവര്‍ഷം ഇസ്രായേലിന്റെ മിസൈല്‍ സംവിധാനങ്ങള്‍ക്കായി യുഎസ് 62 കോടി ഡോളറിന്റെ സഹായം നല്‍കിയിരുന്നു.
എന്തുകൊണ്ടാണ് യുഎസ് ഇസ്രായേലിന് നല്‍കുന്ന സഹായം വര്‍ധിപ്പിക്കുന്നതെന്നതിന് പ്രസിഡന്റ് ഒബാമ ഉത്തരം നല്‍കണമെന്നാണു കരാറിനെക്കുറിച്ച് രാഷ്ട്രീയ നിരീക്ഷകര്‍ പ്രതികരിച്ചത്. യുഎസ് സഹായം വര്‍ധിക്കുന്നതോടെ ഇസ്രായേലിന്റെ നയങ്ങള്‍ കൂടുതല്‍ രൂക്ഷമാവുമെന്നും അവര്‍ പറഞ്ഞു. യുഎസ് സഹായത്തിലെ ഒരു വലിയപങ്ക് ആഭ്യന്തരരംഗത്ത് ഇസ്രായേല്‍ ഉപയോഗിക്കുമെന്ന വ്യവസ്ഥയും കരാറിലുണ്ട്.
അധിനിവിഷ്ട ഫലസ്തീനില്‍ ഇസ്രായേല്‍ കുടിയേറ്റകേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതില്‍ ഒബാമ സര്‍ക്കാരില്‍ നിന്ന് എതിര്‍പ്പുകള്‍ ഉയര്‍ന്നതായുള്ള വാര്‍ത്തകള്‍ ഉയരുന്നതിനിടെയാണു പുതിയ കരാര്‍ നിലവില്‍വന്നത്. ഇസ്രായേല്‍ പ്രസിഡന്റ് നെതന്യാഹുവിന്റെ നയങ്ങള്‍ ഫലസ്തീനുമായുള്ള സമാധാന കരാര്‍ സംബന്ധിച്ച പ്രതീക്ഷകളെ ആശങ്കയിലാക്കുന്നതായി യുഎസ് സര്‍ക്കാര്‍ നേരത്തേ അഭിപ്രായപ്പെട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക