|    Jul 20 Thu, 2017 10:27 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ഇസ്രായേല്‍ പ്രതിഷേധം അറിയിച്ചു; ബഹിഷ്‌കരണ സമരത്തിന് ഖത്തര്‍ പിന്തുണ

Published : 5th August 2016 | Posted By: SMR

ദോഹ: അന്താരാഷ്ട്ര ഇസ്രായേല്‍ ബഹിഷ്‌കരണ സമര(ബിഡിഎസ്)ത്തിനു ഖത്തര്‍ നല്‍കുന്ന പിന്തുണയില്‍  ഇസ്രായേല്‍ സര്‍ക്കാര്‍ പ്രതിഷേധം അറിയിച്ചു. ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടി ലീഡറായ ജെറമി കോര്‍ബിന്റെ നേതൃത്വത്തില്‍ നടക്കുന്ന ബഹിഷ്‌കരണ സമരത്തിനാണ് ഖത്തര്‍ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ഇസ്രായേല്‍ നിക്ഷേപങ്ങള്‍ പിന്‍വലിക്കുക, ഇസ്രായേലിനെ അന്താരാഷ്ട്ര കോടതിയില്‍ വിചാരണ നടത്തുക, സാംസ്‌കാരികവും വ്യാപാരപരവുമായ ബഹിഷ്‌കരണം ഏര്‍പ്പെടുത്തുക തുടങ്ങിയ കാര്യങ്ങളാണ് ബിഡിഎസിലൂടെ ലക്ഷ്യമാക്കുന്നത്.
സമാധാന നടപടിക്കുള്ള മാതൃകാപരമായ നീക്കം ഇസ്രായേലിനെ ബഹിഷ്‌കരിക്കലാണെന്ന് വിശ്വസിക്കുന്നതിനാലാണ് ഇത്തരമൊരു സമരത്തിനു പിന്തുണ നല്‍കുന്നതെന്ന് കോര്‍ബിന്‍ വ്യക്തമാക്കി. കഴിഞ്ഞ ഒരു ദശകമായി ഇസ്രായേലിനെ പിശാചുവല്‍ക്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഈ കാംപയിന്‍ നടക്കുന്നതായി ഇസ്രായേല്‍ സര്‍ക്കാര്‍ കുറ്റപ്പെടുത്തി. ഖത്തറും കാംപയ്‌ന്റെ ഭാഗമായത് സമരത്തിനു അന്താരാഷ്ട്ര പ്രാധാന്യം കൈവരാന്‍ കാരണമായതായും ഇസ്രായേല്‍ അധികൃതര്‍ കുറ്റപ്പെടുത്തുന്നു.
തുനീസ്യയില്‍ നടക്കാനിരിക്കുന്ന ബിഡിഎസ് സമ്മേളനത്തിനു ഖത്തര്‍ സാമ്പത്തിക സഹായം നല്‍കുന്നതാണ് ഇസ്രായേലിനെ ഏറെ ചൊടിപ്പിച്ചിരിക്കുന്നത്. 171 ഫലസ്തീന്‍ സര്‍ക്കാരേതര സംഘടനകള്‍ ചേര്‍ന്ന് 2005 ജൂലൈയിലാണ് ബഹിഷ്‌കരണ കാംപയിനു തുടക്കമിട്ടിരുന്നത്. ആഗോള തലത്തില്‍ ഇസ്രായേലുമായി ബന്ധമുള്ള പല സംരംഭങ്ങളെയും സാമ്പത്തികമായി ബഹിഷ്‌കരിക്കുന്നതിന് ബിഡിഎസ് ഇടപെടല്‍ സഹായകമായിരുന്നു. യുകെ സുരക്ഷാ കമ്പനിയായ ജി4എസിലെ കോടികളുടെ ഓഹരി കുവൈത്ത് ഈയിടെ പിന്‍വലിച്ചത് ബിഡിഎസ് ഇടപെടല്‍ മൂലമാണ്. വെസ്റ്റ് ബാങ്കിലെ ചെക്ക് പോസ്റ്റുകളില്‍ കാവല്‍ നില്‍ക്കുന്നതും ഫലസ്തീന്‍കാരെ തടവില്‍ പാര്‍പ്പിച്ചിട്ടുള്ള ഇസ്രായേല്‍ ജയിലുകളില്‍ കാവല്‍ നില്‍ക്കുന്ന ജി 4 എസാണെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു ഇത്.
ഹമാസിനെ സഹായിക്കുന്നതിനെ ചൊല്ലി ഖത്തറുമായുള്ള ഇസ്രായേലിന്റെ ബന്ധം അടുത്ത കാലത്ത് വഷളായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക