|    Nov 15 Thu, 2018 10:22 am
FLASH NEWS
Home   >  Editpage  >  Editorial  >  

ഇസ്രായേല്‍ ജൂതരാഷ്ട്രമാവുമ്പോള്‍

Published : 23rd July 2018 | Posted By: kasim kzm

ഇസ്രായേലിനെ ജൂതരാഷ്ട്രമായി പ്രഖ്യാപിക്കുന്ന ദേശരാഷ്ട്ര നിയമത്തിന് ഇസ്രായേല്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കിയിരിക്കുന്നു. ഇസ്രായേല്‍ ജൂത ജനതയുടെ മാതൃഭൂമിയാണെന്നും രാജ്യത്ത് ദേശീയ സ്വയംനിര്‍ണയാവകാശം അവര്‍ക്കു മാത്രമായിരിക്കുമെന്നും വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമം ഭരണഘടനയുടെ അടിസ്ഥാനതത്ത്വങ്ങളില്‍ മുഖ്യമായിരിക്കും.
രാജ്യത്തിന്റെ തലസ്ഥാനം ഏകീകൃത, സമ്പൂര്‍ണ ജറുസലേം ആയിരിക്കുമെന്ന് പ്രഖ്യാപിക്കുന്ന ബില്ല്, ജൂതകുടിയേറ്റങ്ങളുടെ സ്ഥാപനവും ഏകോപനവും വര്‍ധിപ്പിക്കുന്നതിനും പ്രോല്‍സാഹിപ്പിക്കുന്നതിനും വ്യവസ്ഥ ചെയ്യുന്നു. ഇസ്രായേലിലെ 18 ലക്ഷം പൗരന്മാരുടെ മാതൃഭാഷയായ അറബിയെ ഔദ്യോഗിക ഭാഷാപദവിയില്‍ നിന്നു നീക്കിയ നിയമം ജൂതര്‍ക്ക് മാത്രമായുള്ള അവകാശങ്ങള്‍ നിയമപരമായി അനുവദിക്കുന്നു.
ജറുസലേം തര്‍ക്കപ്രദേശമാണ്. ഭാവിയില്‍ നിലവില്‍വരുന്ന തങ്ങളുടെ രാഷ്ട്രത്തിന്റെ തലസ്ഥാനമായാണ് കിഴക്കന്‍ ജറുസലേമിനെ ഫലസ്തീനികള്‍ കാണുന്നത്. നഗരത്തിനു മേലുള്ള ഇസ്രായേലിന്റെ അവകാശവാദം മുഖ്യ തര്‍ക്കവിഷയമായിരിക്കെ, ജറുസലേമിലുള്ള ഊന്നല്‍ മേഖലയില്‍ സമാധാനം സ്ഥാപിക്കുന്നതിനുള്ള ഏതൊരു പ്രക്രിയക്കും വെല്ലുവിളിയായിരിക്കും. ഏറെക്കാലമായി ഇസ്രായേലില്‍ അധികാരം കൈയാളുന്ന വലതുപക്ഷത്തിന്റെ രാഷ്ട്രീയവീക്ഷണം ഒട്ടും രഹസ്യമല്ല. ദേശീയ സ്വയംനിര്‍ണയാവകാശം യഹൂദര്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയും അറബ് ജനതയുടെ പദവി താഴ്ത്തിയും പുതിയ നിയമം നല്‍കുന്ന സന്ദേശവും വ്യക്തമാണ്.
ബില്ല് വന്‍ നേട്ടമാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അവകാശപ്പെടുമ്പോള്‍ അത് വംശീയമാണെന്നാണ് യുഎന്‍ അടക്കം ആക്ഷേപിക്കുന്നത്. തിരഞ്ഞെടുപ്പ് ജയിക്കാനായി കൊണ്ടുവന്ന നിയമം വംശീയവിദ്വേഷമാണ് പ്രതിഫലിപ്പിക്കുന്നതെന്ന കടുത്ത വിമര്‍ശനം പ്രതിപക്ഷവും ഉയര്‍ത്തുന്നു. പുതുതായി കൊണ്ടുവന്ന വ്യവസ്ഥകള്‍ ഇസ്രായേലില്‍ ന്യൂനപക്ഷങ്ങള്‍ക്ക് എതിരായ വിവേചനത്തെ സ്ഥാപനവല്‍ക്കരിക്കുന്നവയാണ്. അതു ഫലസ്തീന്‍ മേഖലകളിലെ അധിനിവേശം ശക്തമാക്കുകയും അധിനിവേശത്തിന് കീഴിലുള്ള ഫലസ്തീനികള്‍ക്ക് ലഭ്യമായ പരിമിത അവകാശങ്ങള്‍ പോലും എടുത്തുകളയുകയും ചെയ്യുന്നു.
രൂപീകൃതമായ കാലം മുതല്‍ ഇസ്രായേല്‍ മതേതര ജനാധിപത്യ രാഷ്ട്രമാണെന്നാണ് സയണിസ്റ്റുകള്‍ അവകാശപ്പെടാറുള്ളതെങ്കിലും അതൊരു പെരുംനുണയായിരുന്നു. രാജ്യത്തെ 20 ശതമാനം വരുന്ന ക്രൈസ്തവരും മുസ്‌ലിംകളും അടങ്ങുന്ന അറബ് ജനത അവസരങ്ങളിലും അവകാശങ്ങളിലും കടുത്ത വിവേചനമാണ് നേരിടുന്നത്. ലോകത്തെങ്ങുമുള്ള ഏത് യഹൂദനും ഇസ്രായേലിലെത്തിയാല്‍ പൗരനാവും. ദാവൂദിന്റെ നക്ഷത്രമുള്ളതാണ് പതാക; സയണുമായി ബന്ധപ്പെട്ടതാണ് ദേശീയഗാനം.
ഇസ്രായേലിലെ അറബ്‌വംശജര്‍ എന്നും രണ്ടാംകിട പൗരന്മാരായാണ് പരിഗണിക്കപ്പെട്ടുപോന്നത്. അവരുടെ വിദ്യാലയങ്ങളും ആരോഗ്യപരിചരണ സ്ഥാപനങ്ങളും റോഡുകളും അവഗണിക്കപ്പെട്ടു. ജീവിതം നയിക്കാനും സ്വത്ത് വാങ്ങുന്നതിനുമുള്ള സ്വാതന്ത്ര്യത്തിന് പരിധികളുണ്ട്. അതിനാല്‍ ഈ പുതിയ നിയമം ഇസ്രായേല്‍ ഒരു മതരാഷ്ട്രമാണെന്ന യാഥാര്‍ഥ്യത്തെ അടിവരയിടുകയാണ് ചെയ്യുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss