|    Apr 19 Thu, 2018 9:11 pm
FLASH NEWS
Home   >  News now   >  

ഇസ്രായേല്‍ ക്രൂരത തുറന്ന് കാട്ടി 10വയസ്സുകാരി ഫലസ്തീന്‍ ‘മാധ്യമപ്രവര്‍ത്തക’

Published : 1st May 2016 | Posted By: swapna en

12376212_930380453706567_8241500415413862221_n

നബീ സലേ്(വെസ്റ്റ് ബാങ്ക്):  ഇസ്രായേല്‍ ക്രൂരത ലോകത്തിന് മുന്നില്‍ തുറന്ന് കാട്ടി ഫലസ്തീനിലെ 10 വയസ്സുകാരി മാധ്യമ പ്രവര്‍ത്തക ജന്ന ജിഹാദ് . ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മാധ്യമ പ്രവര്‍ത്തക താനാണെന്ന് സ്വയം അവകാശപ്പെടുകയാണ് ഈ ക്യാമറ പോരാളി. ഇസ്രായേല്‍ ക്രൂരതയോട് താന്‍ പൊരുതുന്നത് ക്യാമറയിലൂടെയാണെന്നും തോക്കു കൊണ്ടല്ലെന്നും ജന്ന ജിഹാദ് അയാദ് എന്ന ഈ പെണ്‍കുട്ടി ലോകത്തോട് പറയുന്നു. അധിനിവേശ വെസ്റ്റ്ബാങ്കിലെ നബി സലേഹ് എന്ന പ്രദേശത്താണ് ജന്നയുടെ താമസം.

janna-3

ഇസ്രായേല്‍ അധിനിവേശത്തിനെതിരായ എല്ലാ പ്രതിഷേധ പ്രകടനങ്ങളിലും നിറ സാന്നിധ്യമാണ് ഈ കൊച്ചുമിടുക്കി. തന്റെ ഏഴാം വയസ്സുമുതലാണ് ജന്ന മാധ്യമ പ്രവര്‍ത്തക മേഖലയിലേക്ക് പ്രവേശിക്കുന്നത്. ഫലസ്തീനില്‍ അരങ്ങേറുന്ന ഇസ്രായേലിന്റെ കൊടും പീഡനങ്ങള്‍ ലോകത്തിന് മുന്നില്‍ കാണിക്കാന്‍ ഫലസ്തീനിലെ തന്നെ പല മാധ്യമ പ്രവര്‍ത്തകരും മടിക്കുന്ന അവസരത്തിലാണ് ജന്ന എന്ന ഒറ്റയാള്‍ പോരാളി ക്യാമറയുമായി യുദ്ധഭൂമികളിലേക്ക് ഇറങ്ങിയത്. ഫലസ്തീനില്‍ എന്തു നടക്കുന്നു എന്ന് തന്നിലൂടെ ലോകമറിയണമെന്ന് ജന്ന തീരുമാനിച്ചു. ഫലസ്തീനിലെ കാണാമറയത്തെ കാഴ്ചകള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കണമെന്നും ജന്ന മനസ്സിലുറപ്പിച്ചു. ജന്നയുടെ കുടുംബത്തില്‍ ആരും മാധ്യമപ്രവര്‍ത്തകരായിട്ടില്ല. ബിലാല്‍ തമീമി എന്ന ഫോട്ടോഗ്രാഫര്‍ ജന്നയുടെ അമ്മാവനാണ്.  ഇസ്രായേല്‍ അതിക്രമങ്ങളുടെ ഒരു ഡോക്യുമെന്ററി ബിലാല്‍ നിര്‍മ്മിച്ചിരുന്നു. ഇതു തന്നെയായിരുന്നു ജന്നയുടെ പ്രചോദനവും.
janna-4
ഞങ്ങളുടെ ഭൂമിയില്‍ നിന്ന് ഞങ്ങളെ പുറത്താക്കാന്‍ അവര്‍ നടത്തുന്ന അധിനിവേശം, പട്ടാളക്കാര്‍, പീരങ്കികള്‍, പോലീസ് ഇവയുടെ ചിത്രം താന്‍ ലോകത്തിന് മുന്നില്‍ എത്തിക്കുകയാണ് ചെയ്യുന്നതെന്ന് ജന്നാ ജിഹാദ് അല്‍ ജസീറാ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. തന്റെ അമ്മാവനായ റുഷ്ദി തമീമി, മറ്റൊരു ബന്ധുവായ മുസ്തഫാ തമീമി എന്നിവരുടെ കൊലപാതകവും ജന്നയെ ഈ മേഖലയിലേക്ക് എത്തിക്കുകയായിരുന്നു. ഒരാള്‍ ഇസ്രായേല്‍ നടത്തിയ സ്‌ഫോടനത്തിലും മറ്റൊരാള്‍ ഇസ്രായേല്‍ നടത്തിയ വെടിവയ്പ്പിലുമാണ് കൊല്ലപ്പെട്ടത്. തന്റെ കണ്ണ് മുന്നില്‍ കണ്ട കൊലപാതകങ്ങളും ജന്നയെ ഇസ്രായേലിന്റെ കഴുക മുഖത്തെ പുറം ലോകത്തിന് കാണിച്ചു കൊടുക്കാന്‍ പ്രചോദിപ്പിച്ചു.
janna-1
തന്റെ മാതാവിന്റെ ഐഫോണിലൂടെയാണ് ജന്ന വീഡിയോകള്‍ എടുത്തിരുന്നത്. ജെറുസലേം, ഹെബ്രോണ്‍, നബലസ്, ജോര്‍ദ്ദാന്‍ എന്നിവടങ്ങളില്‍ കുടുംബത്തോടൊപ്പവും സുഹൃത്തുക്കളോടൊപ്പവും സഞ്ചരിച്ചാണ് ജന്ന വീഡിയോകള്‍ ഷൂട്ട് ചെയ്തിരുന്നത്. ഇസ്രായേലിനെതിരേ പ്രതിഷേധിക്കുന്ന കൊച്ചുകുട്ടികളെയും അല്ലാത്തവരെയും ചെക്ക് പോയിന്റുകളിലും മറ്റും വച്ച് കസ്റ്റഡിയിലെടുക്കുന്നതും ഉപദ്രവിക്കുന്നതും വെടിവയ്ക്കുന്നതുമെല്ലാം ജന്നയുടെ വീഡിയോകളിലെ കാഴ്ചകളാണ്.
janna-5
കൊച്ചുകുട്ടിയായത് തനിക്ക് ഒരുതരത്തില്‍ അനുഗ്രഹമാണെന്ന് ജന്ന പറയുന്നു. ഫലസ്തീനിലെ മറ്റു  മാധ്യമപ്രവര്‍ത്തകരെ ഇസ്രായേല്‍ സൈന്യം പിടികൂടാറുണ്ട്. അവരുടെ ക്യാമറുകളും മറ്റും കരസ്ഥമാക്കുകയും പീഡിപ്പിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ കുട്ടിയെന്ന പരിഗണനയിലൂടെ തനിക്ക് ഈ ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടതില്ലെന്നും ജന്ന ചൂണ്ടികാട്ടുന്നു.
ജന്നയുടെ ഫെയ്‌സ്ബുക്കിലെ പ്രൊഫൈലില്‍ ന്യൂസ് പേഴ്‌സണാലിറ്റി എന്നാണ് നല്‍കിയിരിക്കുന്നത്. തന്റെ റിപ്പോര്‍ട്ടുകളും വീഡിയോകളും ജന്ന ഫെയ്‌സ്ബുക്കിലെ തന്റെ പേജില്‍ പോസ്റ്റ് ചെയ്യാറുണ്ട്. പല ന്യൂസ് ഏജന്‍സികള്‍ക്കും ഷെയര്‍ ചെയ്യാറുമുണ്ട്. അറബിക്കിലും ഇംഗ്ലീഷിലും തന്റെ റിപ്പോര്‍ട്ട് നല്‍കാറുണ്ട്. ജന്നയ്ക്ക് ഫെയ്‌സ്ബുക്കില്‍ 23,000ത്തിലധികം ഫോളോവേഴ്‌സുണ്ട്. ജന്ന പോസ്റ്റ് ചെയ്ത വീഡിയോകളും ചിത്രങ്ങളും ഇതില്‍ കാണാം.

ജന്ന പറയുന്നു എന്റെ തോക്കാണ് എന്റെ ക്യാമറ.തോക്കിനേക്കാള്‍ മൂര്‍ച്ച തന്റെ ക്യാമറയ്ക്കാണ്. ഒരു ചെറിയ വിഭാഗത്തിന് താന്‍ സന്ദേശം നല്‍കി. അവര്‍ ആ സന്ദേശം ലോകം മുഴുവന്‍ എത്തിക്കുന്നു. തന്റെ മകളെക്കുറിച്ച് അഭിമാനം ഉണ്ടെന്ന് പറയുന്ന ജന്നയുടെ മാതാവിനെ മകളെക്കുറിച്ച് ഭയവുമുണ്ട്. തന്റെ മകളെ ഇസ്രായേല്‍ സൈന്യം വധിക്കുമോ എന്നും ഈ മാതാവ് ഭയക്കുന്നു.  അമ്മാവനും ജന്നയുടെ ജോലിയെ അഭിനന്ദിക്കുന്നു. നമ്മുടെ കുട്ടികളെ ഒരിക്കലും നിശബ്ദരാക്കരുതെന്നും സ്വാതന്ത്ര്യത്തിനു വേണ്ടി അവര്‍ പൊരുതണമെന്നും അമ്മാവനായ ബിലാല്‍ പറയുന്നു.
ഈ മാസം 10 വയസ്സു തികയുന്ന ജന്നയ്ക്ക് വലുതായാല്‍ സിഎന്‍എന്‍, ഫോക്‌സ് ന്യൂസ് എന്നിവയിലേതെങ്കിലും മാധ്യമ പ്രവര്‍ത്തകയായി ജോലി ചെയ്യണമെന്നാണ് ആഗ്രഹം. ഈ രണ്ടു ചാനലുകളും ഫലസ്തീന്‍ വാര്‍ത്തകള്‍ ലോകത്തിന് മുന്നില്‍ എത്തിക്കുന്നില്ലെന്നും ജന്ന ആരോപിക്കുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss